കൊളോസിയക്കാർ 3:17-23 |
[17] നിങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം കര്‍ത്താവായ യേശുവില്കൂടി പിതാവായ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അവിടുത്തെ നാമത്തില്‍ ആയിരിക്കേണ്ടതാണ്.[18] ഭാര്യമാരേ, കര്‍ത്താവിന്റെ അനുയായികള്‍ എന്ന നിലയില്‍ കടമ എന്നു കരുതി നിങ്ങളുടെ ഭര്ത്താക്കന്മാര്ക്കു കീഴ്പെട്ടിരിക്കുക.[19] ഭര്ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്.[20] കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാല്‍ അതാണ് കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളത്.[21] മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവര്‍ ധൈര്യഹീനരായിത്തീരും.[22] ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കണ്മുമ്പില് മാത്രമല്ല അനുസരിക്കേണ്ടത്. കര്‍ത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാര്‍ഥമായി അനുസരിക്കുക.[23] നിങ്ങള്‍ എന്തുചെയ്താലും മനുഷ്യര്‍ക്കുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടിയത്രേ ചെയ്യുന്നത് എന്ന ചിന്തയില്‍ പൂര്‍ണഹൃദയത്തോടുകൂടി ചെയ്യണം. |
|
സഭാപ്രസംഗകൻ 9:10 |
കര്‍ത്തവ്യങ്ങളെല്ലാം മുഴുവന്‍ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തില്‍ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ. |
|
൧ തിമൊഥെയൊസ് 5:8 |
ഒരുവന് ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍, അയാള്‍ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാള്‍ അധമനും ആകുന്നു. |
|
ഉൽപത്തി ൨:൧൫ |
ഏദന്തോട്ടത്തില് വേല ചെയ്യാനും അതിനെ സംരക്ഷിക്കാനും സര്‍വേശ്വരനായ ദൈവം മനുഷ്യനെ അവിടെ ആക്കി. |
|
ലൂക്കോ 16:10 |
ഏറ്റവും ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായിരിക്കുന്നവന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളില്‍ അവിശ്വസ്തന്‍ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും. |
|
സുഭാഷിതങ്ങൾ ൧൦:൪ |
അലസന് ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു. |
|
സുഭാഷിതങ്ങൾ 10:5 |
കൊയ്ത്തുകാലത്തു ശേഖരിക്കുന്നവന് വിവേകം ഉള്ളവനാകുന്നു; അപ്പോള്‍ ഉറങ്ങുന്നവനോ അപമാനം വരും. |
|
സുഭാഷിതങ്ങൾ 12:11 |
സ്വന്തം ഭൂമി കൃഷി ചെയ്യുന്നവനു സമൃദ്ധിയായി ആഹാരം ലഭിക്കുന്നു; പാഴ്വേല ചെയ്തലയുന്നവന്‍ ഭോഷനാകുന്നു. |
|
സുഭാഷിതങ്ങൾ 12:24 |
അധ്വാനശീലന് അധികാരം നടത്തും; അലസന് അടിമവേലയ്ക്ക് നിര്‍ബന്ധിതനാകും. |
|
സുഭാഷിതങ്ങൾ 13:4 |
അലസന് എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല; ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു. |
|
സുഭാഷിതങ്ങൾ 14:23 |
അധ്വാനമെല്ലാം ലാഭകരമാണ്, എന്നാല്‍ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ. |
|
സുഭാഷിതങ്ങൾ ൧൯:൧൫ |
അലസത ഗാഢനിദ്രയില്‍ ആഴ്ത്തുന്നു; മടിയന്‍ പട്ടിണി കിടക്കും. |
|
സുഭാഷിതങ്ങൾ ൨൦:൪ |
മടിയന്‍ വേണ്ടസമയത്ത് നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവന് ഇരക്കും; എങ്കിലും ഒന്നും കിട്ടുകയില്ല. |
|
സുഭാഷിതങ്ങൾ ൬:൬ |
മടിയാ, നീ ഉറുമ്പിന്റെ പ്രവൃത്തികള്‍ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക. |
|
സുഭാഷിതങ്ങൾ ൨൬:൧൫ |
മടിയന്‍ തളികയില്‍ കൈ പൂഴ്ത്തുന്നു. അതു വായിലേക്കു കൊണ്ടുപോകാന്‍ അവനു മടിയാണ്. |
|
എഫെസ്യർ ൫:൧൫-൧൭ |
[൧൫] അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങള്‍ ജീവിക്കുക.[൧൬] നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാല്‍ ഇത് ദുഷ്കാലമാണ്.[൧൭] നിങ്ങള്‍ ബുദ്ധിശൂന്യരാകാതെ നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക. |
|
സുഭാഷിതങ്ങൾ ൬:൯-൧൨ |
[൯] മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും? മയക്കത്തില്‍നിന്ന് നീ എപ്പോഴാണ് എഴുന്നേല്ക്കുക?[൧൦] അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം.[൧൧] അപ്പോള്‍ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും; ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും.[൧൨] വിലകെട്ടവനും ദുഷ്കര്‍മിയുമായവന്‍ വക്രത സംസാരിച്ചുകൊണ്ടു നടക്കും. |
|
൨ തെസ്സലൊനീക്യർ ൩:൬-൧൦ |
[൬] സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങള്‍ നല്കിയ പ്രബോധനങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനില്‍നിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു.[൭] ഞങ്ങള്‍ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ അലസരായിരുന്നില്ല.[൮] ആരില്‍നിന്നും ഞങ്ങള്‍ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. ഞങ്ങള്‍ ആര്‍ക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു.[൯] നിങ്ങളുടെ സഹായം ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങള്‍ അനുകരിക്കത്തക്കവിധം നിങ്ങള്‍ക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്.[൧൦] ജോലി ചെയ്യുവാന്‍ മനസ്സില്ലാത്തവന് ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ ഞങ്ങള്‍ നല്കിയിട്ടുണ്ടല്ലോ. |
|
സുഭാഷിതങ്ങൾ ൨൪:൩൦-൩൪ |
[൩൦] ഞാന്‍ മടിയന്റെ കൃഷിസ്ഥലത്തിനരികിലൂടെ, ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി.[൩൧] അവിടം മുഴുവന്‍ മുള്‍പ്പടര്‍പ്പു നിറഞ്ഞിരുന്നു; നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു. അതിന്റെ കന്മതില് ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു.[൩൨] അതുകൊണ്ട് ഞാന്‍ ആലോചിച്ചു; അതില്‍നിന്നു ലഭിച്ച പാഠം ഉള്‍ക്കൊണ്ടു.[൩൩] അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം.[൩൪] അപ്പോള്‍ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും. |
|
മത്തായി ൨൫:൨൪-൨൯ |
[൨൪] “പിന്നീട് ഒരു താലന്തു കിട്ടിയവന് വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയന്‍ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു.[൨൫] അതുകൊണ്ട് ഞാന്‍ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണില്‍ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’[൨൬] “യജമാനന് അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ?[൨൭] നീ എന്റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കില്‍ ഞാന്‍ മടങ്ങിവന്നപ്പോള്‍ എന്റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ.[൨൮] അതുകൊണ്ട് അവന്റെ പക്കല്‍നിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക.[൨൯] ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാല്‍ ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |