൧ കൊരിന്ത്യർ ൭:൫ |
ഭാര്യാഭര്ത്താക്കന്മാര് പരസ്പരസമ്മതപ്രകാരം പ്രാര്ഥനയ്ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്റെ കുറവുനിമിത്തം സാത്താന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ ദാമ്പത്യധര്‍മങ്ങള്‍ തുടരുക. |
|
൨ ശമുവേൽ ൧:൧൨ |
ശൗലും പുത്രനായ യോനാഥാനും സര്‍വേശ്വരന്റെ ജനവും ഇസ്രായേല്‍കുടുംബാംഗങ്ങളും വധിക്കപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ചു വിലപിച്ചുകൊണ്ട് അവര്‍ സന്ധ്യവരെ ഉപവസിച്ചു. |
|
പ്രവൃത്തികൾ ൧൩:൨ |
അവര്‍ ഉപവസിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ “ഞാന്‍ ബര്‍നബാസിനെയും ശൗലിനെയും പ്രത്യേക വേലയ്ക്കായി വിളിച്ചിരിക്കുന്നു; അതിനുവേണ്ടി അവരെ എനിക്കായി വേര്‍തിരിക്കുക” എന്നു പരിശുദ്ധാത്മാവിന്റെ അരുളപ്പാടുണ്ടായി. |
|
പ്രവൃത്തികൾ ൧൪:൨൩ |
ഓരോ സഭയിലും അവര്‍ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി, തങ്ങള്‍ വിശ്വസിച്ച കര്ത്താവിന് അവരെ സമര്‍പ്പിക്കുകയും ചെയ്തു. |
|
ദാനിയേൽ ൧൦:൩ |
ആ സമയത്തു ഞാന്‍ സ്വാദിഷ്ഠങ്ങളായ ഭോജ്യങ്ങള്‍ കഴിക്കുകയോ മാംസമോ വീഞ്ഞോ ആസ്വദിക്കുകയോ സുഗന്ധതൈലം പൂശുകയോ ചെയ്തില്ല. |
|
എസ്തേർ ൪:൧൬ |
“അങ്ങു ചെന്ന് ശൂശനിലുള്ള യെഹൂദന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി മൂന്നു ദിവസം എനിക്കുവേണ്ടി ഉപവസിക്കുക. ആ ദിവസങ്ങളില്‍ രാവും പകലും ഒന്നും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്റെ തോഴിമാരും അങ്ങനെ ഉപവസിക്കും. പിന്നീട്, നിയമാനുസൃതമല്ലെങ്കിലും ഞാന്‍ രാജാവിന്റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നെങ്കില്‍ നശിക്കട്ടെ. |
|
പുറപ്പാട് ൩൪:൨൮ |
ഭക്ഷണമോ പാനീയമോ കൂടാതെ നാല്പതു പകലും നാല്പതു രാവും മോശ സര്‍വേശ്വരന്റെ കൂടെ പാര്‍ത്തു; ഉടമ്പടിയിലെ വചനങ്ങളായ പത്തു കല്പനകള് മോശ കല്പലകകളില് എഴുതി. |
|
ജോയേൽ ൨:൧൨ |
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂര്‍ണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിയുവിന്. |
|
ലൂക്കോ ൨:൩൭ |
*** |
|
ലൂക്കോ ൧൮:൧൨ |
ആഴ്ചയില്‍ രണ്ടു തവണ ഞാന്‍ ഉപവസിക്കുന്നു. എന്റെ എല്ലാ വരുമാനത്തിന്റെയും ദശാംശം ഞാന്‍ കൊടുക്കുന്നു.’ |
|
നെഹമിയ ൧:൪ |
ഇതു കേട്ടപ്പോള്‍ ഞാന്‍ നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിച്ച് ഉപവസിച്ചു. സ്വര്‍ഗസ്ഥനായ ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: |
|
സങ്കീർത്തനങ്ങൾ ൬൯:൧൦ |
ഉപവാസത്താല് ഞാന്‍ എന്നെത്തന്നെ വിനയപ്പെടുത്തി. അതും എനിക്കു നിന്ദയ്ക്കു കാരണമായി. |
|
സങ്കീർത്തനങ്ങൾ ൩൫:൧൩-൧൪ |
[൧൩] എന്നാല്‍ ഞാനാകട്ടെ അവര്‍ രോഗികളായിരുന്നപ്പോള്‍ വിലാപവസ്ത്രം ധരിച്ചു. ഞാന്‍ ഉപവസിച്ച് ആത്മതപനം ചെയ്തു. ഞാന്‍ കുമ്പിട്ടു പ്രാര്‍ഥിച്ചു.[൧൪] സ്വന്തം സഹോദരനെയോ സ്നേഹിതനെയോ ഓര്‍ത്തു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ഥിച്ചു. അമ്മയെ ഓര്‍ത്തു വിലപിക്കുന്നവനെപ്പോലെ; ഞാന്‍ തല കുനിച്ചു കരഞ്ഞുകൊണ്ടു നടന്നു. |
|
ജോയേൽ ൨:൧൨-൧൩ |
[൧൨] സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂര്‍ണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിയുവിന്.[൧൩] വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങള്‍ തന്നേ കീറി ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുവിന്. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാന്‍ അവിടുന്നെപ്പോഴും സന്നദ്ധനാണ്. |
|
പ്രവൃത്തികൾ ൧൩:൩-൪ |
[൩] അവര്‍ ഉപവസിച്ചു പ്രാര്‍ഥിച്ച് ശൗലിന്റെയും ബര്‍നബാസിന്റെയുംമേല്‍ കൈകള്‍ വച്ച് അവരെ പറഞ്ഞയച്ചു.[൪] പരിശുദ്ധാത്മാവിന്റെ നിയോഗമനുസരിച്ച് അവര്‍ സെലൂക്യയിലേക്കും, അവിടെനിന്നു കപ്പല്‍കയറി സൈപ്രസ്ദ്വീപിലേക്കും പോയി. |
|
ദാനിയേൽ ൯:൩-൫ |
[൩] അപ്പോള്‍ ഞാന്‍ ചാക്കുവസ്ത്രം ധരിച്ചും വെണ്ണീറില്‍ ഇരുന്നും ഉപവസിച്ച് ദൈവമായ സര്‍വേശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തോട് പ്രാര്‍ഥിക്കുകയും അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു.[൪] എന്റെ ദൈവമായ സര്‍വേശ്വരനോട് ഞാന്‍ ഇങ്ങനെ അനുതപിച്ചു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ഉടമ്പടി പാലിക്കുകയും അചഞ്ചലസ്നേഹം കാട്ടുകയും ചെയ്യുന്നു. ഉന്നതനും ഉഗ്രപ്രതാപവാനുമായ ദൈവമേ,[൫] ഞങ്ങള്‍ പാപം ചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു; ഞങ്ങള്‍ അങ്ങയോടു മത്സരിച്ച് അവിടുത്തെ കല്പനകളും അനുശാസനങ്ങളും വിട്ടകന്നു. |
|
൨ ശമുവേൽ ൧൨:൧൫-൧൭ |
[൧൫] ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സര്‍വേശ്വരന്റെ ശിക്ഷയാല്‍ രോഗിയായിത്തീര്‍ന്നു.[൧൬] കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോട് ഉപവസിച്ചു പ്രാര്‍ഥിച്ചു. അദ്ദേഹം രാത്രി മുഴുവന്‍ നിലത്തുതന്നെ കിടന്നു.[൧൭] രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാന് കൊട്ടാരത്തിലെ പ്രമാണിമാര്‍ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല. |
|
൧ രാജാക്കൻമാർ ൨൧:൨൫-൨൭ |
[൨൫] സര്‍വേശ്വരന്റെ സന്നിധിയില്‍ തിന്മകള് പ്രവര്‍ത്തിക്കുന്നതിന് ആഹാബിനെപ്പോലെ സ്വയം വിലയ്ക്കു നല്കിയ മറ്റൊരാള്‍ ഉണ്ടായിട്ടില്ല. ഈസേബെലിന്റെ ദുഷ്പ്രേരണ കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്.[൨൬] ഇസ്രായേലിന്റെ മുമ്പില്‍നിന്നു സര്വേശ്വരന് നീക്കിക്കളഞ്ഞ അമോര്യരെപ്പോലെ അയാള്‍ വിഗ്രഹങ്ങളെ ആരാധിച്ചു; അങ്ങനെ വലിയ മ്ലേച്ഛത പ്രവര്‍ത്തിച്ചു.[൨൭] പ്രവാചകന്റെ വാക്കുകള്‍ കേട്ട് ആഹാബ് വസ്ത്രം കീറി; ചാക്കുതുണി ധരിച്ചു; ഉപവസിച്ച് ചാക്കുതുണി വിരിച്ചു കിടന്നു. പിന്നീട് മ്ലാനവദനനായി നടന്നു. |
|
ലൂക്കോ 4:2-4 |
[2] അവിടെ നാല്പതു ദിവസം പിശാച് യേശുവിനെ പരീക്ഷിച്ചു. ആ സമയം മുഴുവനും അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോള്‍ അവിടുത്തേക്ക് വിശന്നു.[3] അപ്പോള്‍ പിശാച് അവിടുത്തോടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമായിത്തീരുവാന്‍ കല്പിക്കുക.”[4] യേശുവാകട്ടെ: “മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ” എന്നു പ്രതിവചിച്ചു. |
|
എസ്രാ ൮:൨൧-൨൩ |
[൨൧] ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ വിനയപ്പെടുത്താനും കുഞ്ഞുകുട്ടികളോടും വസ്തുവകകളോടും കൂടിയുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിത്തീരാനും ദൈവത്തോട് അപേക്ഷിക്കാനുമായി അഹവാ നദീതീരത്തുവച്ച് ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.[൨൨] ഞങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നു. അതിനാല്‍ യാത്രയില്‍ ഞങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നതിനു പടയാളികളെയും കുതിരപ്പട്ടാളത്തെയും രാജാവിനോട് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജതോന്നി.[൨൩] ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടു പ്രാര്‍ഥിച്ചു. അവിടുന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ടു. |
|
മത്തായി ൬:൧൬-൧൮ |
[൧൬] “നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യര്‍ കാണുന്നതിനുവേണ്ടി അവര്‍ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവര്‍ക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഊന്നിപ്പറയുന്നു.[൧൭] നിങ്ങള്‍ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക.[൧൮] അങ്ങനെ ചെയ്താല്‍ അദൃശ്യനായ പിതാവല്ലാതെ, നിങ്ങള്‍ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങള്‍ കാണുന്ന പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‍കും. |
|
ഇസയ ൫൮:൩-൭ |
[൩] അവര്‍ ദൈവത്തെ സമീപിക്കാന്‍ ഔത്സുക്യം കാട്ടുന്നു. അങ്ങു ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ എന്തിനുപവസിക്കണം? അങ്ങ് അറിയുന്നില്ലെങ്കില്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തണം. ഉപവാസനാളുകളില്‍ നിങ്ങള്‍ സ്വന്തം ഉല്ലാസങ്ങള്‍ തേടുന്നു. വേലക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു.[൪] നിങ്ങള്‍ കലഹിക്കുന്നതിനും ബലപ്രയോഗം നടത്തുന്നതിനും മുഷ്ടി ചുരുട്ടി ഇടിക്കുന്നതിനും ഉപവസിക്കുന്നു. ഈ രീതിയിലുള്ള ഉപവാസം നിങ്ങളുടെ സ്വരം ദൈവസന്നിധിയിലെത്തിക്കുകയില്ല. ഇത്തരം ഉപവാസമാണോ എനിക്കു വേണ്ടത്?[൫] ഒരു ദിവസത്തേക്കു മാത്രം ഒരാള്‍ സ്വയം എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ചു ചാരം വിതറി കിടക്കുന്നതുമാണോ അത്? ഇതിനെയാണോ ഉപവാസമെന്നും ദൈവത്തിനു പ്രസാദകരമായ ദിവസമെന്നും വിളിക്കുക?[൬] അനീതിയുടെ ബന്ധനങ്ങള്‍ അഴിക്കുക, ദുഷ്ടതയുടെ നുകത്തിന്റെ അടിമക്കയറുകള്‍ പൊട്ടിക്കുക, മര്‍ദിതരെ സ്വതന്ത്രരാക്കി വിടുക, എല്ലാ നുകങ്ങളും തകര്‍ക്കുക. ഇവയല്ലേ എനിക്കു സ്വീകാര്യമായ ഉപവാസം?[൭] വിശക്കുന്നവനു ഭക്ഷണം പങ്കുവയ്ക്കുകയും, കിടപ്പാടമില്ലാത്ത ദരിദ്രനെ വീട്ടിലേക്കു കൊണ്ടുവരികയും നഗ്നരെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്നൊഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? |
|
യോനാ ൩:൫-൯ |
[൫] നിനെവേക്കാര്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവര്‍തൊട്ടു ചെറിയവര്‍വരെ എല്ലാവരും അനുതാപസൂചകമായി ചാക്കുതുണി ഉടുത്തു.[൬] ഈ വാര്‍ത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂര്‍വം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു.[൭] തുടര്‍ന്ന് നിനെവേയില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനെവേയിലെ രാജാവും പ്രഭുക്കന്മാരും കല്പിക്കുന്നു: മനുഷ്യനാകട്ടെ കന്നുകാലികളാകട്ടെ യാതൊന്നും ഭക്ഷിക്കരുത്. യാതൊരു ജീവിയും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്.[൮] മനുഷ്യരും മൃഗങ്ങളും എല്ലാം ചാക്കുടുത്ത് ഉച്ചത്തില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കണം; എല്ലാവരും ദുര്‍മാര്‍ഗങ്ങളില്‍നിന്നും അധര്‍മങ്ങളില്‍നിന്നും പിന്തിരിയട്ടെ.”[൯] ദൈവം തന്റെ മനസ്സുമാറ്റി ക്രോധമടക്കുകയും നാം നശിച്ചുപോകാതെ രക്ഷപെടുകയും ചെയ്യുകയില്ലെന്ന് ആരു കണ്ടു? |
|
ലൂക്കോ ൧൮:൧-൧൨ |
[൧] നിരാശരാകാതെ നിരന്തരം പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നതിന് യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു:[൨] “ദൈവത്തെ ഭയമില്ലാത്തവനും മനുഷ്യരെ വകവയ്‍ക്കാത്തവനുമായ ഒരു ന്യായാധിപന് ഒരു പട്ടണത്തിലുണ്ടായിരുന്നു.[൩] ആ പട്ടണത്തില്‍ത്തന്നെ ഉണ്ടായിരുന്ന ഒരു വിധവ ‘എന്റെ പ്രതിയോഗിക്കെതിരെ ന്യായം നടത്തിത്തരണമേ’ എന്ന് ആ ന്യായാധിപനോടു കൂടെക്കൂടെ അപേക്ഷിച്ചുവന്നിരുന്നു.[൪] കുറെ നാളത്തേക്ക് ആ ന്യായാധിപന് കൂട്ടാക്കിയില്ല; ഒടുവില്‍ അയാള്‍ ആത്മഗതം ചെയ്തു: “ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യനെ വകവയ്ക്കുകയോ ചെയ്യാത്തവനാണെങ്കിലും[൫] ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാന്‍ അവള്‍ക്കു ന്യായം നടത്തിക്കൊടുക്കും; അല്ലെങ്കില്‍ അവള് വന്ന് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.”[൬] യേശു തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ‘നീതികെട്ട ഈ ന്യായാധിപന് പറയുന്നതു ശ്രദ്ധിക്കുക.[൭] അങ്ങനെയെങ്കില്‍ രാവും പകലും തന്നെ നോക്കി വിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവര്‍ക്കു നീതി നടത്തിക്കൊടുക്കുന്നതില്‍ അവിടുന്നു കാലവിളംബം വരുത്തുമോ?[൮] അവിടുന്ന് എത്രയും വേഗം അവര്‍ക്കു ന്യായം നടത്തിക്കൊടുക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന് വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?’[൯] തങ്ങള്‍ നീതിനിഷ്ഠരാണെന്നു സ്വയം കരുതി മറ്റുള്ളവരെ നിന്ദിക്കുന്ന ചിലരെക്കുറിച്ചും യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു:[൧൦] “രണ്ടുപേര്‍ പ്രാര്ഥിക്കുവാന് ദേവാലയത്തിലേക്കു പോയി. ഒരാള്‍ പരീശനും മറ്റെയാള്‍ ചുങ്കംപിരിക്കുന്നവനും ആയിരുന്നു.[൧൧] “പരീശന്‍ മാറി നിവര്‍ന്നു നിന്നുകൊണ്ട് ആത്മഗതമായി ഇങ്ങനെ പ്രാര്‍ഥിച്ചു: ‘ദൈവമേ, പിടിച്ചുപറിക്കുന്നവര്‍, നീതികെട്ടവര്, വ്യഭിചാരികള്‍ മുതലായവരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദിയുള്ളവനാണ്.[൧൨] ആഴ്ചയില്‍ രണ്ടു തവണ ഞാന്‍ ഉപവസിക്കുന്നു. എന്റെ എല്ലാ വരുമാനത്തിന്റെയും ദശാംശം ഞാന്‍ കൊടുക്കുന്നു.’ |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |