൧ തിമൊഥെയൊസ് ൬:൨൦ |
തിമൊഥെയോസേ, നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക. ഭക്തിവിരുദ്ധമായ സംഭാഷണങ്ങളും ജ്ഞാനത്തിന്റെ കപട വേഷമണിഞ്ഞ തര്‍ക്കങ്ങളും ഉപേക്ഷിക്കുക. |
|
ലൂക്കോ 11:52 |
“നിയമപണ്ഡിതന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! ജ്ഞാനഭണ്ഡാരപ്പുരയുടെ താക്കോല്‍ നിങ്ങള്‍ കൈവശമാക്കിയിരിക്കുന്നു. നിങ്ങള്‍തന്നെ അതില്‍ പ്രവേശിച്ചില്ല; പ്രവേശിക്കുവാന്‍ വരുന്നവരെ തടയുകയും ചെയ്യുന്നു.” |
|
റോമർ 2:20 |
*** |
|
ഉൽപത്തി ൨:൪-൨൫ |
[൪] സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് ഈ ക്രമത്തിലായിരുന്നു. സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോള്‍ ഭൂമിയില്‍ സസ്യജാലങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു ചെടിയും മുളച്ചിരുന്നില്ല.[൫] കാരണം അവിടുന്ന് ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യുന്നതിനു മനുഷ്യനും ഉണ്ടായിരുന്നില്ല.[൬] ഭൂമിയില്‍നിന്ന് മഞ്ഞുപൊങ്ങി, ഭൂതലത്തെ നനച്ചുവന്നു.[൭] സര്‍വേശ്വരനായ ദൈവം ഭൂമിയിലെ മണ്ണുകൊണ്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി, അതിന്റെ മൂക്കില്‍ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യന് ജീവനുള്ളവനായിത്തീര്‍ന്നു.[൮] അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അതില്‍ പാര്‍പ്പിച്ചു.[൯] ഭംഗിയുള്ളതും സ്വാദിഷ്ഠവുമായ ഫലങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും ദൈവം അവിടെ മുളപ്പിച്ചു. തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ച് അറിവുനല്കുന്ന വൃക്ഷവും ഉണ്ടായിരുന്നു.[൧൦] തോട്ടം നനയ്ക്കുന്നതിന് ഏദനില്‍നിന്ന് ഒരു നദി ഒഴുകി, അവിടെനിന്ന് അതു നാലു ശാഖയായി പിരിഞ്ഞു.[൧൧] അവയില്‍ ആദ്യത്തെ ശാഖയുടെ പേര് പീശോന്‍. സ്വര്‍ണത്തിന്റെ നാടായ ഹവീലാ ചുറ്റി അത് ഒഴുകുന്നു.[൧൨] മാറ്റ് കൂടിയതാണ് അവിടത്തെ സ്വര്‍ണം. ഗുല്ഗുലുവും ഗോമേദകവും അവിടെയുണ്ട്.[൧൩] കൂശ്ദേശം ചുറ്റി ഒഴുകുന്ന ഗീഹോനാണ് രണ്ടാമത്തെ ശാഖ.[൧൪] മൂന്നാമത്തേത് ടൈഗ്രീസ്, അത് അസ്സീരിയയുടെ കിഴക്കുവശത്തുകൂടി ഒഴുകുന്നു. നാലാമത്തെ ശാഖയാണ് യൂഫ്രട്ടീസ്.[൧൫] ഏദന്തോട്ടത്തില് വേല ചെയ്യാനും അതിനെ സംരക്ഷിക്കാനും സര്‍വേശ്വരനായ ദൈവം മനുഷ്യനെ അവിടെ ആക്കി.[൧൬] അവിടുന്ന് മനുഷ്യനോടു പറഞ്ഞു: “ഈ തോട്ടത്തിലുള്ള ഏതു വൃക്ഷത്തിന്റെയും ഫലം യഥേഷ്ടം നിനക്ക് ഭക്ഷിക്കാം.[൧൭] എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നല്കുന്ന വൃക്ഷത്തിന്റെ ഫലം നീ തിന്നരുത്. അതു തിന്നുന്ന നാളില്‍ നീ നിശ്ചയമായും മരിക്കും.”[൧൮] സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല; അവനു തക്ക തുണയായി ഞാന്‍ ഒരാളെ സൃഷ്ടിച്ചു നല്‍കും.”[൧൯] അവിടുന്നു മണ്ണില്‍നിന്നു സകല മൃഗങ്ങളെയും പക്ഷികളെയും സൃഷ്ടിച്ചു. മനുഷ്യന് അവയ്ക്ക് എന്തു പേരു നല്കുമെന്നറിയാന് അവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന് വിളിച്ചത് അവയ്ക്കു പേരായി.[൨൦] എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ വന്യമൃഗങ്ങള്‍ക്കും മനുഷ്യന് പേരിട്ടു. എന്നാല്‍ അവയിലൊന്നും അവനു തക്ക തുണ ആയിരുന്നില്ല.[൨൧] അതുകൊണ്ടു സര്‍വേശ്വരനായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാക്കി, അവന്റെ വാരിയെല്ലുകളില്‍ ഒരെണ്ണം എടുത്തു; ആ വിടവ് മാംസംകൊണ്ടു മൂടി.[൨൨] അവിടുന്ന് മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ സൃഷ്ടിച്ച് അവന്റെ അടുക്കല്‍ കൊണ്ടുവന്നു.[൨൩] അപ്പോള്‍ മനുഷ്യന് പറഞ്ഞു: “ഇപ്പോള്‍ ഇതാ, എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും!” നരനില്നിന്ന് എടുത്തിരിക്കുന്നതിനാല്‍ ഇവള് നാരി എന്നു വിളിക്കപ്പെടും.[൨൪] അതുകൊണ്ട് പുരുഷന് മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും. അവര്‍ ഇരുവരും ഒരു ശരീരമായിത്തീരും.[൨൫] പുരുഷനും സ്ത്രീയും നഗ്നരായിരുന്നു എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയില്ല. |
|
വെളിപ്പെടുന്ന ൧൧:൧൫-൧൮ |
[൧൫] അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോള്‍ സ്വര്‍ഗത്തില്‍ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സര്‍വേശ്വരന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും രാജ്യമായിത്തീര്‍ന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം.[൧൬] അപ്പോള്‍ ദൈവസന്നിധിയിലുള്ള സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ ദൈവമുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു:[൧൭] ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും സര്‍വശക്തനുമായ ദൈവമേ! അവിടുന്നു മഹാശക്തി ധരിച്ചുകൊണ്ട് വാണരുളുവാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു.[൧൮] വിജാതീയര്‍ രോഷാകുലരായി; അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു. മരിച്ചവര്‍ വിധിക്കപ്പെടുന്നതിനുള്ള സമയം സമാഗതമായി. അന്ന് അവിടുത്തെ ദാസന്മാരായ പ്രവാചകന്മാര്ക്കും വിശുദ്ധന്മാര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലം നല്കപ്പെടുകയും ഭൂമിയെ നശിപ്പിക്കുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും. |
|
കൊളോസിയക്കാർ ൧:൧൫-൧൬ |
[൧൫] അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്ടികള്‍ക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു.[൧൬] ദൈവം തന്റെ പുത്രന് മുഖേനയാണ് സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുള്‍പ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്ടിക്കപ്പെട്ടത് പുത്രനില്‍ക്കൂടിയും പുത്രനുവേണ്ടിയും ആണ്. |
|
വെളിപ്പെടുന്ന ൧:൫ |
ഏഴ് ആത്മാക്കളില്‍നിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവനും, ഭൂമിയിലെ രാജാധിരാജനുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. |
|
വെളിപ്പെടുന്ന ൫:൬ |
അപ്പോള്‍ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ഇടയ്ക്ക് ശ്രേഷ്ഠപുരുഷന്മാരുടെ മധ്യത്തില്‍ ഒരു കുഞ്ഞാടു നില്ക്കുന്നതു ഞാന്‍ കണ്ടു. കൊല്ലപ്പെട്ടതായി തോന്നിയ ആ കുഞ്ഞാടിന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. ലോകമെങ്ങും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായിരുന്നു ആ ഏഴു കണ്ണുകള്‍. |
|
വെളിപ്പെടുന്ന ൧൩:൧൪ |
ആദ്യത്തെ മൃഗത്തിന്റെ മുമ്പില്‍വച്ച് ചെയ്യുവാന്‍ അനുവദിച്ച അദ്ഭുതങ്ങള്‍ കാണിച്ച് രണ്ടാമത്തെ മൃഗം ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യരെ വഴിതെറ്റിക്കുകയും വാളുകൊണ്ടുള്ള വെട്ടേറ്റിട്ടും അതിനെ അതിജീവിച്ചവന്റെ വിഗ്രഹം ഉണ്ടാക്കുവാന്‍ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്തു. |
|
വെളിപ്പെടുന്ന ൧൭:൧൮ |
“നീ കണ്ട സ്ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല് അധികാരമുള്ള മഹാനഗരം തന്നെ.” |
|
ഇയ്യോബ് ൨൬:൭ |
ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേല്‍ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്ക്കുമേല് തൂക്കിയിട്ടു. |
|
ഇസയ ൪൦:൨൨ |
സര്‍വേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികള്‍ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവര്‍ത്തുകയും ചെയ്യുന്നു. |
|
ഉൽപത്തി ൧:൧-൩ |
[൧] ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.[൨] ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴത്തിന്മീതെ എങ്ങും അന്ധകാരം നിറഞ്ഞിരുന്നു. ദിവ്യചൈതന്യം ജലത്തിന്മീതെ വ്യാപരിച്ചുകൊണ്ടിരുന്നു.[൩] “വെളിച്ചമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; വെളിച്ചമുണ്ടായി. |
|
സഭാപ്രസംഗകൻ ൧:൧൩-൧൭ |
[൧൩] ആകാശത്തിന്കീഴില് നടക്കുന്നതെല്ലാം ബുദ്ധിപൂര്‍വം ആരാഞ്ഞറിയാന്‍ ഞാന്‍ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാന്‍ ദൈവം നല്‍കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം![൧൪] സൂര്യനു കീഴില്‍ നടക്കുന്നതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യര്‍ഥവുമാണ്.[൧൫] വളഞ്ഞതു നേരെയാക്കാന്‍ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല.[൧൬] യെരൂശലേം ഭരിച്ച എന്റെ മുന്‍ഗാമികളെക്കാള്‍ മഹത്തായ ജ്ഞാനം ഞാന്‍ ആര്‍ജിച്ചിരിക്കുന്നു; എനിക്കു വലിയ അനുഭവജ്ഞാനവും അറിവും ഉണ്ട് എന്നു ഞാന്‍ വിചാരിച്ചു.[൧൭] ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാന്‍ ഞാന്‍ മനസ്സുവച്ചു. ഇതും പാഴ്വേലയാണെന്നു ഞാന്‍ കണ്ടു. |
|
ഉൽപത്തി ൨:൪ |
സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് ഈ ക്രമത്തിലായിരുന്നു. സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോള്‍ ഭൂമിയില്‍ സസ്യജാലങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു ചെടിയും മുളച്ചിരുന്നില്ല. |
|
ദാനിയേൽ ൧൨:൪ |
ദാനിയേലേ, അന്ത്യകാലംവരെ നീ ഈ വചനം രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്ക്കുക. അനേകര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ദുഷ്ടത വര്‍ധിക്കും. |
|
ഇസയ ൪൨:൫ |
ആകാശം സൃഷ്ടിച്ച് നിവര്‍ത്തുകയും ഭൂമിക്കും അതിലുള്ളവയ്ക്കും രൂപം നല്‍കുകയും അതില്‍ നിവസിക്കുന്നവര്‍ക്കു ശ്വാസവും അതില്‍ ചരിക്കുന്നവര്‍ക്കു ചൈതന്യവും കൊടുക്കുകയും ചെയ്ത സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ സര്‍വേശ്വരനാകുന്നു. നീതിപൂര്‍വം ഞാന്‍ നിന്നെ വിളിച്ചു, ഞാന്‍ കൈക്കു പിടിച്ചു നടത്തി നിന്നെ സംരക്ഷിച്ചു. |
|
ഇയ്യോബ് ൨൬:൭-൧൪ |
[൭] ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേല്‍ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്ക്കുമേല് തൂക്കിയിട്ടു.[൮] അവിടുന്നു ജലത്തെ കാര്മേഘങ്ങളില് ബന്ധിക്കുന്നു; അതു വഹിക്കുന്ന കാര്‍മുകില്‍ ചീന്തിപ്പോകുന്നില്ല.[൯] അവിടുന്നു ചന്ദ്രന്റെ മുഖത്തെ മറയ്ക്കുന്നു. അതിനു മീതെ മേഘത്തെ വിരിക്കുന്നു.[൧൦] ഇരുളും വെളിച്ചവും സന്ധിക്കുന്നു. സമുദ്രമുഖത്ത് അവിടുന്ന് ഒരു വൃത്തം വരച്ചു.[൧൧] ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു; അവിടുത്തെ ശാസനയാല് അവ നടുങ്ങുന്നു.[൧൨] അവിടുന്നു മഹാശക്തിയാല്‍ സമുദ്രത്തെ നിശ്ചലമാക്കി; അവിടുത്തെ ജ്ഞാനത്താല്‍ രഹബിനെ തകര്‍ത്തു.[൧൩] അവിടുത്തെ ശ്വാസത്താല്‍ ആകാശം ശോഭയുള്ളതായി; അവിടുത്തെ കരങ്ങള്‍ പാഞ്ഞുപോകുന്ന സര്‍പ്പത്തെ പിളര്‍ന്നു.[൧൪] ഇവയൊക്കെ അവിടുത്തെ നിസ്സാര പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്; അവിടുത്തെ ഒരു നേരിയ സ്വരമേ നാം കേട്ടിട്ടുള്ളൂ. അവിടുത്തെ ശക്തിയുടെ മുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും?” |
|
സങ്കീർത്തനങ്ങൾ ൧൦൪:൫ |
ഭൂമിയെ ഇളക്കം തട്ടാത്തവിധം അതിന്റെ അസ്തിവാരത്തില്‍, അവിടുന്ന് ഉറപ്പിച്ചിരിക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൧൦൪:൯ |
വെള്ളം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍, അങ്ങ് അതിന് അലംഘനീയമായ അതിരിട്ടു. |
|
ഇസയ ൪൫:൧൨ |
ഞാന്‍ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്ടിച്ചു. ആകാശമേലാപ്പു നിവര്‍ത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങള്‍ക്കും ഞാന്‍ ആജ്ഞ നല്കുന്നു. |
|
ആമോസ് ൯:൬ |
അവിടുന്നു മേഘങ്ങളെക്കൊണ്ടു ഹര്‍മ്യങ്ങള്‍ നിര്‍മിക്കുകയും കടല്‍ജലത്തെ വിളിച്ചു വരുത്തി മഴ പെയ്യിക്കുകയും ചെയ്യുന്നു. സര്വേശ്വരന് എന്നാണ് അവിടുത്തെ നാമം. |
|
ഉൽപത്തി ൬:൧൨ |
ദൈവം ഭൂമിയുടെ അവസ്ഥ ദര്‍ശിച്ചു; അതു സര്‍വത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായിത്തീര്‍ന്നിരുന്നു. |
|
ഉൽപത്തി ൮:൯ |
കാലുകുത്താന്‍ ഇടം കാണാതെ അതു പെട്ടകത്തില്‍ നോഹയുടെ അടുക്കല്‍ തിരിച്ചെത്തി. അപ്പോഴും ഭൂതലം മുഴുവന്‍ വെള്ളംകൊണ്ടു മൂടിയിരുന്നു. നോഹ കൈ നീട്ടി ആ പ്രാവിനെ പിടിച്ചു പെട്ടകത്തിന്റെ ഉള്ളിലാക്കി. |
|
ഉൽപത്തി ൯:൧൧ |
ജലപ്രളയത്താല്‍ ഇനിമേല്‍ ജീവികളെയെല്ലാം നശിപ്പിക്കുകയില്ല; ഭൂമിയെ സമൂലം നശിപ്പിക്കത്തക്കവിധം ഇനി ഒരു ജലപ്രളയം ഉണ്ടാകയുമില്ല എന്ന ഈ ഉടമ്പടി നിങ്ങളുമായി സ്ഥാപിച്ചിരിക്കുന്നു. |
|
ഇസയ ൧൧:൧൨ |
അവിടുന്നു വിജാതീയരെ ഒരുമിച്ചു കൂട്ടാന്‍ ഒരു കൊടിയടയാളം ഉയര്‍ത്തും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യെഹൂദ്യയില്‍നിന്നു ചിതറിപ്പോയവരെയും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു കൂട്ടിവരുത്തും. |
|
ദാനിയേൽ ൧൨:൧-൩ |
[൧] അക്കാലത്ത് നിന്റെ ജനത്തെ സംരക്ഷിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ പ്രത്യക്ഷനാകും. നിങ്ങള്‍ ഒരു ജനതയായിത്തീര്‍ന്ന നാള്‍മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതകള്‍ ഉണ്ടാകും. എന്നാല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ള തന്റെ ജനം മുഴുവനും രക്ഷിക്കപ്പെടും.[൨] നിലത്തെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ അനേകര്‍ ഉണരും. അവരില്‍ ചിലര്‍ നിത്യജീവനും മറ്റുചിലര്‍ നിത്യമായ ലജ്ജയ്ക്കും പരിഹാസത്തിനും പാത്രമാകും.[൩] ജ്ഞാനികള്‍ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയില്‍ നയിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും. |
|
ഇസയ ൫൧:൧൩ |
ഭൂമിക്ക് അടിസ്ഥാനമിടുകയും ആകാശത്തെ നിവര്‍ത്തുകയും ചെയ്തവനും നിന്നെ സൃഷ്ടിച്ചവനുമായ സര്‍വേശ്വരനെ നീ വിസ്മരിച്ചോ? |
|
ജെറേമിയ ൧൦:൧൨ |
സ്വന്തം ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചതും; സ്വന്തം ജ്ഞാനത്താല്‍ അതിനെ സ്ഥാപിച്ചതും സ്വന്തം വിവേകത്താല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്. |
|
ഇസയ ൫൫:൧൦ |
ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും നല്കുന്നു. |
|
ഉൽപത്തി ൧൦:൨൫ |
ഏബെറിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു പെലെഗ്. അയാളുടെ കാലത്ത് ഭൂവാസികള്‍ പലതായി പിരിഞ്ഞു. |
|
യൂദാ ൧:൯ |
എന്നാല്‍ മാലാഖമാരില്‍ മുഖ്യനായ മിഖായേല്‍ മോശയുടെ ശരീരത്തെപ്പറ്റി പിശാചിനോട് തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു നിന്ദാവചനംപോലും ഉച്ചരിക്കുവാന്‍ തുനിഞ്ഞില്ല. പിന്നെയോ ‘കര്‍ത്താവു നിന്നെ ഭര്ത്സിക്കട്ടെ’ എന്നു പറയുക മാത്രമേ ചെയ്തുള്ളൂ. |
|
കൊളോസിയക്കാർ ൧:൧൫ |
അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്ടികള്‍ക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു. |
|
൧ തെസ്സലൊനീക്യർ ൪:൧൬ |
ഗംഭീരനാദം, പ്രധാനദൂതന്റെ ഘോഷം, ദൈവത്തിന്റെ കാഹളധ്വനി ഇവയോടുകൂടി കര്‍ത്താവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരും. ക്രിസ്തുവില്‍ വിശ്വസിച്ചു മരിച്ചവര്‍ ആദ്യം ഉയിര്ത്തെഴുന്നേല്ക്കും. |
|
വെളിപ്പെടുന്ന ൩:൧൪ |
ലവൊദിക്യ സഭയുടെ മാലാഖയ്ക്ക് എഴുതുക: “വിശ്വസ്തനും, സത്യസാക്ഷിയും, ഈശ്വരസൃഷ്ടിയുടെ ആരംഭവുമായ ആമേന്‍ അരുള്‍ചെയ്യുന്നത്: |
|
ഇസയ ൯:൬ |
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില്‍ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവന് വിളിക്കപ്പെടും. |
|
ദാനിയേൽ ൧൧:൧ |
മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാംവര്‍ഷം അദ്ദേഹത്തെ സഹായിക്കാനും ബലപ്പെടുത്താനും ഞാന്‍ ചെന്നു. |
|
സങ്കീർത്തനങ്ങൾ ൨൨:൧൬ |
ദുഷ്ടന്മാരുടെ കൂട്ടം നായ്ക്കളെപ്പോലെ എന്നെ വളഞ്ഞു; അവര്‍ എന്റെ കൈകാലുകള്‍ കടിച്ചുകീറി. |
|
ഇയ്യോബ് ൨൮:൨൫ |
അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോള്‍, സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോള്‍, |
|
ഇയ്യോബ് ൩൮:൧൬ |
സമുദ്രത്തിന്റെ ഉറവിടത്തില്‍ നീ പ്രവേശിച്ചിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ? |
|
സഭാപ്രസംഗകൻ ൧:൭ |
എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികള്‍ ഉദ്ഭവിച്ചിടത്തേക്കുതന്നെ, വെള്ളം തിരികെ ചെല്ലുന്നു. |
|
ജോൺ ൧:൧൮ |
പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന് അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു. |
|
ഉൽപത്തി ൧:൬-൮ |
[൬] ജലത്തെ വേര്‍തിരിക്കുവാന്‍ “ജലമധ്യത്തില്‍ ഒരു വിതാനമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു.[൭] അങ്ങനെ വിതാനമുണ്ടാക്കി, അതിന്റെ മുകളിലും കീഴിലും ഉള്ള ജലത്തെ ദൈവം വേര്‍തിരിച്ചു.[൮] വിതാനത്തിനു ദൈവം ആകാശം എന്നു പേരിട്ടു. സന്ധ്യയായി, ഉഷസ്സായി; രണ്ടാം ദിവസം. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |