A A A A A

കണക്ക് അടയാളങ്ങൾ: [നമ്പർ ൫]


വെളിപ്പെടുന്ന ൧൩:൫-൧൮
[൫] അഹങ്കാരവും ദൈവനിന്ദയും പറയുന്നതിനുള്ള ഒരു വായ് അതിന് ലഭിച്ചു; നാല്പത്തിരണ്ട് മാസം പ്രവർത്തിപ്പാൻ അതിന് അധികാരം ഉണ്ടായി.[൬] ദൈവത്തേയും അവന്റെ നാമത്തേയും അവന്റെ കൂടാരത്തേയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും നിന്ദിപ്പാൻ വായ്തുറന്നു.[൭] വിശുദ്ധന്മാരോട് യുദ്ധം ചെയ്യുവാനും അവരെ ജയിക്കുവാനും അതിന് സാധിക്കുമായിരുന്നു. സകല വംശത്തിന്മേലും ഭാഷമേലും ജാതിമേലും കർത്തൃത്വം നടത്തുവാൻ അവന് അധികാരം ഉണ്ടായിരുന്നു.[൮] ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതായ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടില്ലാത്തവരായ ഭൂവാസികൾ എല്ലാവരും അതിനെ ആരാധിക്കും.[൯] കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.[൧൦] അടിമത്തത്തിലേക്ക് നയിക്കുന്നവർ അടിമത്തത്തിലായിപ്പോകും; ആരെങ്കിലും വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ കൊല്ലപ്പെടേണ്ടിവരും; വിശുദ്ധന്മാരുടെ സഹനവും വിശ്വാസവും ഇവിടെ ആവശ്യം.[൧൧] പിന്നെ മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറി വരുന്നത് ഞാൻ കണ്ട്; അതിന് കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അത് മഹാസർപ്പം എന്നപോലെ സംസാരിച്ചു.[൧൨] അതിന് മുമ്പുണ്ടായിരുന്ന ഒന്നാമത്തെ മൃഗത്തിന്റെ അധികാരം എല്ലാം അത് ഏറ്റെടുക്കുകയും ഭൂമിയെയും അതിൽ വസിക്കുന്നവരെയും മാരകമായ മുറിവ് സൗഖ്യമായ ഒന്നാം മൃഗത്തെ ആരാധിപ്പാൻ ഇടയാക്കുകയും ചെയ്യുന്നു.[൧൩] അത് ജനങ്ങളുടെ മുമ്പിൽ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീ ഇറക്കുന്നതുപോലെയുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കയും[൧൪] മൃഗത്തിന്റെ ദൃഷ്ടിയിൽ ചെയ്യുവാൻ തനിക്കു ലഭിച്ച അനുവാദം കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ വഞ്ചിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ ജീവിക്കുന്നവരോട് പറയുകയും ചെയ്യുന്നു.[൧൫] മൃഗത്തിന്റെ പ്രതിമയ്ക്ക് ജീവൻ നൽകുവാനും, പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവരെ എല്ലാം കൊല്ലേണ്ടതിനും അതിന് അധികാരം ഉണ്ടായിരുന്നു.[൧൬] അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളും സ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിക്കുവാനും;[൧൭] മുദ്രയോ, മൃഗത്തിന്റെ പേരോ, പേരിന്റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്ക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.[൧൮] ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അവന്റെ സംഖ്യ 666.

മത്തായി ൧൯:൯
ഞാനോ നിങ്ങളോടു പറയുന്നത്: ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

വെളിപ്പെടുന്ന ൧൧:൨-൩
[൨] എന്നാൽ ആലയത്തിന് പുറത്തുള്ള പ്രാകാരം വിട്ടേക്കുക, അത് അളക്കരുത്; അത് ജാതികൾക്ക് കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ട് മാസം ചവിട്ടി മെതിക്കും.[൩] ചണവസ്ത്രം ധരിച്ചുകൊണ്ട് ആയിരത്തിരുനൂറ്ററുപത് ദിവസം പ്രവചിക്കുവാനുള്ള അധികാരം ഞാൻ എന്റെ രണ്ടു സാക്ഷികൾക്കു കൊടുക്കും.”

മത്തായി ൫:൩൨
ഞാനോ നിങ്ങളോടു പറയുന്നത്: വ്യഭിചാരം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ വ്യഭിചാരിണിയാക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.

൨ തിമൊഥെയൊസ് 3:16
എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന്

വെളിപ്പെടുന്ന 4:6-8
[6] സിംഹാസനത്തിന്റെ മുമ്പിൽ സ്ഫടിക തുല്യമായ കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ ചുറ്റിലും, മുമ്പിലും പുറകിലും കണ്ണുകൾ നിറഞ്ഞിരുന്ന നാല് ജീവികൾ.[7] ഒന്നാം ജീവി സിംഹത്തെപ്പോലെ; രണ്ടാം ജീവി കാളയെപ്പോലെ മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകന് സമം.[8] നാല് ജീവികൾക്കും ആറ് ചിറകുകൾ വീതം, അവയ്ക്കുള്ളിൽ നിറയെ കണ്ണുകളും ഉണ്ടായിരുന്നു. ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ ഭേദം കൂടാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

സംഖ്യാപുസ്തകം ൫:൧൧-൩൧
[൧൧] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്.[൧൨] “നീ യിസ്രായേൽമക്കളോട് പറയേണ്ടത് എന്തെന്നാൽ: ഏതെങ്കിലും ഒരു പുരുഷന്റെ ഭാര്യ വഞ്ജിച്ച് അവനെ ദ്രോഹിച്ച്,[൧൩] അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും[൧൪] അവൾ ക്രിയയിൽ പിടിക്കപ്പെടാതിരിക്കുകയും, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയായിരിക്കുകയും ചെയ്യുകയോ, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയല്ലാതിരിക്കുകയും ചെയ്താൽ[൧൫] ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം; അവൾക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അത് സംശയത്തിന്റെ ഭോജനയാഗമല്ലോ; അപരാധസ്മാരകമായ ഭോജനയാഗം തന്നേ.[൧൬] പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തണം.[൧൭] പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടണം.[൧൮] പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വയ്ക്കണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കണം.[൧൯] പുരോഹിതൻ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോട് പറയേണ്ടത്: ‘ആരും നിന്നോടുകൂടി ശയിക്കുകയും നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്ക് തിരിയുകയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്ക് വരാതിരിക്കട്ടെ.[൨൦] എന്നാൽ നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകുകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടി ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ’ -[൨൧] അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ട് ശാപസത്യം ചെയ്യിച്ച് അവളോട്: ‘യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ഉദരം വീർപ്പിക്കുകയും ചെയ്ത് നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും ആക്ഷേപവും ആക്കി തീർക്കട്ടെ.[൨൨] ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ ഉദരം വീർപ്പിക്കുകയും നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ചെയ്യും’ എന്ന് പറയേണം. അതിന് സ്ത്രീ: ‘ആമേൻ, ആമേൻ’ എന്ന് പറയണം.[൨൩] പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കണം.[൨൪] അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും;[൨൫] പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്ത് യാഗപീഠത്തിന്മേൽ അർപ്പിക്കണം.[൨൬] പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം.[൨൭] അവൾ അശുദ്ധയായി തന്റെ ഭർത്താവിനോട് ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കുകയും നിതംബം ക്ഷയിക്കുകയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കുകയും ചെയ്യും.[൨൮] എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്ക് ദോഷം വരുകയില്ല; അവൾ ഗർഭം ധരിക്കും.[൨൯] ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;[൩൦] ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകുകയോ ജാരശങ്ക അവനെ ബാധിച്ച്, അവൻ ഭാര്യയെ സംശയിക്കുകയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമെല്ലാം അവളിൽ നടത്തണം.[൩൧] എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകുകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും”.

൧ രാജാക്കൻ‌മാർ ൭:൨൩
അവൻ താമ്രം കൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്ത് മുഴവും ഉയരം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.

ആവർത്തനപുസ്തകം ൬:൪
യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ.

മലാക്കി ൩:൧൦
എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിക്കുവിൻ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

സങ്കീർത്തനങ്ങൾ ൧൦൪:൯
ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് നീ അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.

ഉൽപത്തി ൬:൧൨
ദൈവം ഭൂമിയെ നോക്കി, ഭൂമിയിൽ എല്ലായിടത്തും വഷളത്തം വ്യാപിച്ചു. മനുഷ്യർ എല്ലാവരും ജീവിതകാലം മുഴുവൻ വഷളത്തത്തിൽ ജീവിച്ചിരുന്നു.

ഉൽപത്തി ൭:൨൦
പർവ്വതങ്ങൾ മുങ്ങുവാൻ തക്കവണ്ണം വെള്ളം പതിനഞ്ച് മുഴം അവയ്ക്കു മീതെ പൊങ്ങി.

ഉൽപത്തി ൮:൫-൯
[൫] പത്താം മാസം വരെ വെള്ളം തുടർച്ചയായി കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവ്വതശിഖരങ്ങൾ കാണുവാൻ തുടങ്ങി.[൬] നാല്പത് ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന ജനാല തുറന്നു.[൭] അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അത് പുറപ്പെട്ട് ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു.[൮] ഭൂമുഖത്തുനിന്ന് വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്ന് പുറത്തു വിട്ടു.[൯] എന്നാൽ സർവ്വഭൂമുഖത്തും വെള്ളം കിടന്നിരുന്നതിനാൽ പ്രാവ് കാൽ വയ്ക്കുവാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി.

ഉൽപത്തി ൯:൧൧
ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിക്കുവാൻ ഇനി ജലപ്രളയം ഉണ്ടാകുകയുമില്ല എന്നു ഞാൻ നിങ്ങളോടു എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.”

ഉൽപത്തി ൧:൩൧
ദൈവം ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.

ഉൽപത്തി ൩:൧൫
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”

൧ കൊരിന്ത്യർ ൧൦:൧൩
മനുഷ്യർക്ക് സാധാരണമല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ ആകുന്നു; നിങ്ങളുടെ കഴിവിന് മീതെ പരീക്ഷിക്കപ്പെടുവാൻ അവൻ അനുവദിക്കുകയില്ല. നിങ്ങൾക്ക് സഹിക്കുവാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ രക്ഷയ്ക്കുള്ള മാർഗവും അവൻ നൽകും.

പുറപ്പാട് ൨൦:൧൩
കൊല ചെയ്യരുത്.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.