Instagram
English
A A A A A

ക്രിസ്ത്യൻ പള്ളി: [പാസ്റ്റർമാർ]


൨ തിമൊഥെയൊസ് 4:2
ദൈവത്തിന്‍റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കള്‍ക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്.

പ്രവൃത്തികൾ 20:28
തന്‍റെ ജീവന്‍ കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ സംരക്ഷിക്കുവാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിന്‍പറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക.

ഹെബ്രായർ 13:17
നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് അവര്‍ക്കു കീഴ്പ്പെട്ടിരിക്കണം. അവര്‍ ദൈവത്തിന്‍റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നു. അവര്‍ സന്തോഷപൂര്‍വം അതു ചെയ്യുവാന്‍ ഇടയാക്കുക. സങ്കടത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് അതു പ്രയോജനശൂന്യമായിരിക്കും.

ജെയിംസ് 3:1
നിങ്ങളില്‍ അധികംപേര്‍ ഉപദേഷ്ടാക്കള്‍ ആകരുത്. ഉപദേഷ്ടാക്കളായ നാം കൂടൂതല്‍ കര്‍ശനമായ വിധിക്കു വിധേയരാകുമെന്നു നിങ്ങള്‍ക്കറിയാമല്ലോ.

ജെറേമിയ 3:15
എന്‍റെ ഹിതാനുവര്‍ത്തികളായ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‌കും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടി നിങ്ങളെ പാലിക്കും.

സുഭാഷിതങ്ങൾ 23:27
അഭിസാരിക ആഴമേറിയ ഗര്‍ത്തമാണ്; പരസ്‍ത്രീ ഇടുങ്ങിയ കിണറും.

എഫെസ്യർ 4:11-12
[11] മനുഷ്യവര്‍ഗത്തിനു വരങ്ങള്‍ നല്‌കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു.[12] [12,13] ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ നിര്‍മാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്‍ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേര്‍ന്നുവരും; ക്രിസ്തുവിന്‍റെ പൂര്‍ണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും.

൧ പത്രോസ് 5:1-4
[1] നിങ്ങളുടെ ഇടയിലെ മുഖ്യന്മാരെപ്പോലെയുള്ള ഒരുവനും, ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങള്‍ക്കു ദൃക്സാക്ഷിയും, വെളിപ്പെടുവാനിരിക്കുന്ന തേജസ്സിന്‍റെ പങ്കാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നു:[2] നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാല്‍ നിങ്ങളുടെ ചുമതല നിര്‍വഹിക്കണം.[3] അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം.[4] നിങ്ങളുടെ ചുമതലയിലുള്ളവരുടെമേല്‍ അധികാരപ്രമത്തത കാട്ടുകയല്ല, അവര്‍ക്കു നിങ്ങള്‍ മാതൃകയായിത്തീരുകയാണു വേണ്ടത്. അങ്ങനെ ചെയ്താല്‍ പ്രധാനഇടയന്‍ പ്രത്യക്ഷനാകുമ്പോള്‍ മഹത്ത്വത്തിന്‍റെ വാടാത്ത വിജയകിരീടം നിങ്ങള്‍ക്കു ലഭിക്കും.

ടൈറ്റസ് 1:5-9
[5] ഞാന്‍ നിന്നെ ക്രീറ്റില്‍ വിട്ടിട്ടു പോന്നത് അവിടെ ഇനിയും ചെയ്യുവാനുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനും, ഞാന്‍ നിര്‍ദേശിച്ച പ്രകാരം ഓരോ പട്ടണത്തിലും സഭാമുഖ്യന്മാരെ നിയമിക്കുന്നതിനുമാണ്.[6] സഭാമുഖ്യന്‍ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവര്‍ ആയിരിക്കയുമരുത്.[7] ദൈവത്തിന്‍റെ കാര്യസ്ഥന്‍ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷന്‍ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാള്‍ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്.[8] പകരം അയാള്‍ അതിഥിസല്‍ക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിര്‍മ്മലനും സുശിക്ഷിതനും ആയിരിക്കണം.[9] വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിര്‍ക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താന്‍ പഠിച്ച സത്യവചനത്തെ അയാള്‍ മുറുകെപ്പിടിക്കുകയും വേണം.

എസേക്കിയൽ ൩൪:൧-൧൦
[൧] സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:[൨] “മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാര്‍ക്ക് എതിരെ പ്രവചിക്കുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങള്‍ക്ക് ഹാ ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്?[൩] നിങ്ങള്‍ അവയുടെ പാല്‍ കുടിക്കുന്നു; അവയുടെ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തു തടിച്ചവയെ കശാപ്പു ചെയ്യുകയും ചെയ്യുന്നു; എന്നാല്‍ ആടുകളെ നിങ്ങള്‍ പോറ്റുന്നില്ല.[൪] ബലഹീനമായവയെ നിങ്ങള്‍ സംരക്ഷിച്ചില്ല. രോഗം ബാധിച്ചവയെ ചികിത്സിച്ചില്ല. മുറിവേറ്റവയെ വച്ചു കെട്ടിയില്ല; വഴി തെറ്റിപ്പോയവയെ തിരിച്ചുകൊണ്ടുവന്നില്ല, കാണാതെപോയവയെ അന്വേഷിച്ചുമില്ല. മറിച്ചു നിങ്ങള്‍ ക്രൂരമായി അവയോടു പെരുമാറി.[൫] ഇടയനില്ലായ്കയാല്‍ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു.[൬] എന്‍റെ ആടുകള്‍ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയില്‍ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല.[൭] അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു.[൮] ഇടയനില്ലായ്കയാല്‍ എന്‍റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. ഇടയന്മാര്‍ എന്‍റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി.[൯] അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍.[൧൦] സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാന്‍ ഈ ഇടയന്മാര്‍ക്ക് എതിരാണ്. എന്‍റെ ആടുകളെ ഞാന്‍ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കല്‍ ഞാന്‍ അവസാനിപ്പിക്കും. ഇനിമേല്‍ ഇടന്മാര്‍ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്‍റെ ആടുകള്‍ അവരുടെ ഭക്ഷണമാകാന്‍ ഇടയാകാത്തവിധം അവരുടെ വായില്‍നിന്നു ഞാന്‍ അവയെ രക്ഷിക്കും.”

൧ തിമൊഥെയൊസ് ൩:൧-൧൩
[൧] ഒരുവന്‍ സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ ശ്രേഷ്ഠമായ സേവനമാണ് അയാള്‍ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്.[൨] എന്നാല്‍ സഭയുടെ അധ്യക്ഷന്‍ ആരോപണങ്ങള്‍ക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസല്‍ക്കാരതല്‍പരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്;[൩] അയാള്‍ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം.[൪] അയാള്‍ സ്വകുടുംബത്തെ യഥായോഗ്യം ഭരിക്കണം. ഉല്‍കൃഷ്ടമായ പെരുമാറ്റത്താല്‍ മക്കളെ പൂര്‍ണഗൗരവത്തോടെ അനുസരണത്തില്‍ വളര്‍ത്തുന്നവനും ആയിരിക്കണം.[൫] സ്വന്തം ഭവനത്തെ ഭരിച്ചു നടത്തുവാന്‍ കഴിയാത്തവന്‍ ദൈവത്തിന്‍റെ സഭയെ എങ്ങനെ പരിപാലിക്കും?[൬] അയാള്‍ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാല്‍ അഹങ്കാരത്തിമിര്‍പ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയില്‍ അകപ്പെടും.[൭] സഭാധ്യക്ഷന്‍ സഭയ്‍ക്കു പുറത്തുള്ളവര്‍ കൂടി സമാദരിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവന്‍ ദുഷ്കീര്‍ത്തിക്കു വിധേയനാകയില്ല; പിശാചിന്‍റെ കെണിയില്‍ വീഴുകയുമില്ല.[൮] അതുപോലെതന്നെ സഭാശുശ്രൂഷകരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരായിരിക്കണം; സന്ദര്‍ഭത്തിനൊത്തു വാക്കു മാറ്റി സംസാരിക്കുന്നവരോ, അമിതമായി വീഞ്ഞു കുടിക്കുന്നവരോ, ഹീനമായ ലാഭേച്ഛ ഉള്ളവരോ ആയിരിക്കരുത്.[൯] അവര്‍ വിശ്വാസത്തിന്‍റെ മര്‍മ്മം സ്വച്ഛമായ മനസ്സാക്ഷിയോടുകൂടി മുറുകെപ്പിടിക്കുന്നവരായിരിക്കണം.[൧൦] ആദ്യം അവര്‍ പരിശോധനയ്‍ക്കു വിധേയരാകണം. കുറ്റമറ്റവരാണെന്നു തെളിയുന്നപക്ഷം അവര്‍ സഭയില്‍ ശുശ്രൂഷ ചെയ്യട്ടെ.[൧൧] അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തില്‍ ഏര്‍പ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.[൧൨] സഭാശുശ്രൂഷകന്‍ ഏകപത്നിയുടെ ഭര്‍ത്താവും സ്വന്തം മക്കളെയും കുടുംബത്തെയും യഥോചിതം ഭരിക്കുവാന്‍ പ്രാപ്തരുമായിരിക്കട്ടെ.[൧൩] നന്നായി സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷകര്‍ നിലയും വിലയും നേടുന്നു. അവര്‍ക്കു ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നിര്‍ഭയം സംസാരിക്കുവാനുള്ള ധൈര്യവും ഉണ്ടായിരിക്കും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India