A A A A A

ജീവിതം: [വേദന]


ജെറേമിയ ൨൯:൧൧
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

സങ്കീർത്തനങ്ങൾ ൩൪:൧൮
ഹൃദയം തകര്‍ന്നവര്‍ക്ക് അവിടുന്നു സമീപസ്ഥന്‍; മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ ൧൪൭:൩
മനം തകര്‍ന്നവര്‍ക്ക് അവിടുന്നു സൗഖ്യം നല്‌കുന്നു. അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു.

വെളിപ്പെടുന്ന ൨൧:൪
അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.”

മത്തായി ൪:൨൩-൨൫
[൨൩] യേശു സുനഗോഗുകളില്‍ പഠിപ്പിക്കുകയും രാജ്യത്തിന്‍റെ സദ്‍വാര്‍ത്ത പ്രസംഗിക്കുകയും ജനങ്ങളുടെ സകല രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗലീലയിലെങ്ങും ചുറ്റി സഞ്ചരിച്ചു.[൨൪] അവിടുത്തെ കീര്‍ത്തി സിറിയയിലെങ്ങും പരന്നു. പലതരത്തിലുള്ള രോഗപീഡിതരും വേദനപ്പെടുന്നവരും ഭൂതാവിഷ്ടരും അപസ്മാരരോഗികളും തളര്‍വാതം പിടിപെട്ടവരുമായ എല്ലാ രോഗികളെയും യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തുകയും ചെയ്തു.[൨൫] ഗലീല, ദക്കപ്പൊലി, യെരൂശലേം, യെഹൂദ്യ എന്നീ സ്ഥലങ്ങളില്‍നിന്നും യോര്‍ദ്ദാന്‍റെ കിഴക്കേ കരയില്‍നിന്നും വന്ന ഒരു വലിയ ജനാവലി അവിടുത്തെ അനുഗമിച്ചു.

സങ്കീർത്തനങ്ങൾ 23:1-6
[1] ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍ എന്‍റെ ഇടയന്‍; എനിക്ക് ഒരു കുറവും വരികയില്ല.[2] പച്ചപ്പുല്‍പ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.[3] അവിടുന്ന് എനിക്കു നവോന്മേഷം നല്‌കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം അവിടുന്ന് എന്നെ നേര്‍വഴികളില്‍ നയിക്കുന്നു.[4] കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാന്‍ ഭയപ്പെടുകയില്ല; അവിടുന്ന് എന്‍റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.[5] എന്‍റെ ശത്രുക്കള്‍ ലജ്ജിക്കുംവിധം അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം നിറഞ്ഞു കവിയുന്നു.[6] അവിടുത്തെ നന്മയും കരുണയും ആയുഷ്കാലം മുഴുവന്‍ എന്നെ പിന്തുടരും; സര്‍വേശ്വരന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

൨ കൊരിന്ത്യർ 1:3-8
[3] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സര്‍വസമാശ്വാസത്തിന്‍റെയും ഉറവിടവുമാകുന്നു.[4] ദൈവത്തില്‍നിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു.[5] ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളില്‍ നാം ധാരാളമായി പങ്കു ചേരുന്നതുപോലെ തന്നെ, ക്രിസ്തു മുഖേനയുള്ള ആശ്വാസത്തിലും നാം സമൃദ്ധമായി പങ്കുകൊള്ളുന്നു.[6] ഞങ്ങള്‍ ക്ലേശങ്ങള്‍ സഹിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്‍ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ നിങ്ങളും ആശ്വസിക്കപ്പെടും; ഈ ആശ്വാസം, ഞങ്ങള്‍ സഹിക്കുന്ന അതേ കഷ്ടതകള്‍ ക്ഷമയോടെ സഹിക്കുന്നതിനുള്ള ശക്തിയും നിങ്ങള്‍ക്കു നല്‌കും.[7] ഞങ്ങളുടെ കഷ്ടതകളില്‍ നിങ്ങള്‍ പങ്കാളികളായിരിക്കുന്നതുപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങള്‍ ഓഹരിക്കാരാകുന്നു എന്നറിയുന്നതുകൊണ്ടു ഞങ്ങള്‍ക്കു നിങ്ങളിലുള്ള പ്രത്യാശ അടിയുറച്ചതാണ്.[8] സഹോദരരേ, ഏഷ്യാദേശത്തു ഞങ്ങള്‍ക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങളെ അറിയിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ജീവനോടെ ശേഷിക്കുമെന്ന് ഓര്‍ത്തതല്ല; അത്ര കഠിനവും ഭാരമേറിയതുമായിരുന്നു ഞങ്ങള്‍ക്കു വഹിക്കേണ്ടിവന്ന ക്ലേശങ്ങള്‍.

൧ പത്രോസ് 4:12-19
[12] പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂര്‍വ കാര്യം എന്നു കരുതി വിസ്മയിക്കരുത്.[13] ക്രിസ്തുവിന്‍റെ പീഡനങ്ങളില്‍ പങ്കാളികളാകുന്തോറും നിങ്ങള്‍ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ നിങ്ങള്‍ ആനന്ദിച്ച് ഉല്ലസിക്കുവാന്‍ ഇടവരും.[14] ക്രിസ്തുവിന്‍റെ നാമം നിമിത്തം നിങ്ങള്‍ നിന്ദിക്കപ്പെടുന്നുവെങ്കില്‍, നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കാരണം, മഹത്ത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടേമേല്‍ ആവസിക്കുന്നു.[15] കൊലപാതകിയോ, മോഷ്ടാവോ, ദുര്‍വൃത്തനോ, കലഹക്കാരനോ ആയി നിങ്ങളില്‍ ആരും പീഡനം സഹിക്കുവാന്‍ ഇടയാകരുത്.[16] പ്രത്യുത ക്രിസ്ത്യാനി എന്ന നിലയില്‍ പീഡനം സഹിക്കുന്നുവെങ്കില്‍ അവനു ലജ്ജിക്കേണ്ടതില്ല. ക്രിസ്തുവിന്‍റെ നാമം ധരിച്ചുകൊണ്ട് അവന്‍ ദൈവത്തെ പ്രകീര്‍ത്തിക്കട്ടെ.[17] ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു. അതു നമ്മില്‍ ആരംഭിക്കുന്നെങ്കില്‍, ദൈവത്തിന്‍റെ സുവാര്‍ത്ത നിഷേധിക്കുന്നവരുടെ ഗതി എന്തായിരിക്കും?[18] നീതിമാന്‍പോലും രക്ഷപ്രാപിക്കുന്നത് വിഷമിച്ചാണെങ്കില്‍, അഭക്തന്‍റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും?[19] അതുകൊണ്ട് ദൈവഹിതപ്രകാരം കഷ്ടത സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സ്രഷ്ടാവിനെ ഭരമേല്പിക്കട്ടെ.

ജോൺ 16:16-24
[16] “ഇനി അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും.”[17] അപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: “അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല, പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും എന്നും എന്‍റെ പിതാവിന്‍റെ അടുക്കല്‍ ഞാന്‍ പോകുന്നു എന്നും അവിടുന്നു പറഞ്ഞതിന്‍റെ അര്‍ഥമെന്താണ്?[18] അല്പസമയം എന്ന് അവിടുന്നു പറഞ്ഞതിന്‍റെ സാരം എന്തായിരിക്കും? അവിടുന്നു പറയുന്നതിന്‍റെ അര്‍ഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ!”[19] ഇതേപ്പറ്റി തന്നോടു ചോദിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇനി അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം എന്താണെന്നുള്ളതിനെക്കുറിച്ചാണോ നിങ്ങള്‍ അന്യോന്യം ചോദിക്കുന്നത്?[20] ഞാന്‍ ഉറപ്പിച്ചു പറയുന്നു; നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; ലോകമാകട്ടെ സന്തോഷിക്കും. നിങ്ങള്‍ ദുഃഖിക്കുമെങ്കില്‍ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.[21] സ്‍ത്രീക്കു പ്രസവസമയത്തു വേദനയുണ്ട്. എന്നാല്‍ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്നതുമൂലമുള്ള സന്തോഷത്താല്‍ പിന്നീട് തന്‍റെ വേദനയെക്കുറിച്ച് അവള്‍ ഓര്‍മിക്കുന്നില്ല.[22] അതുപോലെ ഇപ്പോള്‍ നിങ്ങള്‍ക്കു വ്യാകുലതയുണ്ട്; എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ ആനന്ദിക്കും. ആ ആനന്ദം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല.[23] “ആ ദിവസം വരുമ്പോള്‍ നിങ്ങള്‍ ഒന്നും എന്നോടു ചോദിക്കുകയില്ല. നിങ്ങള്‍ പിതാവിനോട് എന്ത് അപേക്ഷിച്ചാലും അവിടുന്ന് എന്‍റെ നാമത്തില്‍ അതു നിങ്ങള്‍ക്കു നല്‌കും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.[24] ഇതുവരെ നിങ്ങള്‍ ഒന്നും എന്‍റെ നാമത്തില്‍ അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും. അങ്ങനെ നിങ്ങളുടെ ആനന്ദം സമ്പൂര്‍ണമാകും.

ഹെബ്രായർ 12:1-11
[1] സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സകല ഭാരങ്ങളും നമ്മെ മുറുകെപ്പിടിക്കുന്ന പാപവും പരിത്യജിച്ച് സ്ഥിരനിശ്ചയത്തോടെ നമ്മുടെ മുമ്പില്‍ ഉള്ള മത്സരയോട്ടം ഓടാം.[2] നമ്മുടെ വിശ്വാസത്തിന്‍റെ ആദികാരണനും അതിന്‍റെ പൂരകനുമായ യേശുവില്‍ നമ്മുടെ ദൃഷ്‍ടി ഉറപ്പിക്കുക. തനിക്കു വരുവാനിരിക്കുന്ന സന്തോഷം ഓര്‍ത്ത് അവിടുന്ന് അപമാനം അവഗണിച്ചുകൊണ്ട് കുരിശില്‍ മരിച്ച് ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.[3] നിങ്ങള്‍ ദുര്‍ബലഹൃദയരായി തളര്‍ന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിര്‍പ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓര്‍ത്തുകൊള്ളുക.[4] പാപത്തോടുള്ള പോരാട്ടത്തില്‍ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങള്‍ എതിര്‍ത്തുനിന്നിട്ടില്ലല്ലോ.[5] മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുള്‍ചെയ്തിട്ടുള്ള പ്രബോധനം നിങ്ങള്‍ മറന്നുപോയോ? എന്‍റെ മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്; അവിടുന്ന് നിന്നെ ശാസിക്കുമ്പോള്‍ അധൈര്യപ്പെടുകയുമരുത്.[6] താന്‍ സ്നേഹിക്കുന്നവരെ അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു. താന്‍ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു.[7] നിങ്ങള്‍ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ?[8] എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മക്കളല്ല, ജാരസന്തതികളത്രേ.[9] നമ്മെ ശിക്ഷണത്തില്‍ വളര്‍ത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ സ്വര്‍ഗീയ പിതാവിന് അതിനെക്കാള്‍ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്.[10] ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്‍റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു.[11] ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.

റോമർ 8:18-28
[18] നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താല്‍ ഇപ്പോഴുള്ള കഷ്ടതകള്‍ ഏറ്റവും നിസ്സാരമെന്നു ഞാന്‍ കരുതുന്നു.[19] ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു.[20] സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാല്‍ത്തന്നെ, സൃഷ്‍ടി വ്യര്‍ഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു.[21] എന്നിരുന്നാലും സൃഷ്‍ടിതന്നെ നശ്വരതയുടെ അടിമത്തത്തില്‍നിന്ന് ഒരിക്കല്‍ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തില്‍ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു.[22] അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ.[23] സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്‍റെ വരദാനങ്ങളില്‍ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവില്‍ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്‍റെ പുത്രന്മാരാക്കുന്നതിനും പൂര്‍ണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ.[24] ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കില്‍, ആ പ്രത്യാശ യഥാര്‍ഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്?[25] എന്നാല്‍ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കില്‍ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു.[26] അതുപോലെതന്നെ, നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാര്‍ഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകള്‍ കൂടാതെയുള്ള ഞരക്കത്താല്‍ നമുക്കുവേണ്ടി ദൈവത്തിന്‍റെ അടുക്കല്‍ നിവേദനം നടത്തുന്നു.[27] ദൈവത്തിന്‍റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയില്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ കാണുന്നവനായ ദൈവം ആത്മാവിന്‍റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു.[28] ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.

സങ്കീർത്തനങ്ങൾ 91:1-16
[1] അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവന്‍, സര്‍വശക്തന്‍റെ തണലില്‍ പാര്‍ക്കുന്നവന്‍[2] സര്‍വേശ്വരനോടു പറയും: “അവിടുന്നാണ് എന്‍റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്‍റെ ദൈവവും.”[3] അവിടുന്നു നിന്നെ വേട്ടക്കാരന്‍റെ കെണിയില്‍ നിന്നും, മാരകമായ മഹാമാരിയില്‍നിന്നും വിടുവിക്കും.[4] അവിടുത്തെ തൂവലുകള്‍കൊണ്ടു നിന്നെ മറയ്‍ക്കും. അവിടുത്തെ ചിറകുകളുടെ കീഴില്‍ നീ സുരക്ഷിതനായിരിക്കും. അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും.[5] രാത്രിയിലെ ഭീകരതയെയും പകല്‍ പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും[6] ഇരുളില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ.[7] നിന്‍റെ ഇടത്തുവശത്ത് ആയിരങ്ങളും നിന്‍റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും. എന്നാല്‍ ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല.[8] ദുഷ്ടന്മാര്‍ക്കു ലഭിക്കുന്ന ശിക്ഷ നീ കാണും.[9] നീ സര്‍വേശ്വരനെ നിന്‍റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ.[10] ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്‍റെ കൂടാരത്തെ സമീപിക്കയില്ല.[11] നിന്‍റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാന്‍ തന്‍റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും.[12] നിന്‍റെ കാല്‍ കല്ലില്‍ തട്ടാതിരിക്കാന്‍, അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. സിംഹത്തിന്‍റെയും അണലിയുടെയുംമേല്‍ നീ ചവിട്ടും.[13] സിംഹക്കുട്ടിയെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും.[14] ദൈവം അരുളിച്ചെയ്യുന്നു: “അവന്‍ സ്നേഹപൂര്‍വം എന്നോടു പറ്റിച്ചേര്‍ന്നിരിക്കയാല്‍, ഞാന്‍ അവനെ രക്ഷിക്കും. അവന്‍ എന്നെ അറിയുന്നതുകൊണ്ടു ഞാന്‍ അവനെ സംരക്ഷിക്കും.[15] എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ അവന് ഉത്തരമരുളും, കഷ്ടകാലത്ത് ഞാന്‍ അവനോടുകൂടെ ഇരിക്കും. ഞാന്‍ അവനെ വിടുവിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും.[16] ദീര്‍ഘായുസ്സു നല്‌കി ഞാന്‍ അവനെ സംതൃപ്തനാക്കും. അവന്‍റെ രക്ഷകന്‍ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.”

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India