മത്തായി 6:25-33 |
[25] “ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോര്‍ത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോര്‍ത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവന് ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ?[26] ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവ് അവയെ പോറ്റിപ്പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ വിലയുള്ളവരല്ലേ?[27] “ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അല്പമെങ്കിലും കൂട്ടുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയുമോ?[28] “വസ്ത്രത്തെ സംബന്ധിച്ചും നിങ്ങള്‍ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്ക്കുകയോ ചെയ്യുന്നില്ല.[29] എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശലോമോന് രാജാവ് തന്റെ മഹാപ്രതാപത്തില്‍പോലും ഇവയില്‍ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല.[30] ഇന്നു കാണുന്നതും നാളെ അടുപ്പില്‍ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും![31] അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്.[32] വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനറിയാം.[33] ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. |
|
൨ കൊരിന്ത്യർ ൧൧:൨൩-൨൫ |
[൨൩] അവര്‍ അബ്രഹാമിന്റെ വംശജരാണെങ്കില്‍ ഞാനും അതേ വംശത്തില്പ്പെട്ടവന് തന്നെ. അവര്‍ ക്രിസ്തുവിന്റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാന്‍ പറയുന്നു എന്നു തോന്നാം -ഞാന്‍ അവരെക്കാള്‍ മികച്ച ദാസനാകുന്നു; ഞാന്‍ അവരെക്കാള്‍ വളരെയധികം അധ്വാനിച്ചു; കൂടുതല്‍ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്റെ വക്കോളമെത്തി;[൨൪] യെഹൂദന്മാരില്‍നിന്ന് മുപ്പത്തൊന്‍പത് അടി അഞ്ചുപ്രാവശ്യം ഞാന്‍ കൊണ്ടു;[൨൫] മൂന്നുവട്ടം റോമാക്കാര്‍ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കല്‍ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തില്‍പെട്ടു. ഒരിക്കല്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. |
|
ഫിലിപ്പിയർ ൪:൧൨-൧൩ |
[൧൨] സുഭിക്ഷതയിലും ദുര്‍ഭിക്ഷതയിലും കഴിയാന്‍ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.[൧൩] എന്നെ ശക്തനാക്കുന്നവന്‍ മുഖേന എല്ലാം ചെയ്യുവാന്‍ എനിക്കു കഴിയും. |
|
ഹെബ്രായർ ൧൩:൫ |
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയില്‍ അമര്‍ന്നുപോകരുത്; നിങ്ങള്‍ക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാല്‍ “ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. |
|
൧ തിമൊഥെയൊസ് ൬:൬-൭ |
[൬] ഒരുവന് തനിക്കുള്ളതില്‍ സംതൃപ്തനായിരിക്കുന്നെങ്കില്‍ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്;[൭] എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാന്‍ സാധ്യവുമല്ല. |
|
ലൂക്കോ ൧൨:൧൫ |
പിന്നീട് എല്ലാവരോടുമായി അവിടുന്നു പറഞ്ഞു: “എല്ലാവിധ ദ്രവ്യാഗ്രഹങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക; ഒരുവന്റെ സമ്പല്‍സമൃദ്ധിയിലല്ല അവന്റെ ജീവന് അടങ്ങിയിരിക്കുന്നത്.” |
|
൨ കൊരിന്ത്യർ ൧൨:൧൦ |
ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്. |
|
സങ്കീർത്തനങ്ങൾ ൩൭:൩-൪ |
[൩] സര്‍വേശ്വരനില്‍ വിശ്വാസമര്‍പ്പിക്കുക നന്മ പ്രവര്‍ത്തിക്കുക. അപ്പോള്‍ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം.[൪] സര്‍വേശ്വരനില്‍ ആനന്ദിക്കുക. അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും. |
|
൧ തിമൊഥെയൊസ് ൬:൧൦-൧൧ |
[൧൦] എല്ലാ തിന്മകളുടെയും തായ്വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകള്‍കൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.[൧൧] ദൈവത്തിന്റെ മനുഷ്യനായ നീ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ലക്ഷ്യമാക്കിക്കൊള്ളുക. |
|
സുഭാഷിതങ്ങൾ ൧൬:൮ |
നീതികൊണ്ടു നേടിയ അല്പ ധനമാണ്, അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാള്‍ മെച്ചം. |
|
സുഭാഷിതങ്ങൾ ൨൮:൬ |
വക്രമാര്‍ഗത്തില്‍ ചരിക്കുന്നവനിലും മെച്ചം നേര്‍വഴിയില്‍ നടക്കുന്ന ദരിദ്രനാണ്. |
|
സഭാപ്രസംഗകൻ ൩:൧൩ |
ദൈവം മനുഷ്യനു നല്കിയ ദാനമാണു ഭക്ഷിക്കാനും പാനം ചെയ്യാനും തന്റെ പ്രയത്നങ്ങളില്‍ ആനന്ദിക്കാനുമുള്ള അവന്റെ കഴിവ്. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |