A A A A A

പാപങ്ങൾ: [അത്യാഗ്രഹം]


൧ യോഹ 2:16
ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിന്റേതല്ല, എന്നാൽ ലോകത്തിന്റേതത്രെ ആകുന്നു.

൨ കൊരിന്ത്യർ 9:7
അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; എന്തെന്നാൽ, സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

സഭാപ്രസംഗകൻ 5:10
ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല.സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ.

ഹെബ്രായർ 13:5
നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

ലൂക്കോ 12:15
പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; അവന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു.

മത്തായി ൬:൨൪
രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല; അങ്ങനെ ചെയ്താൽ ഒരുവനെ പകച്ച് മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോട് പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല.

സുഭാഷിതങ്ങൾ ൧൧:൨൮
തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.

സുഭാഷിതങ്ങൾ 13:11
അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.

സുഭാഷിതങ്ങൾ ൧൪:൩൧
എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.

സുഭാഷിതങ്ങൾ 15:27
ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.

സുഭാഷിതങ്ങൾ 20:21
ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.

സുഭാഷിതങ്ങൾ 22:1-9
[1] അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.[2] ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്; അവരുടെ സൃഷ്ടാവ് യഹോവ തന്നെ.[3] വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.[4] താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.[5] വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.[6] ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.[7] ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.[8] നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്റെ കോപത്തിന്റെ വടി വിഫലമാകും.[9] ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ.

സുഭാഷിതങ്ങൾ 28:22-25
[22] ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല.[23] ചക്കരവാക്ക് പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും.[24] അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് ‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്റെ സഖി.[25] അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും.

൧ പത്രോസ് 5:2-3
[2] അതുകൊണ്ട് നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും, അധർമ്മമായ ലാഭമോഹംകൊണ്ടല്ല, ഉന്മേഷത്തോടെയും[3] നിങ്ങളുടെ പരിപാലനത്തിൻ കീഴുള്ളവരുടെ മേൽ യജമാനനെപ്പോലെ അധികാര പ്രമത്തത കാട്ടുകയല്ല, ആട്ടിൻ കൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടത്രെ വേണ്ടത്.

൧ കൊരിന്ത്യർ 4:11-13
[11] ഈ സമയം വരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടുംവണ്ണം വസ്ത്രം ധരിക്കുവാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു.[12] സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ട് നല്ലവാക്ക് പറയുന്നു.[13] ഞങ്ങൾ ലോകത്തിലെ പാഴ്‌വസ്തുക്കളായും ഇന്നുവരെയും സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.

൧ തിമൊഥെയൊസ് 6:6-19
[6] എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും.[7] എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.[8] ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു.[9] എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.[10] എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.[11] എന്നാൽ ദൈവമനുഷ്യനായ നീ, ഈ വക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.[12] വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ.[13] നീ നിഷ്കളങ്കനും യാതൊരു അപവാദവും ഏൽക്കാത്തവനായി ഈ കല്പന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളണം[14] എന്ന് സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും, പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പിൽ നല്ല സാക്ഷ്യം വഹിച്ച ക്രിസ്തുയേശുവിനെയും സാക്ഷി നിർത്തി ഞാൻ നിന്നോട് കല്പിക്കുന്നു.[15] ധന്യനും ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും[16] താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവന് ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.[17] ഈ ലോകത്തിലെ ധനവാന്മാരോട്, ഉന്നതഭാവം കൂടാതെയോ നിശ്ചയമില്ലാത്ത ധനത്തിൽ ആശ്രയിക്കാതെയോ ഇരിക്കുവാനും, നമുക്ക് സകലവും ധാരാളമായി അനുഭവിക്കുവാൻ തരുന്ന ദൈവത്തിൽ[18] ആശ വയ്ക്കുവാനും നന്മചെയ്ത് സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യം ഉള്ളവരുമായി[19] സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന് വരുംകാലത്തേക്കു തങ്ങൾക്കുതന്നെ നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുവാനും ആജ്ഞാപിക്കുക.

ജെയിംസ് 5:1-6
[1] അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്ത് അലമുറയിട്ട് കരയുവിൻ.[2] നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പ് പുഴുവരിച്ചും പോയി.[3] നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകുകയും തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയുകയും ചെയ്യും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.[4] നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവച്ചിരിക്കുന്നുവല്ലോ; ഇതാ അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുകയും കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തുകയും ചെയ്തിരിക്കുന്നു.[5] നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെയും സുഖിച്ചും ജീവിക്കുന്നു; കൊലദിവസത്തിൽ എന്നപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.[6] നിങ്ങൾ നീതിമാനെ കുറ്റം വിധിച്ച് കൊന്നു; അവൻ നിങ്ങളോട് എതിർക്കുന്നതുമില്ല.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.