Instagram
English
A A A A A

പാപങ്ങൾ: [ആഹ്ലാദം]
൧ കൊരിന്ത്യർ ൬:൧൨
“എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാല്‍ എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍ ഞാന്‍ ഒന്നിന്‍റെയും അടിമയാകുകയില്ല.”

൧ കൊരിന്ത്യർ ൧൦:൭
***

൧ കൊരിന്ത്യർ ൧൫:൩൨
എഫെസൊസില്‍വച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോള്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കില്‍ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.”

ആവർത്തനപുസ്തകം ൨൧:൨൦
“ഞങ്ങളുടെ ഈ മകന്‍ ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയും ആണ്; ഇവന്‍ ഞങ്ങളെ അനുസരിക്കാത്തവനും ഭോജനപ്രിയനും മദ്യപനുമാണ്.”

എസേക്കിയൽ ൧൬:൪൯
നിന്‍റെ സഹോദരിയായ സൊദോമിന്‍റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ധനരെയും അഗതികളെയും സഹായിച്ചില്ല.

ഉൽപത്തി ൩:൬
ആ വൃക്ഷത്തിന്‍റെ ഫലം സ്വാദുള്ളതും ഭംഗിയുള്ളതും ജ്ഞാനപ്രാപ്തിക്ക് അഭികാമ്യവും എന്നു കരുതി സ്‍ത്രീ ഫലം പറിച്ചുതിന്നു, ഭര്‍ത്താവിനും കൊടുത്തു; അയാളും ഭക്ഷിച്ചു.

ഫിലിപ്പിയർ ൩:൧൯
അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവര്‍ ചിന്തിക്കുന്നു.

സുഭാഷിതങ്ങൾ 23:2
ഭോജനപ്രിയനെങ്കില്‍ നിയന്ത്രണം പാലിക്കുക,

സുഭാഷിതങ്ങൾ 23:21
മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും; അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും.

സുഭാഷിതങ്ങൾ ൨൮:൭
ധര്‍മശാസ്ത്രം പാലിക്കുന്നവന്‍ ബുദ്ധിയുള്ള മകനാണ്; തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു.

സങ്കീർത്തനങ്ങൾ ൧൧൯:൭൦
അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നു.

റോമർ ൧൩:൧൪
കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ ധരിച്ചുകൊള്ളുക. മോഹങ്ങള്‍ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.

ടൈറ്റസ് ൧:൧൨
“ക്രീറ്റിലുള്ളവര്‍ അസത്യം പറയുന്നവരും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും ആണ്” എന്ന് അവരിലൊരാള്‍, ഒരു പ്രവാചകന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

സുഭാഷിതങ്ങൾ ൨൩:൨൦-൨൧
[൨൦] നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയില്‍ കഴിയരുത്.[൨൧] മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും; അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും.

൧ കൊരിന്ത്യർ ൬:൧൯-൨൦
[൧൯] ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്.[൨൦] ദൈവം നിങ്ങളെ വിലയ്‍ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക.

സങ്കീർത്തനങ്ങൾ ൧൧൫:൪-൮
[൪] അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും കൊണ്ടു നിര്‍മ്മിച്ചവ. മനുഷ്യന്‍റെ കരവേല![൫] അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല.[൬] കാതുണ്ടെങ്കിലും കേള്‍ക്കുന്നില്ല. മൂക്കുണ്ടെങ്കിലും മണത്തറിയുന്നില്ല.[൭] അവയ്‍ക്കു കൈയുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല, കാലുണ്ടെങ്കിലും നടക്കുന്നില്ല. അവയുടെ കണ്ഠത്തില്‍നിന്ന് ഒരു സ്വരവും പുറപ്പെടുന്നുമില്ല.[൮] അവയെ നിര്‍മ്മിക്കുന്നവന്‍ അവയെപ്പോലെ തന്നെ. അവയില്‍ ആശ്രയിക്കുന്നവരും അങ്ങനെ തന്നെ.

റോമർ ൧൪:൧൩-൧൭
[൧൩] അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്‍റെ സഹോദരന്‍ ഇടറി വീഴുന്നതിനോ, പാപത്തില്‍ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്.[൧൪] ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കര്‍ത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാല്‍ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവന്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് അവന് അശുദ്ധമായിത്തീരുന്നു.[൧൫] ഏതെങ്കിലും ആഹാരസാധനം നിമിത്തം നിന്‍റെ സഹോദരന്‍റെ മനസ്സിനു ക്ഷതമുണ്ടാകുന്നെങ്കില്‍ നീ സ്നേഹപൂര്‍വമല്ല പ്രവര്‍ത്തിക്കുന്നത്. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അവന്‍ നിന്‍റെ ഭക്ഷണം നിമിത്തം നശിക്കുവാന്‍ ഇടയാകരുത്.[൧൬] നിങ്ങള്‍ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാന്‍ ഇടയാകരുത്.[൧൭] എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്‍റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്‌കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു.

സങ്കീർത്തനങ്ങൾ ൭൮:൨൬-൩൧
[൨൬] അവിടുന്ന് ആകാശത്ത് കിഴക്കന്‍ കാറ്റടിപ്പിച്ചു, തന്‍റെ ശക്തിയാല്‍ അവിടുന്നു തെക്കന്‍ കാറ്റിനെ ഇളക്കിവിട്ടു.[൨൭] അവിടുന്നു പൂഴിപോലെ കണക്കില്ലാതെ മാംസവും കടല്‍പ്പുറത്തെ മണല്‍ത്തരിപോലെ പക്ഷികളെയും വര്‍ഷിച്ചു.[൨൮] അവിടുന്ന് അവയെ അവരുടെ പാളയത്തിന്‍റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റും വര്‍ഷിച്ചു.[൨൯] അങ്ങനെ മാംസം ഭക്ഷിച്ച് അവരുടെ വയര്‍ നിറഞ്ഞു. അവര്‍ കൊതിച്ചത് അവിടുന്ന് അവര്‍ക്കു നല്‌കി.[൩൦] എങ്കിലും അവരുടെ കൊതിക്കു മതിവരും മുമ്പേ, ഭക്ഷണം വായിലിരിക്കുമ്പോള്‍തന്നെ,[൩൧] ദൈവം അവരോടു കോപിച്ചു. അവിടുന്ന് അവരിലെ കരുത്തന്മാരെ സംഹരിച്ചു. ഇസ്രായേലിലെ ഏറ്റവും മികച്ച യുവാക്കളെ തന്നെ.

൨ തിമൊഥെയൊസ് ൩:൧-൯
[൧] അന്ത്യനാളുകളില്‍ ദുര്‍ഘട സമയങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക.[൨] മനുഷ്യര്‍ സ്വാര്‍ഥപ്രിയരും ദ്രവ്യാഗ്രഹികളും ഗര്‍വിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്നരും[൩] ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുര്‍വൃത്തരും[൪] ക്രൂരന്മാരും സദ്ഗുണ വിദ്വേഷികളും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തകൊണ്ടു ഞെളിയുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിലുപരി ഭോഗപ്രിയരായി ജീവിക്കുന്നവരും ആയിരിക്കും.[൫] അവര്‍ മതത്തിന്‍റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുന്നെങ്കിലും അതിന്‍റെ ചൈതന്യത്തെ നിഷേധിക്കുന്നു. ഇങ്ങനെയുള്ളവരില്‍നിന്ന് അകന്നു നില്‌ക്കുക.[൬] [6,7] അവരില്‍ ചിലര്‍ വീടുകളില്‍ കയറി സ്‍ത്രീകളെ വശീകരിക്കുന്നു. ദുര്‍ബലരും പാപഭാരം ചുമക്കുന്നവരും എല്ലാവിധ മോഹങ്ങള്‍ക്കും അധീനരുമായ ആ സ്‍ത്രീകള്‍ ആരു പറയുന്നതും കേള്‍ക്കും. പക്ഷേ, സത്യം ഗ്രഹിക്കുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല.[൭] ***[൮] യന്നേസും യംബ്രേസും മോശയോട് എതിര്‍ത്തു നിന്നതുപോലെ, ഈ മനുഷ്യരും സത്യത്തെ എതിര്‍ക്കുന്നു. അവര്‍ വിവേകശൂന്യരും കപടവിശ്വാസമുള്ളവരും ആണ്.[൯] എന്നാല്‍ അവര്‍ വളരെ മുന്നേറുകയില്ല. മേല്പറഞ്ഞവരുടെ ബുദ്ധിശൂന്യതപോലെ, അവരുടെ ബുദ്ധിശൂന്യതയും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

സംഖ്യാപുസ്തകം ൧൧:൧൮-൩൪
[൧൮] ജനത്തോടു പറയുക, ‘ഈജിപ്തില്‍ ഞങ്ങള്‍ക്കു സുഭിക്ഷമായിരുന്നു; ആരു ഞങ്ങള്‍ക്ക് ഇവിടെ മാംസം തരും’ എന്നു പറഞ്ഞു നിങ്ങള്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ വിലപിച്ചുവല്ലോ. നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; അവിടുന്നു നിങ്ങള്‍ക്കു മാംസം തരും. നിങ്ങള്‍ അത് ഭക്ഷിക്കും.[൧൯] ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്നത്;[൨൦] നിങ്ങളുടെ മൂക്കില്‍ക്കൂടി അതു പുറത്തുവന്ന് നിങ്ങള്‍ക്ക് മനംമടുക്കുന്നതുവരെ ഒരു മാസം മുഴുവന്‍ നിങ്ങള്‍ അതു ഭക്ഷിക്കും; കാരണം നിങ്ങളുടെ മധ്യേ വസിക്കുന്ന സര്‍വേശ്വരനെ നിങ്ങള്‍ ഉപേക്ഷിച്ച് ഈജിപ്തില്‍നിന്ന് എന്തിന് ഞങ്ങളെ പുറപ്പെടുവിച്ചു എന്നു പറഞ്ഞ് അവിടുത്തെ മുമ്പില്‍ വിലപിച്ചുവല്ലോ.”[൨൧] മോശ സര്‍വേശ്വരനോട് ഉണര്‍ത്തിച്ചു: “എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കള്‍ തന്നെയുണ്ട്. ഒരു മാസം മുഴുവന്‍ ഭക്ഷിക്കുന്നതിനുള്ള മാംസം നല്‌കുമെന്ന് അങ്ങു പറയുന്നു.[൨൨] അവര്‍ക്കു തൃപ്തിയാകുവോളം മാംസം ലഭിക്കാന്‍ വേണ്ടത്ര ആടുമാടുകളെ അവിടുന്നു കൊല്ലുമോ? അവര്‍ക്കു തൃപ്തിയാകുവോളം നല്‌കുന്നതിനുവേണ്ടി സമുദ്രത്തില്‍നിന്നു മത്സ്യങ്ങളെയെല്ലാം പിടിച്ചു കൂട്ടുമോ?”[൨൩] സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “സര്‍വേശ്വരന്‍റെ കരങ്ങളുടെ ശക്തി കുറഞ്ഞു പോയോ? ഞാന്‍ കല്പിച്ചതു നിറവേറുമോ ഇല്ലയോ എന്ന് ഉടനെ നിനക്കു കാണാം.”[൨൪] മോശ പുറത്തു വന്നു സര്‍വേശ്വരന്‍റെ വാക്കുകള്‍ ജനത്തോടു പറഞ്ഞു. നേതാക്കളായ എഴുപതു പേരെ വിളിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിര്‍ത്തി.[൨൫] അപ്പോള്‍ സര്‍വേശ്വരന്‍ മേഘത്തില്‍ ഇറങ്ങി വന്നു മോശയോടു സംസാരിച്ചു. അദ്ദേഹത്തിനു പകര്‍ന്നിരുന്ന ചൈതന്യത്തില്‍ കുറെയെടുത്തു ജനനേതാക്കളുടെമേല്‍ പകരുകയും ചെയ്തു. ചൈതന്യം അവരുടെമേല്‍ വന്നപ്പോള്‍ അവര്‍ പ്രവചിച്ചു തുടങ്ങി. എന്നാല്‍ പിന്നീടവര്‍ പ്രവചിച്ചില്ല.[൨൬] നേതാക്കന്മാരില്‍ രണ്ടുപേരായ എല്‍ദാദും മേദാദും പാളയത്തില്‍ത്തന്നെ പാര്‍ത്തിരുന്നു; ചൈതന്യം അവരുടെമേലും ആവസിച്ചു; അവരുടെ പേരു പട്ടികയില്‍ ചേര്‍ത്തിരുന്നെങ്കിലും അവര്‍ കൂടാരത്തിന്‍റെ സമീപത്തേക്കു പോയില്ല. അവര്‍ പാളയത്തില്‍വച്ചുതന്നെ പ്രവചിച്ചു.[൨൭] എല്‍ദാദും മേദാദും പാളയത്തില്‍ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ഒരു യുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.[൨൮] ഇതു കേട്ട് നൂനിന്‍റെ പുത്രനും ബാല്യംമുതല്‍ക്കേ മോശയുടെ ശുശ്രൂഷകനുമായിരുന്ന യോശുവ പറഞ്ഞു: “എന്‍റെ യജമാനനേ, അവരെ വിലക്കുക.”[൨൯] മോശ പ്രതിവചിച്ചു: “എന്‍റെ കാര്യത്തില്‍ നീ അസൂയപ്പെടുന്നോ? സര്‍വേശ്വരന്‍റെ ചൈതന്യം എല്ലാവരുടെയുംമേല്‍ വരികയും അവരെല്ലാം സര്‍വേശ്വരന്‍റെ പ്രവാചകരാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.”[൩൦] മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു തിരിച്ചുപോയി.[൩൧] സര്‍വേശ്വരന്‍ ഒരു കാറ്റടിപ്പിച്ചു കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു; പാളയത്തിനു നാലു ചുറ്റും, ഒരു ദിവസത്തെ വഴി ദൂരത്തില്‍, ഏകദേശം രണ്ടു മുഴം ഉയരത്തില്‍ അവ പറന്നുനിന്നു.[൩൨] അന്നു പകലും രാത്രിയും പിറ്റന്നാള്‍ മുഴുവനും അവര്‍ കാടപ്പക്ഷികളെ പിടിച്ചുകൂട്ടി. അവരില്‍ ആരുടെയും ശേഖരം പത്തു പറയില്‍ കുറവായിരുന്നില്ല. അവര്‍ അവയെ ഉണങ്ങാന്‍വേണ്ടി പാളയത്തിനു ചുറ്റും നിരത്തി.[൩൩] എന്നാല്‍ അവര്‍ മാംസം ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സര്‍വേശ്വരന്‍റെ കോപം ജനത്തിനു നേരേ ജ്വലിച്ചു; അവരുടെമേല്‍ അവിടുന്നു ഭയങ്കരമായ ഒരു ബാധ വരുത്തി അവരെ സംഹരിച്ചു.[൩൪] ദുരാഗ്രഹികളുടെ ഒരു കൂട്ടത്തെ അവിടെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത് - ഹത്താവ എന്നു പേരിട്ടു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India