A A A A A

ദൈവം: [ദൈവത്തിനു വഴിപാടുകൾ]


൧ ദിനവൃത്താന്തം ൨൯:൯
അവര്‍ പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരന് അവ സമര്‍പ്പിച്ചതിനാല്‍ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു.

൨ കൊരിന്ത്യർ ൯:൭
ഓരോരുത്തന്‍ അവനവന്‍ നിശ്ചയിച്ചതുപോലെ ദാനം ചെയ്യട്ടെ; വൈമനസ്യത്തോടെയോ, നിര്‍ബന്ധത്തിനു വഴങ്ങിയോ ആരും കൊടുക്കേണ്ടതില്ല. സന്തോഷപൂര്‍വം കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

പ്രവൃത്തികൾ ൨൦:൩൫
വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ഭാഗ്യം എന്നു കര്‍ത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓര്‍ത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാന്‍ നിങ്ങള്‍ക്കു മാതൃക കാട്ടിയിരിക്കുന്നു.”

ആവർത്തനപുസ്തകം ൧൬:൧൭
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങള്‍ സ്വമേധാദാനങ്ങള്‍ കൊണ്ടുചെല്ലണം.

ഹെബ്രായർ ൧൩:൧൫-൧൬
[൧൫] നമുക്ക് യേശുവില്‍കൂടി നിരന്തരം ദൈവത്തിന് സ്തോത്രം അര്‍പ്പിക്കാം. യേശുവിനെ കര്‍ത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങള്‍ അര്‍പ്പിക്കുന്ന യാഗമാണത്.[൧൬] നന്മ ചെയ്യുന്നതിലും, നിങ്ങള്‍ക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളില്‍ ദൈവം പ്രസാദിക്കുന്നു.

ലൂക്കോ ൬:൩൮
അമര്‍ത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങള്‍ക്കു തിരിച്ചു കിട്ടുക.”

ലൂക്കോ ൧൬:൧൦
ഏറ്റവും ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായിരിക്കുന്നവന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളില്‍ അവിശ്വസ്തന്‍ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും.

മലാക്കി ൩:൧൦
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ആലയത്തില്‍ ആഹാരം ഉണ്ടായിരിക്കാന്‍ ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്ന് അനുഗ്രഹവര്‍ഷം സമൃദ്ധമായി ചൊരിയുകയില്ലേ?”

മത്തായി ൨൩:൨൩
“മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ കര്‍പ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അര്‍പ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രോപദേശങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു.

സുഭാഷിതങ്ങൾ ൧൧:൨൪
ഒരുവന്‍ ഉദാരമായി നല്‌കിയിട്ടും കൂടുതല്‍ സമ്പന്നന്‍ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവന്‍ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു.

സുഭാഷിതങ്ങൾ ൨൮:൨൭
ദരിദ്രനു ദാനം ചെയ്യുന്നവന്‍ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്‍റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവര്‍ഷം ഏല്‌ക്കേണ്ടിവരും.

സങ്കീർത്തനങ്ങൾ ൪:൫
ഉചിതമായ യാഗങ്ങളര്‍പ്പിച്ച് സര്‍വേശ്വരനില്‍ ശരണപ്പെടുവിന്‍.

റോമർ ൧൨:൧
അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാന്‍ ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേര്‍തിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക; ഇതാണ് നിങ്ങള്‍ അര്‍പ്പിക്കേണ്ട അര്‍ഥവത്തായ സത്യാരാധന.

സുഭാഷിതങ്ങൾ ൩:൯-൧൦
[൯] നിന്‍റെ സമ്പത്തുകൊണ്ടും സകല വിളവിന്‍റെയും ആദ്യഫലംകൊണ്ടും സര്‍വേശ്വരനെ ബഹുമാനിക്കുക.[൧൦] അപ്പോള്‍ നിന്‍റെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.

ലൂക്കോ ൧൨:൩൩-൩൪
[൩൩] നിങ്ങളുടെ വസ്തുവകകള്‍ വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീര്‍ണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വര്‍ഗത്തില്‍ സൂക്ഷിക്കുക. അവിടെ കള്ളന്‍ കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല.[൩൪] നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.

മത്തായി ൬:൧൯-൨൧
[൧൯] “നിങ്ങളുടെ നിക്ഷേപങ്ങള്‍ ഈ ഭൂമിയില്‍ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാര്‍ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗത്തില്‍ സൂക്ഷിച്ചുവയ്‍ക്കുക.[൨൦] അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാര്‍ കുത്തിക്കവരുകയോ ചെയ്യുന്നില്ല;[൨൧] നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.

മത്തായി ൬:൩൧-൩൩
[൩൧] അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്.[൩൨] വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനറിയാം.[൩൩] ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

സങ്കീർത്തനങ്ങൾ ൯൬:൭-൯
[൭] ജനപദങ്ങളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍! അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍![൮] സര്‍വേശ്വരന്‍റെ നാമം എത്ര മഹിമയേറിയതെന്ന് ഉദ്ഘോഷിക്കുവിന്‍. തിരുമുല്‍ക്കാഴ്ചകളുമായി അവിടുത്തെ ആലയത്തിലേക്കു വരുവിന്‍.[൯] വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍! സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ ഭയന്നു വിറയ്‍ക്കട്ടെ.

അടയാളപ്പെടുത്തുക ൧൨:൪൧-൪൪
[൪൧] ഒരിക്കല്‍ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങള്‍ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകള്‍ ഇട്ടുകൊണ്ടിരുന്നു.[൪൨] സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു.[൪൩] യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തില്‍ കാണിക്കയിട്ട എല്ലാവരെയുംകാള്‍ അധികം ഇട്ടത് നിര്‍ധനയായ ആ വിധവയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു;[൪൪] എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.”

ലൂക്കോ ൨൧:൧-൪
[൧] യേശു തല ഉയര്‍ത്തി ചുറ്റും നോക്കിയപ്പോള്‍ ദേവാലയത്തിലെ ഭണ്ഡാരത്തില്‍ ധനികന്മാര്‍ കാണിക്ക ഇടുന്നതു കണ്ടു.[൨] പാവപ്പെട്ട ഒരു വിധവ രണ്ടു ചെറിയ ചെമ്പുകാശ് ഇടുന്നതും അവിടുത്തെ ദൃഷ്‍ടിയില്‍പ്പെട്ടു.[൩] “വാസ്തവത്തില്‍ ദരിദ്രയായ ഈ വിധവ എല്ലാവരെയുംകാള്‍ അധികം അര്‍പ്പിച്ചിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.[൪] മറ്റുള്ളവരെല്ലാം അവരുടെ സമൃദ്ധിയില്‍നിന്നത്രേ സമര്‍പ്പിച്ചത്. ഈ വിധവയാകട്ടെ, തന്‍റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും അര്‍പ്പിച്ചിരിക്കുന്നു എന്ന് അവിടുന്നു പറഞ്ഞു.

മലാക്കി ൩:൮-൧൨
[൮] എന്നിട്ടും നിങ്ങള്‍ എന്നെ കൊള്ള ചെയ്യുന്നു. “എങ്ങനെയാണു ഞങ്ങള്‍ അങ്ങയെ കൊള്ള ചെയ്യുന്നത്” എന്നു നിങ്ങള്‍ ചോദിക്കുന്നു. ദശാംശം നല്‌കുന്നതിലും വഴിപാടുകള്‍ അര്‍പ്പിക്കുന്നതിലും തന്നെ.[൯] എന്നെ കൊള്ള ചെയ്യുന്നതിനാല്‍, നിങ്ങള്‍, അതേ ഈ ജനത മുഴുവന്‍ ശാപഗ്രസ്തരാകുന്നു.[൧൦] സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ആലയത്തില്‍ ആഹാരം ഉണ്ടായിരിക്കാന്‍ ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്ന് അനുഗ്രഹവര്‍ഷം സമൃദ്ധമായി ചൊരിയുകയില്ലേ?”[൧൧] “ഞാന്‍ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്‌കാതിരിക്കുകയില്ല.”[൧൨] നിങ്ങളുടെ ദേശം മനോഹരമാകയാല്‍ സകല ജനതകളും നിങ്ങളെ അനുഗൃഹീതര്‍ എന്നു വിളിക്കും. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India