A A A A A

അധിക: [പോലീസ്]


൨ തിമൊഥെയൊസ് ൧:൭
എന്തെന്നാല്‍ ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മസംയമനത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‌കിയത്.

ഇസയ ൧:൧൭
നന്മ ചെയ്യാന്‍ പരിശീലിക്കുവിന്‍; നീതി ഉറപ്പു വരുത്തുവിന്‍; മര്‍ദിതനു സഹായം ചെയ്യുവിന്‍; അനാഥനു സംരക്ഷണം നല്‌കുവിന്‍; വിധവയ്‍ക്കുവേണ്ടി വാദിക്കുവിന്‍.

ഇസയ ൬:൮
പിന്നീടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: “ഞാന്‍ ആരെ അയയ്‍ക്കും? ആര്‍ നമുക്കുവേണ്ടി പോകും?” അപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇതാ ഞാന്‍, എന്നെ അയച്ചാലും.”

ഇസയ ൫൪:൧൭
ന്യായവിധിയില്‍ നിനക്കെതിരെ ഉയരുന്ന ഓരോ വാദവും നീ ഖണ്ഡിക്കും. ഇതു സര്‍വേശ്വരന്‍റെ ദാസന്മാരുടെ അവകാശവും എന്‍റെ നീതി നടത്തലുമാണെന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

ജോൺ ൧൫:൧൩
സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലുതായ സ്നേഹം ആര്‍ക്കുമില്ലല്ലോ.

യോശുവ ൧:൯
ശക്തനും ധീരനും ആയിരിക്കുക എന്നു ഞാന്‍ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും.”

ലൂക്കോ ൧:൭൯
കൂരിരുട്ടിലും മരണത്തിന്‍റെ കരിനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം പകരുന്നതിനും സമാധാനത്തിന്‍റെ മാര്‍ഗത്തില്‍ നമ്മുടെ പാദങ്ങള്‍ നയിക്കുന്നതിനും ഉന്നതത്തില്‍നിന്ന് ഉഷസ്സ് നമ്മുടെമേല്‍ ഉദയംചെയ്യും.”

ലൂക്കോ ൧൦:൧൯
ഇതാ, സര്‍പ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്‍റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

ലൂക്കോ ൫:൯
[9,10] അന്നത്തെ മീന്‍പിടിത്തത്തില്‍ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്‍റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതല്‍ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.

സുഭാഷിതങ്ങൾ ൨൧:൧൫
നീതി പ്രവര്‍ത്തിക്കുന്നതു നീതിമാന്മാര്‍ക്ക് സന്തോഷവും ദുര്‍ജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു.

സുഭാഷിതങ്ങൾ ൨൪:൧൧
കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക; കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയില്‍നിന്നു മോചിപ്പിക്കുക;

സുഭാഷിതങ്ങൾ ൨൭:൧൭
ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ചകൂട്ടുന്നു; മനുഷ്യന്‍ മനുഷ്യന്‍റെ ജ്ഞാനം വര്‍ധിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ ൧൦൧:൮
ദേശത്തുള്ള ദുഷ്ടരെ ഞാന്‍ ദിനംപ്രതി നശിപ്പിക്കും. സര്‍വേശ്വരന്‍റെ നഗരത്തില്‍നിന്നു ഞാന്‍ ദുഷ്കര്‍മികളെ നിര്‍മ്മാര്‍ജനം ചെയ്യും.

സങ്കീർത്തനങ്ങൾ 82:3-4
[3] എളിയവനും അനാഥനും നീതി പാലിച്ചു കൊടുക്കുവിന്‍, പീഡിതന്‍റെയും അഗതിയുടെയും അവകാശം സംരക്ഷിക്കുവിന്‍;[4] ദുര്‍ബലനെയും എളിയവനെയും രക്ഷിക്കുവിന്‍. ദുഷ്ടരില്‍നിന്ന് അവരെ വിടുവിക്കുവിന്‍.

ടൈറ്റസ് 3:1-2
[1] ഭരണാധിപന്മാര്‍ക്കും മറ്റ് അധികാരികള്‍ക്കും കീഴ്പെട്ടിരിക്കുവാനും, അനുസരണവും ഉത്തമമായ ഏതുജോലിയും ചെയ്യുവാന്‍ സന്നദ്ധതയും ഉള്ളവര്‍ ആയിരിക്കുവാനും,[2] ശണ്ഠകള്‍ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക.

൧ പത്രോസ് 2:13-17
[13] കര്‍ത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരസ്ഥാനങ്ങളോടും വിധേയരായിരിക്കുക.[14] പരമാധികാരി ആയതുകൊണ്ട് ചക്രവര്‍ത്തിക്കും, ദുഷ്പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും സല്‍പ്രവൃത്തിചെയ്യുന്നവരെ പ്രശംസിക്കുന്നതിനുംവേണ്ടി അദ്ദേഹം അയയ്‍ക്കുന്ന ഗവര്‍ണര്‍മാര്‍ക്കും കീഴടങ്ങുക.[15] അജ്ഞതയില്‍നിന്ന് ആരോപണം ഉന്നയിക്കുന്ന ഭോഷന്മാരെ, നിങ്ങളുടെ സല്‍പ്രവൃത്തികള്‍കൊണ്ടു മിണ്ടാതാക്കണം. അതാണ് ദൈവത്തിന്‍റെ തിരുഹിതം.[16] സ്വതന്ത്രരായി ജീവിക്കുക; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്‍ക്കു മറയാക്കാതെ ദൈവത്തിന്‍റെ അടിമകളായി ജീവിക്കണം.[17] എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവര്‍ത്തിയെ സമാദരിക്കുകയും ചെയ്യുക.

സങ്കീർത്തനങ്ങൾ 18:37-43
[37] എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.[38] എഴുന്നേല്‌ക്കാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍റെ കാല്‍ക്കീഴില്‍ അമര്‍ന്നു.[39] യുദ്ധത്തിനായി ബലംകൊണ്ട് അവിടുന്ന് എന്‍റെ അര മുറുക്കി; വൈരികളുടെമേല്‍ എനിക്കു വിജയം നല്‌കി.[40] എന്‍റെ ശത്രുക്കളെ അവിടുന്ന് പലായനം ചെയ്യിച്ചു, എന്നെ പകച്ചവരെ ഞാന്‍ നശിപ്പിച്ചു.[41] അവര്‍ സഹായത്തിനുവേണ്ടി നിലവിളിച്ചു, എന്നാല്‍ വിടുവിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു; എന്നാല്‍ അവിടുന്ന് ഉത്തരമരുളിയില്ല.[42] കാറ്റില്‍ പാറുന്ന ധൂളിപോലെ ഞാന്‍ അവരെ തകര്‍ത്തു; വഴിയിലെ ചെളിപോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.[43] ജനത്തിന്‍റെ പ്രക്ഷോഭത്തില്‍നിന്ന് അങ്ങ് എന്നെ രക്ഷിച്ചു. അവിടുന്ന് എന്നെ ജനതകളുടെ അധിപതിയാക്കി; എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.

റോമർ 13:1-14
[1] എല്ലാവരും രാഷ്ട്രത്തിന്‍റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്.[2] അതുകൊണ്ട് അധികാരത്തെ എതിര്‍ക്കുന്നവന്‍ ദൈവത്തിന്‍റെ വ്യവസ്ഥയെയാണ് എതിര്‍ക്കുന്നത്; അങ്ങനെ ചെയ്യുന്നവന്‍ ശിക്ഷാവിധി വരുത്തിവയ്‍ക്കും.[3] നന്മപ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പില്‍ നിര്‍ഭയനായിരിക്കുവാന്‍ നീ ഇച്ഛിക്കുന്നുവോ? എങ്കില്‍ നന്മ ചെയ്യുക.[4] അപ്പോള്‍ അധികാരി നിന്നെ പ്രശംസിക്കും. നിന്‍റെ നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവദാസനാണയാള്‍. എന്നാല്‍ നീ തിന്മ ചെയ്താല്‍ അധികാരിയെ ഭയപ്പെടണം. എന്തെന്നാല്‍ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാര്‍ഥമായിട്ടുള്ളതാണ്. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാള്‍.[5] ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്.[6] തങ്ങളുടെ ഔദ്യോഗികധര്‍മം നിറവേറ്റുമ്പോള്‍ അധികാരികള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണല്ലോ നിങ്ങള്‍ നികുതി കൊടുക്കുന്നത്.[7] അവര്‍ക്കു കൊടുക്കുവാനുള്ളതു നിങ്ങള്‍ അവര്‍ക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവര്‍ക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം.[8] അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെടരുത്. സ്നേഹിക്കുന്നവന്‍ നിയമം നിറവേറ്റുന്നു.[9] ‘വ്യഭിചരിക്കരുത്, കൊല ചെയ്യരുത്, മോഷ്‍ടിക്കരുത്, അന്യായമായി ആഗ്രഹിക്കരുത് എന്നീ കല്പനകളും അതോടുചേര്‍ന്നുള്ള മറ്റേതു കല്പനയും ‘നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.[10] അയല്‍ക്കാരനെ സ്നേഹിക്കുന്ന ഒരുവന്‍ ഒരിക്കലും അയാള്‍ക്കു ദോഷം ചെയ്യുകയില്ല. അപ്പോള്‍ ‘സ്നേഹിക്കുക’ എന്നത് നിയമസംഹിത മുഴുവന്‍ അനുസരിക്കുകയാണ്.[11] നിദ്രവിട്ടുണരാന്‍ സമയമായിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട് നിങ്ങള്‍ ഇതു ചെയ്യണം. നമ്മുടെ രക്ഷയുടെ സമയം, നാം ആദ്യം വിശ്വാസത്തിലേക്കു വന്ന കാലത്തേതിനെക്കാള്‍ ആസന്നമായിരിക്കുന്നു.[12] രാത്രി കഴിയാറായി; പകല്‍ ഇതാ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട് അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ നിറുത്തിയിട്ട് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കുക.[13] പകല്‍വെളിച്ചത്തില്‍ ജീവിക്കുന്നവരെപ്പോലെ നാം യോഗ്യമായി പെരുമാറുക; മദ്യപാനത്തിലോ, വിഷയാസക്തിയിലോ, ദുര്‍മാര്‍ഗത്തിലോ, അശ്ലീലതയിലോ, ശണ്ഠയിലോ, അസൂയയിലോ വ്യാപരിക്കാതെ[14] കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ ധരിച്ചുകൊള്ളുക. മോഹങ്ങള്‍ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.

സുഭാഷിതങ്ങൾ 28:1-28
[1] ആരും പിന്‍തുടരാതിരിക്കുമ്പോഴും ദുഷ്ടന്‍ പേടിച്ചോടുന്നു; നീതിനിഷ്ഠന്‍ സിംഹത്തെപ്പോലെ ധീരനായിരിക്കും.[2] ഒരു രാജ്യത്ത് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭരണകര്‍ത്താക്കളുടെ എണ്ണം വര്‍ധിക്കുന്നു. വിവേകവും പരിജ്ഞാനവും ഉള്ള ആളുകള്‍ ഉണ്ടാകുമ്പോള്‍ അതിന്‍റെ സുസ്ഥിരത നീണ്ടുനില്‌ക്കും.[3] ദരിദ്രരെ പീഡിപ്പിക്കുന്ന അധികാരി വിളവു നിശ്ശേഷം നശിപ്പിക്കുന്ന പേമാരിയാകുന്നു.[4] ധര്‍മശാസ്ത്രം പരിത്യജിക്കുന്നവന്‍ ദുഷ്ടന്മാരെ പ്രശംസിക്കുന്നു; എന്നാല്‍ അവ അനുസരിക്കുന്നവന്‍ അവരെ എതിര്‍ക്കുന്നു.[5] ദുര്‍ജനം നീതി തിരിച്ചറിയുന്നില്ല; സര്‍വേശ്വരനെ ആരാധിക്കുന്നവര്‍ അതു പൂര്‍ണമായും തിരിച്ചറിയുന്നു.[6] വക്രമാര്‍ഗത്തില്‍ ചരിക്കുന്നവനിലും മെച്ചം നേര്‍വഴിയില്‍ നടക്കുന്ന ദരിദ്രനാണ്.[7] ധര്‍മശാസ്ത്രം പാലിക്കുന്നവന്‍ ബുദ്ധിയുള്ള മകനാണ്; തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു.[8] പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത് അഗതികളോടു ദയ കാട്ടുന്നവനില്‍ ചെന്നു ചേരുന്നു.[9] ധര്‍മശാസ്ത്രം കേള്‍ക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ പ്രാര്‍ഥനപോലും അറപ്പുളവാക്കുന്നു.[10] സത്യസന്ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍തന്നെ വീഴും; പരമാര്‍ഥഹൃദയരോ നന്മ അനുഭവിക്കും.[11] ധനവാന്‍ ജ്ഞാനിയെന്നു സ്വയം കരുതുന്നു; എന്നാല്‍ വിവേകമുള്ള ദരിദ്രന്‍ അവനെ വിവേചിച്ചറിയുന്നു.[12] നീതിനിഷ്ഠന്‍ വിജയിക്കുമ്പോള്‍ എങ്ങും ആഹ്ലാദം ഉണ്ടാകും; എന്നാല്‍ ദുഷ്ടന്‍റെ ഉയര്‍ച്ചയില്‍ മനുഷ്യന്‍ ഓടി ഒളിക്കുന്നു.[13] തന്‍റെ തെറ്റുകള്‍ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.[14] എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവന്‍ അനുഗൃഹീതന്‍, എന്നാല്‍ ഹൃദയം കഠിനമാക്കുന്നവന്‍ അനര്‍ഥത്തില്‍ അകപ്പെടും.[15] ഗര്‍ജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടന്‍ പാവപ്പെട്ടവരുടെമേല്‍ ഭരണം നടത്തുന്നത്.[16] വിവേകശൂന്യനായ ഭരണാധിപന്‍ നിഷ്ഠുരനായ ജനമര്‍ദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീര്‍ഘായുസ്സുണ്ടാകും.[17] കൊലപാതകി മരണംവരെ അലയട്ടെ, ആരും അവനെ സഹായിക്കരുത്.[18] നേര്‍വഴിയില്‍ ചരിക്കുന്നവന്‍ രക്ഷിക്കപ്പെടും, വക്രമാര്‍ഗം സ്വീകരിക്കുന്നവന്‍ കുഴിയില്‍ വീഴും.[19] അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും; എന്നാല്‍ സമയം പാഴാക്കുന്നവന്‍ ദാരിദ്ര്യം അനുഭവിക്കും.[20] വിശ്വസ്തനായ മനുഷ്യന്‍ അനുഗ്രഹസമ്പന്നനാകും; എന്നാല്‍ ധനവാനാകാന്‍ തിടുക്കം കൂട്ടുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല.[21] പക്ഷപാതം കാട്ടുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യന്‍ തെറ്റു ചെയ്യുന്നു.[22] ലുബ്ധന്‍ സമ്പത്തിന്‍റെ പിന്നാലെ ഓടുന്നു; എന്നാല്‍ തനിക്കു ദാരിദ്ര്യം വരുമെന്ന് അവന്‍ അറിയുന്നില്ല.[23] മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും.[24] മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു പറയുന്നവന്‍ വിനാശകന്‍റെ കൂട്ടുകാരന്‍ ആകുന്നു.[25] അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും.[26] സ്വന്തം ബുദ്ധിയില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍ ഭോഷന്‍; വിജ്ഞാനത്തില്‍ വ്യാപരിക്കുന്നവനോ വിമോചിതനാകും.[27] ദരിദ്രനു ദാനം ചെയ്യുന്നവന്‍ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്‍റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവര്‍ഷം ഏല്‌ക്കേണ്ടിവരും.[28] ദുഷ്ടര്‍ക്ക് ഉയര്‍ച്ച വരുമ്പോള്‍ ആളുകള്‍ ഓടി ഒളിക്കുന്നു. അവര്‍ നശിക്കുമ്പോള്‍ നീതിമാന്മാര്‍ പ്രബലരാകുന്നു.

ലൂക്കോ 11:21
“ബലിഷ്ഠനായ ഒരുവന്‍ ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോള്‍ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും.

മത്തായി 5:9
സമാധാനമുണ്ടാക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവം അവരെ തന്‍റെ പുത്രന്മാരെന്നു വിളിക്കും!

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India