Instagram
English
A A A A A

നല്ല പ്രതീകം: [അച്ചടക്കം]
൨ തിമൊഥെയൊസ് 1:7
എന്തെന്നാല്‍ ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മസംയമനത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‌കിയത്.

എഫെസ്യർ 6:4
പിതാക്കളേ, നിങ്ങളുടെ മക്കള്‍ പ്രകോപിതരാകത്തക്കവണ്ണം നിങ്ങള്‍ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളര്‍ത്തുക.

സുഭാഷിതങ്ങൾ ൧൦:൧൭
പ്രബോധനം ശ്രദ്ധിക്കുന്നവന്‍ ജീവന്‍റെ പാതയില്‍ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു.

സുഭാഷിതങ്ങൾ 12:1
ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍ വിജ്ഞാനം ഇഷ്ടപ്പെടുന്നു, ശാസന വെറുക്കുന്നവന്‍ മൂഢന്‍.

സുഭാഷിതങ്ങൾ 13:1
വിവേകിയായ മകന്‍ പിതാവിന്‍റെ പ്രബോധനം കേള്‍ക്കുന്നു; പരിഹാസി ശാസന അവഗണിക്കുന്നു.

സുഭാഷിതങ്ങൾ ൧൩:൨൪
ശിക്ഷിക്കാതെ മകനെ വളര്‍ത്തുന്നവന്‍ അവനെ സ്നേഹിക്കുന്നില്ല, മകനെ സ്നേഹിക്കുന്നവന്‍ അവനു ശിക്ഷണം നല്‌കുന്നു.

സുഭാഷിതങ്ങൾ 22:6
ബാല്യത്തില്‍തന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍നിന്നു വ്യതിചലിക്കുകയില്ല.

സുഭാഷിതങ്ങൾ 22:15
ഭോഷത്തം ബാലമനസ്സിനെ മുറുകെപ്പിടിച്ചിരിക്കുന്നു; ശിക്ഷണത്തിന്‍റെ വടി അതിനെ അവനില്‍ നിന്ന് അകറ്റുന്നു.

സുഭാഷിതങ്ങൾ 29:15-17
[15] അടിയും ശാസനയും ജ്ഞാനം പകര്‍ത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലന്‍ മാതാവിനു അപമാനം വരുത്തും.[16] ദുഷ്ടന്മാര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിക്രമം വര്‍ധിക്കും; അവരുടെ പതനം നീതിമാന്മാര്‍ കാണും.[17] നിന്‍റെ മകനു ശിക്ഷണം നല്‌കുക; അവന്‍ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും.

വെളിപ്പെടുന്ന 3:19
ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദത്തശ്രദ്ധനായിരിക്കുക; അനുതപിച്ചു പാപത്തില്‍നിന്നു പിന്തിരിയുക.

ടൈറ്റസ് 1:8
പകരം അയാള്‍ അതിഥിസല്‍ക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിര്‍മ്മലനും സുശിക്ഷിതനും ആയിരിക്കണം.

സുഭാഷിതങ്ങൾ 23:13-14
[13] ബാലനെ ശിക്ഷിക്കാന്‍ മടിക്കരുത്; വടികൊണ്ട് അടിച്ചാല്‍ അവന്‍ മരിച്ചു പോകയില്ല.[14] അങ്ങനെ ചെയ്താല്‍ നീ അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്.

ഹെബ്രായർ 12:10-11
[10] ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്‍റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു.[11] ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.

ഇയ്യോബ് 5:17-18
[17] ദൈവം ശാസിക്കുന്ന മനുഷ്യന്‍ ധന്യനാകുന്നു; അതിനാല്‍ സര്‍വശക്തന്‍റെ ശിക്ഷണത്തെ അവഗണിക്കരുത്.[18] അവിടുന്നു മുറിവേല്പിക്കുകയും മുറിവുകെട്ടുകയും ചെയ്യുന്നു; അവിടുന്നു പ്രഹരിക്കുന്നു; എന്നാല്‍ തൃക്കരങ്ങള്‍ സൗഖ്യം നല്‌കുകയും ചെയ്യുന്നു.

സുഭാഷിതങ്ങൾ 3:11-12
[11] മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയില്‍ മുഷിയുകയുമരുത്.[12] പിതാവു പ്രിയപുത്രനെ എന്നപോലെ സര്‍വേശ്വരന്‍ താന്‍ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

ആവർത്തനപുസ്തകം ൮:൫-൬
[൫] പിതാവ് പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് ശിക്ഷണം നല്‌കുന്നു എന്ന് ഓര്‍മിച്ചുകൊള്‍ക.[൬] അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവിടുത്തെ വഴികളില്‍ നടന്ന് അവിടുത്തെ ഭയപ്പെട്ട് അവിടുത്തെ കല്പനകള്‍ പാലിക്കുക.

൧ കൊരിന്ത്യർ 9:25-27
[25] വാടിപ്പോകുന്ന കിരീടം നേടുന്നതിനുവേണ്ടി കായികമത്സരത്തില്‍ പങ്കെടുക്കുന്ന അഭ്യാസി കഠിനമായ പരിശീലനത്തിനു വിധേയനാകുന്നു. എന്നാല്‍ അനശ്വരമായ കിരീടത്തിനു വേണ്ടിയത്രേ നാം പരിശ്രമിക്കുന്നത്.[26] അതുകൊണ്ട് ഞാന്‍ നേരെ ലക്ഷ്യത്തിലേക്ക് ഓടുന്നു. കുറിക്കു കൊള്ളത്തക്കവിധം ഞാന്‍ മുഷ്‍ടിപ്രഹരം നടത്തുകയും ചെയ്യുന്നു.[27] ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാന്‍ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാന്‍, എന്‍റെ ശരീരത്തെ മര്‍ദിച്ച് പരിപൂര്‍ണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.

൨ കൊരിന്ത്യർ 7:9-11
[9] നിങ്ങളെ ഞാന്‍ ദുഃഖിപ്പിച്ചതുകൊണ്ടല്ല, പിന്നെയോ നിങ്ങള്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുവാന്‍ നിങ്ങളുടെ ദുഃഖം കാരണമായിത്തീര്‍ന്നതുകൊണ്ടുതന്നെ. ആ ദുഃഖത്തെ ദൈവം ഉപയോഗിച്ചു. അതുകൊണ്ട് ഞങ്ങള്‍ നിമിത്തം നിങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടായില്ല.[10] എന്തുകൊണ്ടെന്നാല്‍ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? എന്നാല്‍ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു.[11] നിങ്ങളുടെ ഈ ദുഃഖംകൊണ്ട് ദൈവം നിങ്ങളെ എത്ര ഉത്സാഹമുള്ളവരാക്കി! നിങ്ങള്‍ നിര്‍ദോഷികള്‍ എന്നു തെളിയിക്കുവാന്‍ എത്രമാത്രം ഔത്സുക്യം ഉളവാക്കി! അതുപോലെതന്നെ എത്ര ധാര്‍മികരോഷവും എത്ര അമ്പരപ്പും എത്ര അത്യാകാംക്ഷയും എത്ര ശുഷ്കാന്തിയും ദുഷ്പ്രവൃത്തിക്കു ശിക്ഷ നല്‌കാനുള്ള സന്നദ്ധതയും നിങ്ങളില്‍ ജനിപ്പിച്ചു! എല്ലാ കാര്യത്തിലും കുറ്റമറ്റവരാണെന്നു നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 94:12-14
[12] സര്‍വേശ്വരാ, അങ്ങ് ധര്‍മശാസ്ത്രം പഠിപ്പിക്കുകയും ശിക്ഷണം നല്‌കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.[13] അങ്ങനെയുള്ളവര്‍ക്കു കഷ്ടകാലത്ത് അവിടുന്നു വിശ്രമം നല്‌കുന്നു. ദുഷ്ടനെ ശിക്ഷിക്കുന്നതുവരെ തന്നെ.[14] സര്‍വേശ്വരന്‍ സ്വജനത്തെ ഉപേക്ഷിക്കുകയില്ല. അതേ, അവിടുത്തെ അവകാശമായ ജനത്തെ തള്ളിക്കളയുകയില്ല.

ഹെബ്രായർ 12:5-9
[5] മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുള്‍ചെയ്തിട്ടുള്ള പ്രബോധനം നിങ്ങള്‍ മറന്നുപോയോ? എന്‍റെ മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്; അവിടുന്ന് നിന്നെ ശാസിക്കുമ്പോള്‍ അധൈര്യപ്പെടുകയുമരുത്.[6] താന്‍ സ്നേഹിക്കുന്നവരെ അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു. താന്‍ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു.[7] നിങ്ങള്‍ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ?[8] എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മക്കളല്ല, ജാരസന്തതികളത്രേ.[9] നമ്മെ ശിക്ഷണത്തില്‍ വളര്‍ത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ സ്വര്‍ഗീയ പിതാവിന് അതിനെക്കാള്‍ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്.

എഫെസ്യർ 6:1-9
[1] മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; അതു ന്യായവും നിങ്ങളുടെ ക്രൈസ്തവ ധര്‍മവുമാകുന്നു.[2] ‘നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു.[3] നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം.[4] പിതാക്കളേ, നിങ്ങളുടെ മക്കള്‍ പ്രകോപിതരാകത്തക്കവണ്ണം നിങ്ങള്‍ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളര്‍ത്തുക.[5] ദാസന്മാരേ, ലോകത്തിലെ യജമാനന്മാരെ ഭയത്തോടും ബഹുമാനത്തോടും കൂടി അനുസരിക്കുക; അത് ക്രിസ്തുവിനെ എന്നവണ്ണം ആത്മാര്‍ഥതയോടുകൂടി ആയിരിക്കുകയും വേണം.[6] അവരുടെ പ്രീതി നേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെ നോക്കുമ്പോള്‍ മാത്രം അപ്രകാരം ചെയ്യാതെ ക്രിസ്തുവിന്‍റെ ദാസന്മാര്‍ എന്നവണ്ണം, ദൈവം നിങ്ങളെ സംബന്ധിച്ച് ആഗ്രഹിക്കുന്നതുപോലെ പൂര്‍ണഹൃദയത്തോടുകൂടി പ്രവര്‍ത്തിക്കുക.[7] കേവലം മനുഷ്യരെ എന്നവണ്ണമല്ല കര്‍ത്താവിനെ സേവിക്കുന്നതുപോലെ സന്മനസ്സോടെ നിങ്ങളുടെ പ്രവൃത്തിചെയ്യുക.[8] അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദം കൂടാതെ ഓരോ മനുഷ്യനും ചെയ്യുന്ന നല്ല പ്രവൃത്തിക്കു തക്ക പ്രതിഫലം കര്‍ത്താവു നല്‌കുമെന്നു കരുതിക്കൊള്ളുക.[9] യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ ദാസന്മാരോട് അങ്ങനെതന്നെ പെരുമാറണം. ഇനി അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനന്‍ സ്വര്‍ഗത്തിലുണ്ടല്ലോ. അവിടുന്ന് ആരുടെയും മുഖം നോക്കാതെ ഒരേ മാനദണ്ഡത്താല്‍ എല്ലാവരെയും വിധിക്കുന്നു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India