A A A A A

ജീവിതം: [തൊഴിൽ നഷ്ടം]


൧ പത്രോസ് ൫:൭
സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ.

൨ കൊരിന്ത്യർ ൮:൯
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ; തന്‍റെ ദാരിദ്ര്യം മുഖേന നിങ്ങള്‍ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീര്‍ന്നു.

൨ തിമൊഥെയൊസ് ൨:൧൫
സത്യത്തിന്‍റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുക.

ഇസയ ൪൧:൧൦
ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്‍റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.

ജെറേമിയ ൨൯:൧൧
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

ജോൺ 16:33
എന്നോടുള്ള ഐക്യത്തില്‍ നിങ്ങള്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്: ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടതയുണ്ട്; എന്നാല്‍ നിങ്ങള്‍ ധൈര്യപ്പെടുക; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.”

യോശുവ ൧:൯
ശക്തനും ധീരനും ആയിരിക്കുക എന്നു ഞാന്‍ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും.”

ഫിലിപ്പിയർ 4:19
എന്‍റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്‍റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും.

സുഭാഷിതങ്ങൾ ൩൦:൮
അസത്യവും കാപട്യവും എന്നില്‍നിന്ന് അകറ്റണമേ; ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുതേ; എനിക്ക് ആവശ്യമുള്ള ആഹാരം നല്‌കി എന്നെ പോറ്റണമേ.

സങ്കീർത്തനങ്ങൾ ൨൭:൧൪
സര്‍വേശ്വരനില്‍ പ്രത്യാശവച്ച് ധൈര്യമായിരിക്കുക; അതേ, സര്‍വേശ്വരനില്‍തന്നെ പ്രത്യാശവയ്‍ക്കുക.

സങ്കീർത്തനങ്ങൾ ൩൭:൨൫
ഞാന്‍ ബാലനായിരുന്നു, ഇപ്പോള്‍ വൃദ്ധനായി; നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്‍റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാന്‍ ഇന്നോളം കണ്ടിട്ടില്ല.

സങ്കീർത്തനങ്ങൾ ൫൦:൧൫
കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ രക്ഷിക്കും, നീ എന്നെ പ്രകീര്‍ത്തിക്കുകയും ചെയ്യും.

സങ്കീർത്തനങ്ങൾ ൫൫:൨൨
നിന്‍റെ ഭാരം സര്‍വേശ്വരനെ ഏല്പിക്കുക, അവിടുന്നു നിന്നെ പോറ്റിപ്പുലര്‍ത്തും. നീതിമാന്‍ കുലുങ്ങാന്‍ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല.

റോമർ ൮:൨൮
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.

ഫിലിപ്പിയർ ൪:൬-൭
[൬] ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.[൭] അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

ഇസയ 43:18-19
[18] കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.[19] ഇതാ, ഞാന്‍ ഒരു പുതിയ കാര്യം ചെയ്യുന്നു; അതു നാമ്പിടുന്നതു നിങ്ങള്‍ കാണുന്നില്ലേ? ഞാന്‍ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.

ജെയിംസ് ൧:൨-൪
[൨] എന്‍റെ സഹോദരരേ, നിങ്ങള്‍ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത് സര്‍വപ്രകാരേണയും ആനന്ദമായി കരുതുക.[൩] എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങളില്‍ സ്ഥൈര്യം ഉളവാകുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.[൪] നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിന് ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കട്ടെ.

മത്തായി ൬:൨൮-൩൩
[൨൮] “വസ്ത്രത്തെ സംബന്ധിച്ചും നിങ്ങള്‍ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്‌ക്കുകയോ ചെയ്യുന്നില്ല.[൨൯] എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശലോമോന്‍ രാജാവ് തന്‍റെ മഹാപ്രതാപത്തില്‍പോലും ഇവയില്‍ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല.[൩൦] ഇന്നു കാണുന്നതും നാളെ അടുപ്പില്‍ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും![൩൧] അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്.[൩൨] വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനറിയാം.[൩൩] ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

റോമർ ൫:൧-൮
[൧] വിശ്വാസത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ട നാം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ക്കൂടി ദൈവത്തോടു രഞ്ജിച്ച് സമാധാനമുള്ള അവസ്ഥയിലായിരിക്കുന്നു.[൨] ദൈവകൃപയുടെ അനുഭവത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ക്രിസ്തു മുഖേന ഈ അനുഭവത്തിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവതേജസ്സില്‍ പങ്കാളികളാകാമെന്നുള്ള പ്രത്യാശയില്‍ നാം ആനന്ദിക്കുന്നു.[൩] മാത്രമല്ല, നമ്മുടെ കഷ്ടതകളില്‍പോലും നാം ആനന്ദിക്കുന്നു.[൪] എന്തെന്നാല്‍ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്‍റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം.[൫] ഈ പ്രത്യാശ നിറവേറാതിരിക്കുകയില്ല. എന്തെന്നാല്‍ നമുക്കു നല്‌കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവം തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ നിറച്ചിരിക്കുന്നു.[൬] നാം ബലഹീനരായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു അധര്‍മികളായ നമുക്കുവേണ്ടി യഥാസമയം മരിച്ചു.[൭] ഒരു നീതിമാനുവേണ്ടിയായാല്‍പോലും ആരെങ്കിലും മരിക്കുവാന്‍ തയ്യാറാകുക ചുരുക്കമാണ്. ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കുവാന്‍ വല്ലവരും ചിലപ്പോള്‍ തുനിഞ്ഞെന്നുവരാം.[൮] എന്നാല്‍ നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു.

ഇയ്യോബ് ൧:൧-൨൨
[൧] ഊസ്ദേശത്ത് ഇയ്യോബ് എന്നൊരാള്‍ ഉണ്ടായിരുന്നു; നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായിരുന്നു അദ്ദേഹം.[൨] ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു.[൩] ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെണ്‍കഴുതയും കൂടാതെ ഒട്ടുവളരെ ഭൃത്യഗണങ്ങളും ഉണ്ടായിരുന്നു; പൂര്‍വദേശക്കാരില്‍ ഏറ്റവും മഹാനായിരുന്നു അദ്ദേഹം.[൪] ഇയ്യോബിന്‍റെ പുത്രന്മാര്‍ ഓരോരുത്തരും തവണവച്ചു തങ്ങളുടെ വീടുകളില്‍ വിരുന്നുസല്‍ക്കാരം നടത്തിപ്പോന്നു. തങ്ങളോടൊത്തു ഭക്ഷിച്ചുല്ലസിക്കാന്‍ അവര്‍ മൂന്നു സഹോദരിമാരെയും ക്ഷണിച്ചിരുന്നു.[൫] വിരുന്നിനിടയില്‍ പുത്രന്മാര്‍ പാപം ചെയ്യുകയും മനസ്സുകൊണ്ടു ദൈവത്തെ അനാദരിക്കുകയും ചെയ്തിരിക്കും എന്നു കരുതി ഇയ്യോബ് അവരെ വിളിച്ചു വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെതന്നെ എഴുന്നേറ്റ് ഓരോരുത്തര്‍ക്കുംവേണ്ടി ഹോമയാഗം അര്‍പ്പിക്കുകയും പതിവായിരുന്നു.[൬] ഒരുനാള്‍ പതിവുപോലെ മാലാഖമാര്‍ സര്‍വേശ്വരന്‍റെ സന്നിധിയിലെത്തി. അവരുടെ കൂട്ടത്തില്‍ സാത്താനും ഉണ്ടായിരുന്നു.[൭] സര്‍വേശ്വരന്‍ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” സാത്താന്‍ പറഞ്ഞു: “ഞാന്‍ ഭൂമിയില്‍ എല്ലായിടവും ചുറ്റി സഞ്ചരിച്ചശേഷം വരുന്നു.”[൮] അവിടുന്നു വീണ്ടും ചോദിച്ചു: “നീ എന്‍റെ ദാസനായ ഇയ്യോബിന്മേല്‍ നോട്ടം വച്ചിരിക്കുന്നുവോ? അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരും ഭൂമിയിലില്ല.”[൯] അപ്പോള്‍ സാത്താന്‍ സര്‍വേശ്വരനോടു പറഞ്ഞു: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു വെറുതെയോ?[൧൦] അവിടുന്ന് അയാള്‍ക്കും അയാളുടെ ഭവനത്തിനും സമ്പത്തിനും വേലി കെട്ടി സംരക്ഷണം നല്‌കിയിരിക്കുന്നല്ലോ. അങ്ങ് അയാളുടെ പ്രയത്നങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു; അയാളുടെ മൃഗസമ്പത്ത് ദേശത്തു പെരുകിയിരിക്കുന്നു.[൧൧] തൃക്കൈ നീട്ടി അയാളുടെ സമ്പത്തൊക്കെയും എടുത്തുകളയുക. അയാള്‍ തിരുമുഖത്തു നോക്കി അങ്ങയെ ശപിക്കും.”[൧൨] സര്‍വേശ്വരന്‍ സാത്താനോട്: “ഇതാ അവനുള്ളതെല്ലാം നിനക്കു വിട്ടുതന്നിരിക്കുന്നു. അവനെ മാത്രം നീ ഉപദ്രവിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു പോയി.[൧൩] ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്‍റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.[൧൪] അപ്പോള്‍ ഒരു ദൂതന്‍ ഇയ്യോബിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ കാളകളെ പൂട്ടി നിലം ഉഴുകയായിരുന്നു. കഴുതകള്‍ സമീപത്തു മേഞ്ഞുകൊണ്ടിരുന്നു.[൧൫] അപ്പോള്‍ ശെബായര്‍ ചാടിവീണ് അവയെ പിടിച്ചുകൊണ്ടുപോയി; വേലക്കാരെ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.”[൧൬] അയാള്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരുവന്‍ വന്നു പറഞ്ഞു: “ആകാശത്തുനിന്നു തീജ്വാല ഇറങ്ങി ആടുകളെയും ഭൃത്യരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു പോന്നു.”[൧൭] അയാള്‍ ഇതു പറഞ്ഞുകൊണ്ടിരിക്കെ മറ്റൊരാള്‍ വന്നു പറഞ്ഞു: “മൂന്നു സംഘം കല്‍ദായര്‍ വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകുകയും ഭൃത്യന്മാരെ വാളിനിരയാക്കുകയും ചെയ്തു. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.”[൧൮] അയാള്‍ പറഞ്ഞു തീരുന്നതിനു മുമ്പു വേറൊരാള്‍ വന്ന് അറിയിച്ചു: “അങ്ങയുടെ പുത്രീപുത്രന്മാര്‍ ജ്യേഷ്ഠസഹോദരന്‍റെ ഗൃഹത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു മരുഭൂമിയില്‍നിന്ന് ഒരു കൊടുങ്കാറ്റു വീശി;[൧൯] അതു വീടിന്‍റെ നാലു മൂലയ്‍ക്കും ആഞ്ഞടിച്ചു. വീടു തകര്‍ന്നു വീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചു. ഈ വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രമേ ശേഷിച്ചുള്ളൂ.”[൨൦] അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല മുണ്ഡനം ചെയ്തു നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു:[൨൧] “ഞാന്‍ നഗ്നനായി അമ്മയുടെ ഉദരത്തില്‍നിന്നു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. സര്‍വേശ്വരന്‍ തന്നു; സര്‍വേശ്വരന്‍ എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.”[൨൨] ഇതെല്ലാമായിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India