A A A A A

ക്രിസ്ത്യൻ പള്ളി: [യേശുവിൽ നിന്നുള്ള ഉപമകൾ]


മത്തായി ൫:൧൪-൧൬
[൧൪] “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു. മലയുടെ മുകളില്‍ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല.[൧൫] വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‍ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‌കുന്നു.[൧൬] അതുപോലെ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടു മറ്റുള്ളവര്‍ നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനെ പ്രകീര്‍ത്തിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

മത്തായി ൭:൧-൫
[൧] “നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കുകയില്ല.[൨] നിങ്ങള്‍ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങള്‍ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോല്‍കൊണ്ടു ദൈവം നിങ്ങളെയും അളക്കും.[൩] നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കുന്നതോര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?[൪] സ്വന്തം കണ്ണില്‍ കോലിരിക്കെ സഹോദരനോട് ‘നില്‌ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാന്‍ എടുക്കാം’ എന്ന് എങ്ങനെ നീ പറയും?[൫] ഹേ, കപടഭക്താ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തുകളയുക. അപ്പോള്‍ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയുവാന്‍ തക്കവിധം വ്യക്തമായി നിനക്കു കാണാന്‍ കഴിയും.

മത്തായി ൯:൧൬-൧൭
[൧൬] “പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കഷണം ചേര്‍ത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താല്‍ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തില്‍നിന്നു വലിഞ്ഞു, കീറല്‍ വലുതാകുകയേ ഉള്ളൂ.[൧൭] പുതിയ വീഞ്ഞു പഴയ തുകല്‍ക്കുടത്തില്‍ ആരെങ്കിലും പകര്‍ന്നു വയ്‍ക്കുമോ? അങ്ങനെ ചെയ്താല്‍ തുകല്‍ക്കുടം പൊട്ടി വീഞ്ഞ് ഒഴുകിപ്പോകും; തുകല്‍ക്കുടം നഷ്ടപ്പെടുകയും ചെയ്യും. പുതുവീഞ്ഞു പുതിയ തുകല്‍ക്കുടത്തിലാണു പകര്‍ന്നു വയ്‍ക്കുന്നത്; അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.”

മത്തായി ൧൨:൨൪-൩൦
[൨൪] പരീശന്മാര്‍ ഇതു കേട്ടപ്പോള്‍ “ഭൂതങ്ങളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ട് മാത്രമാണ് ഈ മനുഷ്യന്‍ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.[൨൫] യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും.[൨൬] അന്തഃഛിദ്രമുണ്ടായാല്‍ ഒരു നഗരമോ ഭവനമോ നിലനില്‌ക്കുകയില്ല. സാത്താന്‍ സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കില്‍ അവന്‍ സ്വയം ഭിന്നിച്ചു നശിക്കും. അപ്പോള്‍ അവന്‍റെ രാജ്യം എങ്ങനെ നിലനില്‌ക്കും?[൨൭] ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടാണു ഭൂതങ്ങളെ ഒഴിച്ചുവിടുന്നതെങ്കില്‍ നിങ്ങളുടെ അനുയായികള്‍ ആരെക്കൊണ്ടാണ് അവയെ ഉച്ചാടനം ചെയ്യുന്നത്? അതുകൊണ്ടു നിങ്ങള്‍ പറയുന്നതു തെറ്റാണെന്നു നിങ്ങളുടെ അനുയായികള്‍ തന്നെ വിധിക്കുന്നു.[൨൮] എന്നാല്‍ ബേല്‍സെബൂലല്ല ദൈവത്തിന്‍റെ ആത്മാവാണു ഭൂതങ്ങളെ പുറത്താക്കുവാന്‍ എനിക്കു ശക്തി നല്‌കുന്നത്; ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് അതു തെളിയിക്കുകയും ചെയ്യുന്നു.[൨൯] “ഒരു ബലശാലിയെ പിടിച്ചു കെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് അതിലുള്ള വകകള്‍ കൊള്ള ചെയ്യുന്നത് എങ്ങനെയാണ്?[൩൦] “എന്‍റെ പക്ഷത്തു നില്‌ക്കാത്തവന്‍ എനിക്കെതിരാണ്. ശേഖരിക്കുന്നതില്‍ എന്നെ സഹായിക്കാത്തവന്‍ ചിതറിക്കുകയാണു ചെയ്യുന്നത്.

മത്തായി ൧൩:൧-൨൩
[൧] അന്നുതന്നെ യേശു ആ വീട്ടില്‍നിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു.[൨] വമ്പിച്ച ജനസഞ്ചയം അവിടുത്തെ ചുറ്റും വന്നുകൂടി. അതുകൊണ്ട് അവിടുന്ന് ഒരു വഞ്ചിയില്‍ കയറിയിരുന്നു. ജനസഞ്ചയം കരയിലും നിന്നു.[൩] ദൃഷ്ടാന്തരൂപേണ അവിടുന്ന് അനേകം കാര്യങ്ങള്‍ അവരോടു പറഞ്ഞു:[൪] “ഒരു മനുഷ്യന്‍ വിതയ്‍ക്കുവാന്‍ പുറപ്പെട്ടു. അയാള്‍ വിതയ്‍ക്കുമ്പോള്‍ ഏതാനും വിത്തുകള്‍ വഴിയില്‍ വീണു. പക്ഷികള്‍ വന്ന് അവ കൊത്തിത്തിന്നുകളഞ്ഞു.[൫] മറ്റു ചിലത് അടിയില്‍ പാറയുള്ള മണ്ണിലാണു വീണത്.[൬] മണ്ണിനു താഴ്ചയില്ലാഞ്ഞതിനാല്‍ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യന്‍ ഉദിച്ചപ്പോള്‍ വാടിപ്പോയി; അവയ്‍ക്കു വേരില്ലാഞ്ഞതിനാല്‍ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു.[൭] മറ്റു ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. കിളിര്‍ത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു.[൮] ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‌കുകയും ചെയ്തു.[൯] ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”[൧൦] പിന്നീടു ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു.[൧൧] അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വര്‍രാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അറിയുന്നതിനുള്ള വരം നിങ്ങള്‍ക്കു നല്‌കപ്പെട്ടിരിക്കുന്നു; അവര്‍ക്കാകട്ടെ അതു ലഭിച്ചിട്ടില്ല.[൧൨] ഉള്ളവനു നല്‌കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തു കളയും.[൧൩] അവര്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാന്‍ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്.[൧൪] നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും. എന്നാല്‍ ഗ്രഹിക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും നോക്കും, എന്നാല്‍ കാണുകയില്ല; എന്തെന്നാല്‍ ഈ ജനത്തിന്‍റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവര്‍ അടച്ചിരിക്കുന്നു; അവര്‍ തങ്ങളുടെ കാതുകള്‍ അടയ്‍ക്കുകയും കണ്ണുകള്‍ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാന്‍ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവര്‍ എന്‍റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു.[൧൫] ഇങ്ങനെ യെശയ്യാപ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു.[൧൬] “എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേള്‍ക്കുന്നു. വാസ്തവത്തില്‍ ഞാന്‍ നിങ്ങളോടു പറയുന്നു:[൧൭] നിങ്ങള്‍ കാണുന്നതു കാണുവാനും നിങ്ങള്‍ കേള്‍ക്കുന്നത് കേള്‍ക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാല്‍ അവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല.[൧൮] “വിതയ്‍ക്കുന്നവന്‍റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക.[൧൯] സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവന്‍ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയില്‍വീണ വിത്തു സൂചിപ്പിക്കുന്നത്.[൨൦] പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേള്‍ക്കുകയും ഉടന്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്.[൨൧] എങ്കിലും അവരില്‍ അതു വേരുറയ്‍ക്കുന്നില്ല. അവര്‍ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്‌ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോള്‍ അവര്‍ പെട്ടെന്നു വീണുപോകുന്നു.[൨൨] മറ്റു ചിലര്‍ വചനം കേള്‍ക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉല്‍ക്കണ്ഠയും ധനത്തിന്‍റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്.[൨൩] നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലര്‍ നൂറും അറുപതും വേറെ ചിലര്‍ മുപ്പതും മേനി വിളവു നല്‌കുന്നു.”

മത്തായി ൧൩:൨൪-൩൦
[൨൪] വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യന്‍ തന്‍റെ വയലില്‍ നല്ല വിത്തു വിതച്ചതിനോടു സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.[൨൫] എല്ലാവരും ഉറങ്ങിയപ്പോള്‍ അയാളുടെ ശത്രു വന്ന് കോതമ്പിനിടയില്‍ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു.[൨൬] ഞാറു വളര്‍ന്നു കതിരു വന്നപ്പോള്‍ കളയും കാണാറായി.[൨൭] അപ്പോള്‍, ഭൃത്യന്മാര്‍ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലില്‍ വിതച്ചത്? ഇപ്പോള്‍ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു.[൨൮] “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാള്‍ മറുപടി പറഞ്ഞു.[൨൯] ‘എന്നാല്‍ ഞങ്ങള്‍ പോയി ആ കളകള്‍ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാര്‍ ചോദിച്ചു. അയാള്‍ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോള്‍ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും;[൩൦] കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്‍റെ കളപ്പുരയില്‍ സംഭരിക്കുവാനും ഞാന്‍ പറയും.”

മത്തായി ൧൩:൩൧-൩൨
[൩൧] മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വര്‍ഗരാജ്യം ഒരു മനുഷ്യന്‍ തന്‍റെ വയലില്‍ വിതച്ച കടുകുമണിയോടു സദൃശം.[൩൨] വിത്തുകളില്‍ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളര്‍ന്നപ്പോള്‍ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകള്‍ക്ക് അതിന്‍റെ കൊമ്പുകളില്‍ കൂടുകെട്ടി പാര്‍ക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.”

മത്തായി ൧൩:൩൩-൩൪
[൩൩] വേറൊരു ദൃഷ്ടാന്തവും അവിടുന്ന് പറഞ്ഞു: “സ്വര്‍ഗരാജ്യം പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ മൂന്നുപറ മാവ് എടുത്ത്, അതു പുളിക്കുന്നതുവരെ പുളിപ്പുമാവ് അതില്‍ നിക്ഷേപിക്കുന്നു.”[൩൪] ഇവയെല്ലാം ദൃഷ്ടാന്തങ്ങളിലൂടെ യേശു ജനങ്ങളോടു പറഞ്ഞു. ദൃഷ്ടാന്തം കൂടാതെ അവിടുന്ന് ഒന്നും അവരോട് പറഞ്ഞിരുന്നില്ല.

മത്തായി ൧൩:൪൪
“ഒരു നിലത്തു മറഞ്ഞു കിടക്കുന്ന നിധിക്കു സമാനമാണു സ്വര്‍ഗരാജ്യം. നിധി കണ്ടെത്തിയ ഒരു മനുഷ്യന്‍ അതു വീണ്ടും മറച്ചുവയ്‍ക്കുകയും സന്തോഷപൂര്‍വം ചെന്നു തനിക്കുള്ള സമസ്തവും വിറ്റ് ആ നിലം വാങ്ങുകയും ചെയ്യുന്നു.

മത്തായി 13:45-46
[45] “സ്വര്‍ഗരാജ്യം വിശിഷ്ടമായ മുത്തുകള്‍ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം.[46] അയാള്‍ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോള്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.

മത്തായി 13:47-50
[47] “മാത്രമല്ല, സ്വര്‍ഗരാജ്യം കടലില്‍ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയില്‍ പിടിക്കുന്നു.[48] വല നിറയുമ്പോള്‍ മീന്‍പിടിത്തക്കാര്‍ വല വലിച്ചു കരയ്‍ക്കു കയറ്റിയശേഷം അവിടെയിരുന്നുകൊണ്ട് നല്ലമീന്‍ പാത്രങ്ങളിലിടുന്നു; ഉപയോഗശൂന്യമായവ പുറത്ത് എറിഞ്ഞുകളയുകയും ചെയ്യുന്നു. ഇതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും.[49] മാലാഖമാര്‍ വന്ന് സജ്ജനങ്ങളില്‍നിന്നു ദുര്‍ജനങ്ങളെ വേര്‍തിരിച്ച് അഗ്നികുണ്ഡത്തില്‍ എറിഞ്ഞുകളയും.[50] അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.”

മത്തായി ൧൫:൧൦-൨൦
[൧൦] പിന്നീട് യേശു ജനങ്ങളെ അടുക്കല്‍ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക:[൧൧] മനുഷ്യന്‍റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായില്‍നിന്നു പുറത്തു വരുന്നതാണ്.”[൧൨] അനന്തരം ശിഷ്യന്മാര്‍ യേശുവിനോട്, “അങ്ങു പറഞ്ഞത് പരീശന്മാരെ പ്രകോപിപ്പിച്ചു എന്നുള്ളത് അങ്ങു മനസ്സിലാക്കിയോ?” എന്നു ചോദിച്ചു.[൧൩] അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “എന്‍റെ സ്വര്‍ഗീയ പിതാവു നടാത്ത ചെടികളെല്ലാം വേരോടെ പിഴുതുപോകും. അവരെ കണക്കിലെടുക്കേണ്ടാ;[൧൪] അവര്‍ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധന്‍ അന്ധനു വഴികാട്ടിയാല്‍ ഇരുവരും കുഴിയില്‍ വീഴുമല്ലോ.”[൧൫] പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യര്‍ഥിച്ചു.[൧൬] യേശു മറുപടി പറഞ്ഞു: “നിങ്ങള്‍പോലും അത് ഇനിയും മനസ്സിലാക്കുന്നില്ലേ?[൧൭] ഒരുവന്‍റെ വായിലേക്കു പോകുന്നതെന്തും അവന്‍റെ വയറ്റില്‍ ചെന്നശേഷം വിസര്‍ജിക്കപ്പെടുന്നു.[൧൮] എന്നാല്‍ വായില്‍നിന്നു പുറത്തുവരുന്നത്, ഹൃദയത്തില്‍നിന്നത്രേ ഉദ്ഭവിക്കുന്നത്.[൧൯] അങ്ങനെയുള്ള കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഹൃദയത്തില്‍നിന്നു ദുര്‍വികാരങ്ങള്‍, കൊലപാതകം, വ്യഭിചാരം, മറ്റ് അസാന്മാര്‍ഗിക കര്‍മങ്ങള്‍, മോഷണം, കള്ളസ്സാക്ഷ്യം, പരദൂഷണം എന്നിവ പുറപ്പെടുന്നു.[൨൦] മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.”

മത്തായി ൧൮:൧൦-൧൪
[൧൦] “ഈ ചെറിയവരില്‍ ഒരുവനെ നിന്ദിക്കാതിരിക്കുവാന്‍ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാര്‍ സ്വര്‍ഗത്തിലുള്ള എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.[൧൧] നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രന്‍ വന്നത്.[൧൨] “നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരാള്‍ക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ; അവയില്‍ ഒന്നു വഴിതെറ്റിപ്പോയാല്‍ അയാള്‍ തൊണ്ണൂറ്റിഒന്‍പതിനെയും മലയില്‍ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ അന്വേഷിച്ചുപോകുകയില്ലേ?[൧൩] കണ്ടുകിട്ടിയാല്‍ വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിഒന്‍പതിനെപ്പറ്റിയുള്ളതിനെക്കാള്‍ അധികം സന്തോഷം നിശ്ചയമായും ആ കാണാതെപോയ ആടിനെക്കുറിച്ച് അയാള്‍ക്കുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.[൧൪] അതുപോലെ ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചു പോകുവാന്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇച്ഛിക്കുന്നില്ല.

മത്തായി ൧൮:൨൩-൩൫
[൨൩] “തന്‍റെ ഭൃത്യന്മാരുമായി കണക്കു തീര്‍ക്കാന്‍ നിശ്ചയിച്ച രാജാവിനോടു സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.[൨൪] രാജാവു കണക്കുതീര്‍ത്തു തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഹാജരാക്കി.[൨൫] അയാള്‍ക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാള്‍ക്കുള്ള സര്‍വസ്വവും വിറ്റു കടം ഈടാക്കാന്‍ രാജാവ് ഉത്തരവിട്ടു.[൨൬] ആ ഭൃത്യന്‍ അദ്ദേഹത്തിന്‍റെ സന്നിധിയില്‍ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാന്‍ തന്നു തീര്‍ത്തുകൊള്ളാം’ എന്നു പറഞ്ഞു.[൨൭] രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്‍ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു.[൨൮] “എന്നാല്‍ ആ ഭൃത്യന്‍ പുറത്തേക്കു പോയപ്പോള്‍ നൂറു ദിനാറിനു തന്നോടു കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. ഉടന്‍ തന്നെ തന്‍റെ ഇടപാടു തീര്‍ക്കണമെന്നു പറഞ്ഞ് ആ ഭൃത്യന്‍ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു.[൨൯] ‘എനിക്ക് അല്പം സാവകാശം തരണേ! ഞാന്‍ തന്നുതീര്‍ത്തുകൊള്ളാം’ എന്ന് അയാള്‍ കേണപേക്ഷിച്ചു.[൩൦] എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു.[൩൧] ഇതു കണ്ട് മറ്റു ഭൃത്യന്മാര്‍ അതീവ ദുഃഖിതരായി സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.[൩൨] രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ട ഭൃത്യാ! നീ കെഞ്ചിയപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു; നിന്നോട് എനിക്കു കനിവു തോന്നിയതുപോലെ[൩൩] നിന്‍റെ സഹഭൃത്യനോടും നിനക്കു കനിവുണ്ടാകേണ്ടതല്ലേ?’[൩൪] രോഷാകുലനായ രാജാവ് കടം മുഴുവന്‍ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്‍ക്കുവാന്‍ ജയിലധികാരികളെ ഏല്പിച്ചു.[൩൫] “നിങ്ങളുടെ സഹോദരനോടു നിങ്ങളോരോരുത്തരും ഹൃദയപൂര്‍വം ക്ഷമിക്കാതിരുന്നാല്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല.”

മത്തായി ൨൦:൧-൧൬
[൧] തന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വര്‍ഗരാജ്യം.[൨] ഒരാള്‍ക്ക് ഒരു ദിവസം പണി ചെയ്യുന്നതിനു പതിവുപോലെ ഒരു ദിനാര്‍ കൂലി സമ്മതിച്ച് തന്‍റെ തോട്ടത്തിലേക്ക് അയാള്‍ അവരെ പറഞ്ഞയച്ചു.[൩] ഒന്‍പതു മണിക്ക് അയാള്‍ പുറത്തേക്കു പോയപ്പോള്‍ ചന്തസ്ഥലത്തു മിനക്കെട്ടു നില്‌ക്കുന്ന ഏതാനും പേരെ കണ്ടു.[൪] ‘നിങ്ങളും പോയി എന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക; ന്യായമായ കൂലി ഞാന്‍ തരാം’ എന്ന് അയാള്‍ പറഞ്ഞു.[൫] അങ്ങനെ അവര്‍ പോയി. തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വീണ്ടും പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും പോയി പണിക്കാരെ വിളിച്ചുവിട്ടു.[൬] അഞ്ചു മണിയോടുകൂടി അയാള്‍ ചന്തസ്ഥലത്തു ചെന്നപ്പോള്‍ വേറെ ചിലര്‍ അവിടെ നില്‌ക്കുന്നതു കണ്ടിട്ട് ‘നിങ്ങള്‍ എന്തുകൊണ്ടാണ് ഇന്നു മുഴുവന്‍ മിനക്കെട്ടത്?’ എന്നു ചോദിച്ചു.[൭] ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവര്‍ മറുപടി പറഞ്ഞു. ശരി, നിങ്ങളും പോയി എന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക’ എന്നു തോട്ടത്തിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു.[൮] “സന്ധ്യ ആയപ്പോള്‍ ഉടമസ്ഥന്‍ കാര്യസ്ഥനെ വിളിച്ച് ‘അവസാനം വന്നവര്‍തൊട്ട് ആദ്യം വന്നവര്‍വരെ എല്ലാവരെയും വിളിച്ചു കൂലികൊടുക്കുക’ എന്നു പറഞ്ഞു.[൯] അഞ്ചു മണിക്കു പണിയാന്‍ വന്ന ഓരോരുത്തര്‍ക്കും ഓരോ ദിനാര്‍ കൂലികൊടുത്തു.[൧൦] ആദ്യം പണിക്കു വന്നവര്‍ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ തങ്ങള്‍ക്കു കൂടുതല്‍ കിട്ടുമെന്ന് ഓര്‍ത്തു. എന്നാല്‍ അവര്‍ക്കും ഓരോ ദിനാര്‍മാത്രമാണു കൊടുത്തത്.[൧൧] അവര്‍ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്‍റെ ഉടമസ്ഥനോടു പിറുപിറുത്തു.[൧൨] ‘ഒടുവില്‍വന്നവര്‍ ഒരു മണിക്കൂര്‍ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകല്‍ മുഴുവന്‍ പൊരിയുന്ന വെയില്‍കൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങള്‍ക്കു തന്ന കൂലി തന്നെ അവര്‍ക്കും നല്‌കി’ എന്ന് അവര്‍ പറഞ്ഞു.[൧൩] “അവരില്‍ ഒരാളോട് ഉടമസ്ഥന്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്നേഹിതാ, ഞാന്‍ നിന്നെ വഞ്ചിച്ചില്ല; ഒരു ദിവസത്തേക്ക് ഒരു ദിനാര്‍ അല്ലേ നിങ്ങള്‍ സമ്മതിച്ച കൂലി?[൧൪] നിന്‍റെ കൂലി വാങ്ങിക്കൊണ്ടു പൊയ്‍ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‌കണമെന്നതാണ് എന്‍റെ ഇഷ്ടം.[൧൫] എന്‍റെ പണം എന്‍റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാന്‍ ദയാലുവായിരിക്കുന്നതില്‍ നീ അമര്‍ഷം കൊള്ളുന്നത് എന്തിന്!”[൧൬] ഇങ്ങനെ ഒടുവിലായിരുന്നവര്‍ ഒന്നാമതാകുമെന്നും ഒന്നാമതായിരുന്നവര്‍ ഒടുവിലാകുമെന്നും യേശു കൂട്ടിച്ചേര്‍ത്തു.

മത്തായി ൨൧:൨൮-൩൨
[൨൮] “ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാള്‍ മൂത്തപുത്രന്‍റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു.[൨൯] ‘എനിക്കു മനസ്സില്ല’ എന്ന് അവന്‍ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി.[൩൦] ഇളയപുത്രനോടും അയാള്‍ അങ്ങനെ പറഞ്ഞു. ‘ഞാന്‍ പോകാം’ എന്നു പറഞ്ഞെങ്കിലും അവന്‍ പോയില്ല.[൩൧] നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഇവരില്‍ ആരാണ് പിതാവിന്‍റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?” “മൂത്തപുത്രന്‍” എന്ന് അവര്‍ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.[൩൨] ധര്‍മമാര്‍ഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാന്‍ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങള്‍ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല.

മത്തായി 21:33-45
[33] “വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതില്‍ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവല്‍മാടം നിര്‍മിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാള്‍ വിദേശത്തേക്കു പുറപ്പെട്ടു.[34] മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോള്‍ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥന്‍ തന്‍റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കല്‍ അയച്ചു.[35] എന്നാല്‍ അവര്‍ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു.[36] അയാള്‍ വീണ്ടും ആദ്യത്തേതിനെക്കാള്‍ അധികം ദാസന്മാരെ അയച്ചു. അവരോടും അവര്‍ അങ്ങനെതന്നെ ചെയ്തു.[37] അവസാനം തന്‍റെ പുത്രനെത്തന്നെ അയാള്‍ അവരുടെ അടുക്കല്‍ അയച്ചു: ‘നിശ്ചയമായും എന്‍റെ മകനെ അവര്‍ ആദരിക്കും’ എന്ന് അയാള്‍ വിചാരിച്ചു.[38] പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോള്‍ ‘ഇവനാണു തോട്ടത്തിന്‍റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്‍റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു;[39] പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു.[40] “ഇനിയും തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വരുമ്പോള്‍ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു.[41] “അയാള്‍ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവര്‍ മറുപടി നല്‌കി.[42] യേശു അവരോട് അരുള്‍ചെയ്തു: “പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മര്‍മപ്രധാനമായ മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു. ഇതു ചെയ്തത് കര്‍ത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?[43] അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും.[44] ഈ കല്ലിന്മേല്‍ വീഴുന്ന ഏതൊരുവനും തകര്‍ന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേല്‍ വീണാല്‍ അത് അവനെ തകര്‍ത്തുകളയും.”[45] മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്‍റെ സദൃശോക്തികള്‍ കേട്ടപ്പോള്‍ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി.

മത്തായി ൨൨:൧-൧൪
[൧] യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു:[൨] “സ്വപുത്രന്‍റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വര്‍ഗരാജ്യം.[൩] ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാന്‍ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാല്‍ അവര്‍ വരാന്‍ കൂട്ടാക്കിയില്ല.[൪] ‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു.[൫] ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവന്‍ തന്‍റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവന്‍ തന്‍റെ വ്യാപാരസ്ഥലത്തേക്കും പോയി.[൬] മറ്റുചിലര്‍ ആ ഭൃത്യന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.[൭] രോഷാകുലനായിത്തീര്‍ന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു.[൮] അതിനുശേഷം രാജാവു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു: ‘കല്യാണവിരുന്ന് ഏതായാലും തയ്യാറായി; ക്ഷണിക്കപ്പെട്ടവര്‍ക്ക് അതിന് അര്‍ഹതയില്ലാതെപോയി.[൯] നിങ്ങള്‍ പ്രധാന തെരുവീഥികളില്‍ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’[൧൦] അവര്‍ പോയി സജ്ജനങ്ങളും ദുര്‍ജനങ്ങളും എന്ന ഭേദം കൂടാതെ കണ്ണില്‍ കണ്ടവരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. അങ്ങനെ കല്യാണശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.[൧൧] “വിരുന്നിന് ഇരുന്നവരെ കാണാന്‍ രാജാവു ചെന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരുവനെ കണ്ടു, ‘സ്നേഹിതാ കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങനെ അകത്തുകടന്നു?’ എന്നു രാജാവ് അയാളോടു ചോദിച്ചു.[൧൨] അയാള്‍ക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു.[൧൩] അപ്പോള്‍ രാജാവു സേവകരോട് ആജ്ഞാപിച്ചു: ‘ഇവനെ കൈകാലുകള്‍ കെട്ടി പുറത്തുള്ള അന്ധകാരത്തില്‍ എറിഞ്ഞുകളയുക. അവിടെ കിടന്ന് അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’[൧൪] “അനേകമാളുകള്‍ ക്ഷണിക്കപ്പെടുന്നു; തിരഞ്ഞെടുക്കപ്പെടുന്നവരാകട്ടെ ചുരുക്കം.”

മത്തായി ൨൪:൩൨-൩൫
[൩൨] “ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്‍റെ ഇളംചില്ലകള്‍ പൊടിക്കുകയും അതു തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.[൩൩] അതുപോലെ ഇവയൊക്കെയും നിങ്ങള്‍ കാണുമ്പോള്‍ മനുഷ്യപുത്രന്‍ അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.[൩൪] ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല;[൩൫] ആകാശവും ഭൂമിയും അന്തര്‍ധാനം ചെയ്യും; എന്നാല്‍ എന്‍റെ വാക്കുകള്‍ എന്നേക്കും നിലനില്‌ക്കും.

മത്തായി ൨൪:൪൫-൫൧
[൪൫] “വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്? വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവര്‍ക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനന്‍ നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്?[൪൬] യജമാനന്‍ വരുമ്പോള്‍ അവന്‍ കൃത്യനിഷ്ഠയുള്ളവനായി കാണുന്നുവെങ്കില്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍.[൪൭] യജമാനന്‍ ആ ദാസനെ തന്‍റെ സര്‍വസ്വത്തിന്‍റെയും കാര്യസ്ഥനായി നിയമിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.[൪൮] എന്നാല്‍ ആ ദാസന്‍ ദുഷ്ടനാണെങ്കില്‍ യജമാനന്‍ വരാന്‍ വൈകും എന്നു വിചാരിച്ച്[൪൯] അവന്‍ സഹഭൃത്യന്മാരെ അടിക്കുകയും മദ്യപന്മാരോടുകൂടി തിന്നുകുടിച്ചു കൂത്താടുകയും ചെയ്യും.[൫൦] ആ ദാസന്‍ പ്രതീക്ഷിക്കാത്ത ദിവസത്തിലും ഉദ്ദേശിക്കാത്ത സമയത്തും യജമാനന്‍ മടങ്ങിയെത്തും.[൫൧] അവനെ യജമാനന്‍ ശിക്ഷിക്കുകയും ജോലിയില്‍ നിന്നു പിരിച്ചുവിട്ട് വഞ്ചകന്മാരുടെ കൂട്ടത്തിലേക്കു തള്ളുകയും ചെയ്യും; അവിടെ അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.

മത്തായി ൨൫:൧-൧൩
[൧] “സ്വര്‍ഗരാജ്യം മണവാളനെ എതിരേല്‌ക്കാന്‍ വിളക്കുമായി പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം.[൨] അവരില്‍ അഞ്ചുപേര്‍ ബുദ്ധികെട്ടവരും അഞ്ചുപേര്‍ ബുദ്ധിമതികളുമായിരുന്നു.[൩] ബുദ്ധികെട്ടവര്‍ വിളക്കെടുത്തപ്പോള്‍ എണ്ണ എടുത്തില്ല.[൪] ബുദ്ധിമതികളാകട്ടെ, വിളക്കുകളോടൊപ്പം പാത്രത്തില്‍ എണ്ണയുമെടുത്തു.[൫] മണവാളന്‍ വരാന്‍ വൈകിയതിനാല്‍ എല്ലാവരും നിദ്രാധീനരായി.[൬] “അര്‍ധരാത്രിയില്‍ ‘അതാ, മണവാളന്‍ വരുന്നു; അദ്ദേഹത്തെ എതിരേല്‌ക്കുവാന്‍ പുറപ്പെടുക’ എന്നു പറഞ്ഞുകൊണ്ടുള്ള ആര്‍പ്പുവിളി ഉണ്ടായി.[൭] അപ്പോള്‍ ആ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു.[൮] ബുദ്ധികെട്ടവര്‍ ബുദ്ധിമതികളോട് ‘ഞങ്ങളുടെ വിളക്കുകള്‍ അണയാന്‍ പോകുന്നു; നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരിക’ എന്നു പറഞ്ഞു.[൯] ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തികയാതെ വന്നേക്കും; അതുകൊണ്ടു നിങ്ങള്‍ക്കു വേണ്ടതു കടയില്‍പോയി വാങ്ങുകയാണു നല്ലത്’ എന്നു ബുദ്ധിമതികള്‍ മറുപടി നല്‌കി.[൧൦] അങ്ങനെ അവര്‍ എണ്ണ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിനിന്നവര്‍ മണവാളനോടുകൂടി വിരുന്നുശാലയില്‍ പ്രവേശിച്ചു. വിരുന്നുശാലയുടെ വാതില്‍ അടയ്‍ക്കുകയും ചെയ്തു.[൧൧] “അനന്തരം മറ്റേ കന്യകമാര്‍ വന്നു ചേര്‍ന്നു. ‘പ്രഭോ, പ്രഭോ, ഞങ്ങള്‍ക്കു വാതില്‍ തുറന്നു തരണേ!’ എന്ന് അവര്‍ അപേക്ഷിച്ചു.[൧൨] ‘സത്യമായി നിങ്ങളെ എനിക്ക് അറിഞ്ഞുകൂടാ’ എന്നു മണവാളന്‍ മറുപടി നല്‌കി.[൧൩] “അതുകൊണ്ട് ആ നാളും നാഴികയും നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കുകയാല്‍ ജാഗരൂകരായിരിക്കുക.

മത്തായി ൨൫:൧൪-൩൦
[൧൪] “സ്വര്‍ഗരാജ്യം ഇതുപോലെയാണ്. ഒരാള്‍ ഒരു ദീര്‍ഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോള്‍ ദാസന്മാരെ വിളിച്ച് തന്‍റെ സമ്പാദ്യം അവരെ ഏല്പിച്ചു.[൧൫] ഓരോരുത്തനും അവനവന്‍റെ പ്രാപ്തിക്കനുസരിച്ച് ഒരാള്‍ക്ക് അഞ്ചു താലന്തും മറ്റൊരാള്‍ക്കു രണ്ടും വേറൊരാള്‍ക്ക് ഒന്നും കൊടുത്തു. പിന്നീട് അയാള്‍ യാത്രപുറപ്പെട്ടു.[൧൬] അഞ്ചു താലന്തു കിട്ടിയവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി.[൧൭] [17,18] അതുപോലെതന്നെ രണ്ടു കിട്ടിയവന്‍ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാള്‍ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനന്‍ കൊടുത്ത പണം മറച്ചുവച്ചു.[൧൮] ***[൧൯] “ദീര്‍ഘകാലം കഴിഞ്ഞ് അവരുടെ യജമാനന്‍ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്‍റെ കണക്കു ചോദിച്ചു.[൨൦] അഞ്ചു താലന്തു ലഭിച്ചവന്‍ അഞ്ചുകൂടി കൊണ്ടുവന്ന് തന്‍റെ യജമാനന്‍റെ മുമ്പില്‍ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’[൨൧] യജമാനന്‍ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങള്‍ ഏല്പിക്കും. വരിക, നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.[൨൨] “രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.[൨൩] യജമാനന്‍ അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാന്‍ വലിയ കാര്യങ്ങള്‍ ഏല്പിക്കും. നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.[൨൪] “പിന്നീട് ഒരു താലന്തു കിട്ടിയവന്‍ വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയന്‍ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു.[൨൫] അതുകൊണ്ട് ഞാന്‍ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണില്‍ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’[൨൬] “യജമാനന്‍ അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാന്‍ വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ?[൨൭] നീ എന്‍റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കില്‍ ഞാന്‍ മടങ്ങിവന്നപ്പോള്‍ എന്‍റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ.[൨൮] അതുകൊണ്ട് അവന്‍റെ പക്കല്‍നിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക.[൨൯] ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാല്‍ ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.[൩൦] ഒന്നിനും കൊള്ളരുതാത്ത ആ ദാസനെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിഞ്ഞുകളയുക. അവിടെക്കിടന്ന് അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India