A A A A A

നല്ല പ്രതീകം: [അനുകമ്പ]


കൊളോസിയക്കാർ ൩:൧൨
നിങ്ങള്‍ ദൈവത്തിന്‍റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്‍റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങള്‍ ധരിക്കണം.

പുറപ്പാട് ൩൩:൧൯
സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ തേജസ്സ് നിന്‍റെ മുമ്പിലൂടെ കടന്നുപോകും. സര്‍വേശ്വരന്‍ എന്ന എന്‍റെ നാമം നിന്‍റെ മുമ്പില്‍ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാന്‍ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാന്‍ കരുണ കാണിക്കും.

ഇസയ ൩൦:൧൮
അതിനാല്‍ സര്‍വേശ്വരന്‍ നിങ്ങളില്‍ പ്രസാദിക്കാന്‍ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാന്‍ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാല്‍ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സര്‍വേശ്വരനെ കാത്തിരിക്കുന്നവര്‍ അനുഗൃഹീതര്‍.

ഇസയ ൪൯:൧൦-൧൩
[൧൦] അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവര്‍ അവരെ വഴി നടത്തുകയും നീരുറവകള്‍ക്കരികിലൂടെ നയിക്കുകയും ചെയ്യും.[൧൧] പര്‍വതങ്ങളെ ഞാന്‍ വഴിയാക്കി മാറ്റും. എന്‍റെ ജനത്തിനു പോകാനുള്ള രാജവീഥികള്‍ ഉയര്‍ന്നു വരും.[൧൨] കണ്ടുകൊള്‍ക, എന്‍റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും.[൧൩] ആകാശമേ, ആനന്ദഗാനം പാടുക! ഭൂതലമേ, ആഹ്ലാദിക്കുക! പര്‍വതങ്ങളേ, ആര്‍ത്തു പാടുക! സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. തന്‍റെ പീഡിതരോട് അവിടുന്നു കരുണ കാണിക്കും.

ഇസയ ൫൪:൧൦
മലകള്‍ മാറിപ്പോയേക്കാം, കുന്നുകള്‍ നീക്കപ്പെട്ടേക്കാം. എങ്കിലും എന്‍റെ സുസ്ഥിരമായ സ്നേഹം നിന്നെ വിട്ടുമാറുകയില്ല. എന്‍റെ സമാധാന ഉടമ്പടി മാറ്റപ്പെടുകയില്ല. നിന്നോടനുകമ്പയുള്ള സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.

ഇസയ ൬൩:൭
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തെക്കുറിച്ചു ഞാന്‍ നിരന്തരം പറയും. അവിടുന്ന് നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുമായി ഞാന്‍ സ്തോത്രം ചെയ്യും.

ജെയിംസ് ൫:൧൧
അചഞ്ചലരായി ഉറച്ചുനിന്നിട്ടുള്ളവരെ അനുഗൃഹീതരെന്നു നാം പ്രകീര്‍ത്തിക്കുന്നു. യോബിന്‍റെ സഹിഷ്ണുതയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. യോബിനെപ്പറ്റി സര്‍വേശ്വരന്‍റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവും ഉള്ളവനെന്നും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.

വിലാപങ്ങൾ ൩:൩൨
അവിടുന്നു ദുഃഖിക്കാന്‍ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും.

സങ്കീർത്തനങ്ങൾ ൫൧:൧
ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം; ദാവീദ് ബത്ത്-ശേബയെ പ്രാപിച്ചശേഷം നാഥാന്‍പ്രവാചകന്‍ അദ്ദേഹത്തിന്‍റെ അടുത്തു ചെന്നപ്പോള്‍ പാടിയത്. [1] ദൈവമേ, അവിടുത്തെ അചഞ്ചല സ്നേഹത്തിനൊത്തവിധം എന്നോടു കനിവുണ്ടാകണമേ. അവിടുത്തെ മഹാകരുണയ്‍ക്കൊത്തവിധം എന്‍റെ പാപങ്ങള്‍ മായിച്ചുകളയണമേ.

സങ്കീർത്തനങ്ങൾ ൧൦൩:൧൩
പിതാവിനു മക്കളോടെന്നപോലെ, സര്‍വേശ്വരനു തന്‍റെ ഭക്തന്മാരോടു കനിവു തോന്നുന്നു.

സങ്കീർത്തനങ്ങൾ ൧൧൬:൫
സര്‍വേശ്വരന്‍ കൃപാലുവും വിശ്വസ്തനും ആകുന്നു. നമ്മുടെ ദൈവം കരുണയുള്ളവനത്രേ.

സങ്കീർത്തനങ്ങൾ ൧൧൯:൭൭
അവിടുത്തെ സുസ്ഥിരസ്നേഹം എന്‍റെമേല്‍ ചൊരിയണമേ. അങ്ങനെ ഞാന്‍ ജീവിക്കട്ടെ. അങ്ങയുടെ ധര്‍മശാസ്ത്രത്തില്‍ ഞാന്‍ ആനന്ദംകൊള്ളുന്നു.

സങ്കീർത്തനങ്ങൾ ൧൧൯:൧൫൬
സര്‍വേശ്വരാ, അങ്ങയുടെ കാരുണ്യം വലുതാകുന്നു. അങ്ങയുടെ നീതിക്കൊത്തവിധം എനിക്കു നവജീവന്‍ നല്‌കണമേ.

സങ്കീർത്തനങ്ങൾ ൧൪൫:൯
സര്‍വേശ്വരന്‍ എല്ലാവര്‍ക്കും നല്ലവനാകുന്നു. തന്‍റെ സര്‍വസൃഷ്‍ടികളോടും അവിടുന്നു കരുണ കാണിക്കുന്നു.

റോമർ ൯:൧൫
“എനിക്കു കരുണ തോന്നുന്നവനോടു ഞാന്‍ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുള്‍ചെയ്തു.

൨ കൊരിന്ത്യർ ൧:൩-൪
[൩] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സര്‍വസമാശ്വാസത്തിന്‍റെയും ഉറവിടവുമാകുന്നു.[൪] ദൈവത്തില്‍നിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു.

ഫിലിപ്പിയർ ൨:൧-൩
[൧] [1,2] ക്രിസ്തുവില്‍ വല്ല ഉത്തേജനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്‍റെ വല്ല പ്രചോദനവും ഉണ്ടെങ്കില്‍, ആത്മാവില്‍ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല പ്രീതിവാത്സല്യവും സഹാനുഭൂതിയും ഉണ്ടെങ്കില്‍, നിങ്ങള്‍ ഏകമനസ്സും ഏകസ്നേഹവും ഉള്ളവരായി ഒത്തിണങ്ങി, ഏകീഭാവത്തോടുകൂടി വര്‍ത്തിച്ച് എന്‍റെ ആനന്ദം പൂര്‍ണമാക്കുക.[൨] ***[൩] മാത്സര്യത്താലോ, ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠരാണെന്നു വിനയപൂര്‍വം കരുതിക്കൊള്ളണം.

മത്തായി ൯:൩൫-൩൮
[൩൫] യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് സുനഗോഗുകളില്‍ ഉപദേശിക്കുകയും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുപോന്നു.[൩൬] ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുലചിത്തരും ആലംബഹീനരുമായി ജനങ്ങളെ കണ്ടപ്പോള്‍ അവിടുത്തെ മനസ്സലിഞ്ഞു.[൩൭] അവിടുന്നു ശിഷ്യന്മാരോട്, “വിളവു സമൃദ്ധം; പക്ഷേ, വേലക്കാര്‍ ചുരുക്കം;[൩൮] അതുകൊണ്ടു കൊയ്ത്തിന്‍റെ അധികാരിയോട് കൊയ്ത്തിന് ആളുകളെ അയയ്‍ക്കാന്‍ അപേക്ഷിക്കുക” എന്ന് കല്പിച്ചു.

സങ്കീർത്തനങ്ങൾ ൧൦൩:൧-൫
[൧] ദാവീദിന്‍റെ സങ്കീര്‍ത്തനം [1] എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക! എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക.[൨] എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക! അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്.[൩] അവിടുന്ന് എന്‍റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു.[൪] അവിടുന്നു എന്‍റെ ജീവനെ മരണത്തില്‍ നിന്നു വിടുവിക്കുന്നു. ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു.[൫] എന്‍റെ യൗവനം കഴുകന്‍റേതുപോലെ പുതുക്കപ്പെടാന്‍ വേണ്ടി, ആയുഷ്കാലം മുഴുവന്‍ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു.

മത്തായി ൨൦:൨൯-൩൪
[൨൯] അവര്‍ യെരീഹോവില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു.[൩൦] കണ്ണുകാണുവാന്‍ പാടില്ലാത്ത രണ്ടുപേര്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്‍റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.[൩൧] മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തില്‍: “കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.[൩൨] യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങള്‍ക്കു ഞാന്‍ എന്തുചെയ്തു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.[൩൩] “കര്‍ത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവര്‍ മറുപടി പറഞ്ഞു.[൩൪] യേശു ആര്‍ദ്രചിത്തനായി അവരുടെ കണ്ണുകളില്‍ തൊട്ടു. തല്‍ക്ഷണം അവര്‍ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു.

മത്തായി ൧൪:൧൩-൨൧
[൧൩] യേശു അതു കേട്ടപ്പോള്‍ ഒരു വഞ്ചിയില്‍ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങള്‍ ഇതറിഞ്ഞു പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവിടുത്തെ പിന്തുടര്‍ന്നു.[൧൪] യേശു അവിടെ ചെന്നിറങ്ങിയപ്പോള്‍ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരില്‍ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികള്‍ക്ക് അവിടുന്ന് സൗഖ്യം നല്‌കി.[൧൫] സന്ധ്യ ആയപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവര്‍ ഗ്രാമങ്ങളില്‍ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.”[൧൬] യേശു അവരോടു പറഞ്ഞു: “അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം നല്‌കണം.”[൧൭] അവര്‍ യേശുവിനോട്: “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു.[൧൮] [18,19] “അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുല്‍പ്പുറത്തിരിക്കുവാന്‍ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.[൧൯] ***[൨൦] എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.[൨൧] ഭക്ഷണം കഴിച്ചവര്‍ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേര്‍ ഉണ്ടായിരുന്നു.

മത്തായി ൧൫:൨൯-൩൯
[൨൯] യേശു അവിടെനിന്ന് ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി കടന്ന് ഒരു കുന്നിന്‍മുകളില്‍ കയറിയിരുന്നു. ഒരു വലിയ ജനസമൂഹം അദ്ദേഹത്തിന്‍റെ അടുക്കല്‍വന്നു.[൩൦] മുടന്തന്മാര്‍, അന്ധന്മാര്‍, അംഗവൈകല്യമുള്ളവര്‍, ബധിരര്‍ മുതലായ പലവിധ രോഗികളെയും അവര്‍ കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ പാദസമക്ഷം ഇരുത്തി. അവിടുന്ന് അവരെ സുഖപ്പെടുത്തി.[൩൧] മൂകര്‍ സംസാരിക്കുന്നതും വികലാംഗര്‍ സൗഖ്യം പ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധന്മാര്‍ക്കു കാഴ്ച ലഭിക്കുന്നതും കണ്ട് ജനങ്ങള്‍ വിസ്മയഭരിതരായി ഇസ്രായേലിന്‍റെ ദൈവത്തെ പ്രകീര്‍ത്തിച്ചു.[൩൨] യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്‍റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവര്‍ എന്‍റെകൂടെ ആയിരുന്നുവല്ലോ. അവര്‍ക്ക് ഭക്ഷിക്കുവാന്‍ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്‍ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. അവര്‍ വഴിയില്‍ തളര്‍ന്നു വീണു പോയേക്കാം.”[൩൩] ശിഷ്യന്മാര്‍ അവിടുത്തോടു ചോദിച്ചു: “ഈ വിജനസ്ഥലത്ത് ഇത്ര വലിയ ജനസഞ്ചയത്തിനു വേണ്ടത്ര ഭക്ഷണം എങ്ങനെ കിട്ടും?”[൩൪] യേശു അവരോട്, “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?” “ഏഴപ്പവും കുറെ ചെറിയ മീനുമുണ്ട്” എന്ന് അവര്‍ പറഞ്ഞു.[൩൫] യേശു ജനത്തോട് നിലത്തിരിക്കുവാന്‍ ആജ്ഞാപിച്ചിട്ട്,[൩൬] ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.[൩൭] എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ അവര്‍ ഏഴുവട്ടി നിറച്ചെടുത്തു.[൩൮] ഭക്ഷിച്ചവര്‍ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരം പേരുണ്ടായിരുന്നു.[൩൯] യേശു ജനസമൂഹത്തെ പിരിച്ചുവിട്ടശേഷം ഒരു വഞ്ചിയില്‍ കയറി മഗദാ എന്ന പ്രദേശത്തേക്കു പോയി.

മത്തായി ൬:൩൦-൪൪
[൩൦] ഇന്നു കാണുന്നതും നാളെ അടുപ്പില്‍ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും![൩൧] അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്.[൩൨] വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനറിയാം.[൩൩] ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.[൩൪] അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങള്‍ മതി.[൩൫] “നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കുകയില്ല.[൩൬] നിങ്ങള്‍ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങള്‍ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോല്‍കൊണ്ടു ദൈവം നിങ്ങളെയും അളക്കും.[൩൭] നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കുന്നതോര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?[൩൮] സ്വന്തം കണ്ണില്‍ കോലിരിക്കെ സഹോദരനോട് ‘നില്‌ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാന്‍ എടുക്കാം’ എന്ന് എങ്ങനെ നീ പറയും?[൩൯] ഹേ, കപടഭക്താ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തുകളയുക. അപ്പോള്‍ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയുവാന്‍ തക്കവിധം വ്യക്തമായി നിനക്കു കാണാന്‍ കഴിയും.[൪൦] “വിശുദ്ധമായതു നായ്‍ക്കള്‍ക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുമ്പില്‍ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.[൪൧] “അപേക്ഷിച്ചുകൊണ്ടിരിക്കുക; നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങള്‍ക്കു തുറന്നുകിട്ടും.[൪൨] അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുന്നു.[൪൩] മകന്‍ അപ്പം ചോദിച്ചാല്‍ അവനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ?[൪൪] അല്ല മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?

ലൂക്കോ ൧൫:൧൧-൩൨
[൧൧] യേശു വീണ്ടും അരുള്‍ചെയ്തു: “ഒരാള്‍ക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു.[൧൨] ഇളയമകന്‍ പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തില്‍ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്‍റെ സ്വത്ത് അവര്‍ക്കു രണ്ടുപേര്‍ക്കുമായി ഭാഗിച്ചുകൊടുത്തു.[൧൩] ഇളയമകന്‍ ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവന്‍ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി.[൧൪] അവിടെ അവന്‍ പണം ധൂര്‍ത്തടിച്ചു ജീവിച്ചു; അങ്ങനെ സര്‍വസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീര്‍ന്നപ്പോള്‍ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവന്‍ വലഞ്ഞുതുടങ്ങി.[൧൫] എന്തെങ്കിലും പണി കിട്ടുന്നതിന് അവന്‍ ആ നാട്ടിലെ പൗരന്മാരില്‍ ഒരാളുടെ അടുക്കല്‍ ചെന്നു. അയാള്‍ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു.[൧൬] പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവന്‍ ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല.[൧൭] എന്നാല്‍ അവനു സുബുദ്ധിയുണ്ടായപ്പോള്‍ സ്വയം പറഞ്ഞു: “എന്‍റെ പിതാവിന്‍റെ ഭവനത്തിലെ വേലക്കാര്‍ എത്ര സുഭിക്ഷമായി കഴിയുന്നു![൧൮] ഞാന്‍ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാന്‍ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേല്‍ അവിടുത്തെ പുത്രനെന്നു ഗണിക്കുവാന്‍ ഞാന്‍ യോഗ്യനല്ല;[൧൯] അങ്ങയുടെ കൂലിക്കാരില്‍ ഒരുവനായി മാത്രം എന്നെ കരുതിയാല്‍ മതി’ എന്ന് എന്‍റെ പിതാവിനോടു പറയും.”[൨൦] പിന്നീട് അവന്‍ പിതാവിന്‍റെ അടുക്കലേക്കു തിരിച്ചുപോയി. “ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്‍റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു.[൨൧] അവന്‍ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാന്‍ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലില്‍ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല![൨൨] എന്നാല്‍ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങള്‍ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയില്‍ മോതിരവും കാലില്‍ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക.[൨൩] നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്‍റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു;[൨൪] അവന്‍ നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോള്‍ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവര്‍ ആഹ്ലാദിക്കുവാന്‍ തുടങ്ങി.[൨൫] “വയലില്‍ പോയിരുന്ന മൂത്തപുത്രന്‍ വീടിനടുത്തെത്തിയപ്പോള്‍ സംഗീതവും നൃത്തഘോഷങ്ങളും കേട്ടു;[൨൬] ഒരു ഭൃത്യനെ വിളിച്ചു വിവരം അന്വേഷിച്ചു.[൨൭] ഭൃത്യന്‍ പറഞ്ഞു: ‘അങ്ങയുടെ സഹോദരന്‍ വന്നിരിക്കുന്നു. അദ്ദേഹത്തെ സുരക്ഷിതനായി തിരിച്ചുകിട്ടിയതിനാല്‍ പിതാവു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’[൨൮] “ഇതുകേട്ട് അയാള്‍ അത്യന്തം കുപിതനായി, വീട്ടില്‍ കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അയാളോട് അകത്തേക്കു ചെല്ലുവാന്‍ അനുനയപൂര്‍വം പറഞ്ഞു.[൨൯] അയാള്‍ പിതാവിനോട് ഇപ്രകാരം പറഞ്ഞു: ‘എത്രയോ കാലമായി ഞാന്‍ അങ്ങയെ സേവിക്കുന്നു! അവിടുത്തെ ആജ്ഞകള്‍ ഒരിക്കല്‍പോലും ഞാന്‍ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്‍റെ കൂട്ടുകാരോടൊത്ത് ഉല്ലസിക്കുന്നതിന് അങ്ങ് എനിക്ക് ഒരാട്ടിന്‍കുട്ടിയെപ്പോലും ഒരിക്കലും തന്നിട്ടില്ലല്ലോ.[൩൦] എന്നാല്‍ വേശ്യകളോടുകൂടി കഴിഞ്ഞ്, അങ്ങയുടെ മുതലെല്ലാം മുടിച്ച ഈ മകന്‍ വന്നപ്പോള്‍ അവനുവേണ്ടി അങ്ങു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തു സദ്യ ഒരുക്കിയിരിക്കുന്നു!”[൩൧] പിതാവ് അയാളോടു പറഞ്ഞു: ‘മകനേ, നീ എപ്പോഴും എന്‍റെകൂടെത്തന്നെയാണ്. എനിക്കുള്ളതെല്ലാം നിന്‍റേതാണല്ലോ.[൩൨] നിന്‍റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു. അവന്‍ നഷ്ടപ്പെട്ടുപോയിരുന്നു; അവനെ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് നാം ആഹ്ലാദിച്ചുല്ലസിക്കുന്നത് ഉചിതമല്ലേ?”

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India