A A A A A

ജീവിതം: [വിവേകം]


൧ കൊരിന്ത്യർ ൨:൧൪
ദൈവാത്മാവു ലഭിച്ചിട്ടില്ലാത്ത സ്വാഭാവിക മനുഷ്യന് ആത്മാവിന്‍റെ വരദാനങ്ങള്‍ പ്രാപിക്കുക സാധ്യമല്ല. അങ്ങനെയുള്ളവന്‍ യഥാര്‍ഥത്തില്‍ അവ ഗ്രഹിക്കുന്നില്ല; അവനെ സംബന്ധിച്ചിടത്തോളം അവ ഭോഷത്തങ്ങളാകുന്നു. എന്തെന്നാല്‍ അവയുടെ മൂല്യം ആധ്യാത്മികമായ അടിസ്ഥാനത്തില്‍ മാത്രമേ നിര്‍ണയിക്കുവാന്‍ കഴിയൂ.

൧ കൊരിന്ത്യർ ൧൨:൧൦
ഒരാള്‍ക്ക് അദ്ഭുതപ്രവൃത്തികള്‍ ചെയ്യുവാനുള്ള വരമാണെങ്കില്‍ മറ്റൊരാള്‍ക്ക് ദൈവത്തിന്‍റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാള്‍ക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്‌കപ്പെടുന്നത്. ഒരുവന് അന്യഭാഷകള്‍ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്‌കപ്പെടുന്നു.

൧ കൊരിന്ത്യർ 14:29-33
[29] ദൈവത്തിന്‍റെ സന്ദേശം ലഭിച്ചിട്ടുള്ള രണ്ടോ മൂന്നോ പ്രവാചകര്‍ സംസാരിക്കട്ടെ. മറ്റുള്ളവര്‍ അതു വിവേചിച്ചറിയട്ടെ.[30] എന്നാല്‍ സഭയിലുള്ള മറ്റൊരാള്‍ക്ക് ദൈവത്തില്‍നിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കില്‍, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആള്‍ നിറുത്തണം.[31] ദൈവത്തിന്‍റെ സന്ദേശം ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവര്‍ക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും.[32] പ്രവാചകന്മാരുടെ ആത്മാവ് അവര്‍ക്ക് അധീനമാണ്.[33] സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിര്‍ത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.

൧ യോഹ ൨:൨൭
എന്നാല്‍ ക്രിസ്തുവില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളില്‍ വസിക്കുന്നതിനാല്‍ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്‍റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക.

൧ യോഹ 4:1
പ്രിയപ്പെട്ടവരേ, ആത്മാവുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരെയും വിശ്വസിക്കരുത്. ആത്മാവ് ദൈവത്തില്‍നിന്നുള്ളതാണോ എന്നു ശോധന ചെയ്യുക. എന്തെന്നാല്‍ അനേകം വ്യാജപ്രവാചകന്മാര്‍ ലോകത്തില്‍ ഇറങ്ങിയിട്ടുണ്ട്.

൧ രാജാക്കൻ‌മാർ ൩:൯
ഈ വലിയ ജനതയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.”

൧ ശമുവേൽ ൧൬:൭
എന്നാല്‍ സര്‍വേശ്വരന്‍ അദ്ദേഹത്തോടു പറഞ്ഞു: “അവന്‍റെ ബാഹ്യരൂപമോ ഉയരമോ നോക്കരുത്; ഞാന്‍ അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യന്‍ നോക്കുന്ന വിധമല്ല ഞാന്‍ നോക്കുന്നത്; മനുഷ്യന്‍ ബാഹ്യരൂപം നോക്കുന്നു; സര്‍വേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു.”

൧ തെസ്സലൊനീക്യർ 5:21
സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക.

൧ തിമൊഥെയൊസ് 4:1
പില്‍ക്കാലത്ത് ചിലര്‍ വഴിതെറ്റിക്കുന്ന ആത്മാക്കളെയും പിശാചിന്‍റെ ഉപദേശങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവു വ്യക്തമായി പറയുന്നു.

കൊളോസിയക്കാർ 2:8
തത്ത്വജ്ഞാനവും ചതിയുംകൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. അവ മനുഷ്യന്‍റെ പരമ്പരാഗതമായ ഉപദേശങ്ങളില്‍നിന്നും, പ്രാപഞ്ചികമായ ഭൗതികശക്തികളില്‍നിന്നും വരുന്നതാണ്, ക്രിസ്തുവില്‍നിന്നുള്ളതല്ല.

ഹെബ്രായർ 4:12
ദൈവത്തിന്‍റെ വചനം ജീവനുള്ളതും, പ്രയോഗക്ഷമവും, ഇരുവായ്ത്തലയുള്ള വാളിനെക്കാള്‍ മൂര്‍ച്ചയേറിയതുമാണ്. അത് ആത്മാവും ചേതനയും സന്ധിക്കുന്ന സ്ഥാനംവരെ കടന്നുചെല്ലും. സന്ധിബന്ധങ്ങളും മജ്ജയും വേര്‍പെടുത്തിക്കൊണ്ടു തുളച്ചുകയറും, അത് മനുഷ്യഹൃദയത്തിന്‍റെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേചിച്ചറിയും.

ഹെബ്രായർ 5:14
കട്ടിയുള്ള ആഹാരം മുതിര്‍ന്നവര്‍ക്കുള്ളതാണ്. അവര്‍ക്ക് തഴക്കംകൊണ്ട് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടാകും.

ഹോസിയ 14:9
ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളട്ടെ; വിവേകമുള്ളവന്‍ ഇവ മനസ്സിലാക്കട്ടെ. സര്‍വേശ്വരന്‍റെ വഴികള്‍ ശരിയായുള്ളവയാകുന്നു. നീതിമാന്മാര്‍ അവയിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ ഇടറിവീഴുന്നു.

ജെയിംസ് 1:5
നിങ്ങളില്‍ ആര്‍ക്കെങ്കിലും ജ്ഞാനം കുറവാണെങ്കില്‍ എല്ലാവര്‍ക്കും കാരുണ്യപൂര്‍വം ഉദാരമായി നല്‌കുന്ന ദൈവത്തോട് അപേക്ഷിക്കട്ടെ; അവനു ലഭിക്കും.

ജോൺ 7:24
ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങള്‍ വിധിക്കുക.”

മത്തായി 10:16
“ആടുകളെ ചെന്നായ്‍ക്കളുടെ ഇടയിലേക്ക് എന്നവിധം ഇതാ, ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു.

മത്തായി 24:24
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കില്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവര്‍ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.

സുഭാഷിതങ്ങൾ ൧൫:൧൪-൨൧
[൧൪] വിവേകി വിജ്ഞാനം തേടുന്നു. മൂഢന്‍ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു.[൧൫] പീഡിതന് ജീവിതം ക്ലേശപൂര്‍ണമാണ്; എന്നാല്‍ സന്തുഷ്ടഹൃദയനു നിത്യവും ഉത്സവമാണ്.[൧൬] അനര്‍ഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാള്‍ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്.[൧൭] വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാള്‍ സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം.[൧൮] കോപശീലന്‍ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.[൧൯] അലസന്‍റെ മാര്‍ഗം മുള്‍ച്ചെടികള്‍കൊണ്ടു നിറഞ്ഞത്; നീതിമാന്‍റെ മാര്‍ഗമോ നിരപ്പുള്ള രാജപാത;[൨൦] ജ്ഞാനമുള്ള മകന്‍ പിതാവിനെ സന്തോഷിപ്പിക്കും; മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു.[൨൧] ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു; വിവേകി നേര്‍വഴിയില്‍ നടക്കുന്നു.

സുഭാഷിതങ്ങൾ 18:15
ബുദ്ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു ചെവി കൊടുക്കുന്നു.

സുഭാഷിതങ്ങൾ 28:11
ധനവാന്‍ ജ്ഞാനിയെന്നു സ്വയം കരുതുന്നു; എന്നാല്‍ വിവേകമുള്ള ദരിദ്രന്‍ അവനെ വിവേചിച്ചറിയുന്നു.

സങ്കീർത്തനങ്ങൾ 119:125
ഞാന്‍ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകള്‍ ഗ്രഹിക്കാന്‍ എനിക്കു വിവേകം നല്‌കണമേ.

റോമർ 12:2
ഈ ലോകത്തിന്‍റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോള്‍ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂര്‍ണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്കു കഴിയും.

പ്രവൃത്തികൾ ൧൭:൧൦-൧൧
[൧൦] രാത്രിയായ ഉടനെ സഹോദരന്മാര്‍ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോള്‍ അവര്‍ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി.[൧൧] അവിടെയുള്ളവര്‍ തെസ്സലോനിക്യയിലുള്ളവരെക്കാള്‍ വിശാലമനസ്കരായിരുന്നു. അവര്‍ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്തുപോന്നു.

ഫിലിപ്പിയർ ൧:൯-൧൦
[൯] [9,10] ഉത്തമമായതു തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്‌ക്കുമേല്‍ വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ പ്രത്യാഗമനദിവസത്തില്‍ നിങ്ങള്‍ വിശുദ്ധിയും നൈര്‍മല്യവും ഉള്ളവരായിത്തീരും.[൧൦] ***

൧ തിമൊഥെയൊസ് ൬:൩-൫
[൩] ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവന്‍ അഹംഭാവംകൊണ്ടു ചീര്‍ത്തവനും അജ്ഞനുമാകുന്നു.[൪] അവന്‍ വിവാദങ്ങളിലേര്‍പ്പെടുക, കേവലം വാക്കുകളെച്ചൊല്ലി മല്ലടിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവനുമായിരിക്കും. അവ അസൂയയും, ശണ്ഠയും, പരദൂഷണവും, ദുസ്സംശയങ്ങളും വാദകോലാഹലങ്ങളും ഉളവാക്കുന്നു.[൫] ദുര്‍ബുദ്ധികളും സത്യമില്ലാത്തവരും ആയവര്‍ തമ്മില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും അതുകൊണ്ടാണ്. അവരാകട്ടെ ധനസമ്പാദനത്തിനുള്ള ഒരുപാധിയാണ് ദൈവഭക്തി എന്നു കരുതുന്നു.

൨ കൊരിന്ത്യർ ൧൧:൧൩-൧൫
[൧൩] അവര്‍ യഥാര്‍ഥ അപ്പോസ്തോലന്മാരല്ല, ക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാരെപ്പോലെ തോന്നത്തക്കവണ്ണം കപടവേഷം ധരിച്ച് തങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി വ്യാജം പറയുന്ന കള്ളഅപ്പോസ്തോലന്മാരാണവര്‍.[൧൪] അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താന്‍പോലും പ്രകാശത്തിന്‍റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ![൧൫] അതുകൊണ്ട് അവന്‍റെ ദാസന്മാര്‍ നീതിയുടെ ദാസന്മാരുടെ വേഷം ധരിക്കുന്നെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം അവസാനം അവര്‍ക്കു ലഭിക്കും.

സുഭാഷിതങ്ങൾ 2:1-5
[1] മകനേ, ജ്ഞാനം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അതു ഗ്രഹിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.[2] മകനേ, എന്‍റെ വാക്കുകള്‍ കൈക്കൊള്ളുകയും എന്‍റെ കല്പനകള്‍ ഉള്ളില്‍ സംഗ്രഹിക്കുകയും ചെയ്യുക.[3] അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക. വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക.[4] ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക.[5] അപ്പോള്‍ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും.

സുഭാഷിതങ്ങൾ ൩:൧-൬
[൧] മകനേ, എന്‍റെ പ്രബോധനം മറക്കരുത്; എന്‍റെ കല്പനകള്‍ പാലിക്കുക.[൨] അതു ദീര്‍ഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും.[൩] സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവ നീ കഴുത്തില്‍ അണിഞ്ഞുകൊള്ളുക; നിന്‍റെ ഹൃദയത്തില്‍ അവ രേഖപ്പെടുത്തുക.[൪] അങ്ങനെ ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ നീ പ്രീതിയും സല്‍പ്പേരും നേടും.[൫] പൂര്‍ണഹൃദയത്തോടെ നീ സര്‍വേശ്വരനില്‍ ശരണപ്പെടുക, സ്വന്തംബുദ്ധിയില്‍ നീ ആശ്രയിക്കരുത്.[൬] നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India