A A A A A

ജീവിതം: [യുദ്ധം]


സഭാപ്രസംഗകൻ ൩:൮
സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.

എഫെസ്യർ ൬:൧൧
പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്ക്കുവാൻ കഴിയേണ്ടതിന് ദൈവത്തിന്റെ സർവ്വായുധങ്ങളും ധരിച്ചുകൊള്ളുവിൻ.

ഇസയ ൨:൪
അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധികല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതയ്ക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.

ഇസയ ൧൯:൨
“ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ അവനവന്റെ സഹോദരനോടും ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.

ജെറേമിയ ൪൬:൧൬
അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; “എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽ നിന്ന് ഒഴിഞ്ഞ് നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്ന് അവർ പറയും.

ജെറേമിയ ൫൧:൨൦
നീ എന്റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ട്` ജനതകളെ തകർക്കുകയും നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും.

ജോയേൽ ൩:൯
ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവീൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ.

മിക്കാ ൭:൮
എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു.

മത്തായി ൨൪:൬
നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നേ; എന്നാൽ അത് അവസാനമല്ല;

സങ്കീർത്തനങ്ങൾ ൬൮:൩൦
ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജനതകൾ വെള്ളിവാളങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ; യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ.

വെളിപ്പെടുന്ന ൨൧:൭
ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.

റോമർ ൮:൩൭
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.

റോമർ ൧൨:൧൯
പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ

൧ തിമൊഥെയൊസ് ൬:൧൨
വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ.

൨ കൊരിന്ത്യർ ൧൦:൪
എന്തെന്നാൽ, ഞങ്ങളുടെ യുദ്ധത്തിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, എന്നാൽ കോട്ടകളെ തകർക്കുവാൻ തക്ക ദൈവിക ശക്തിയുള്ളവ തന്നെ.

റോമർ ൧൩:൪
നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.

സഖറിയാ ൧൦:൫
അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.

സഖറിയാ ൧൪:൨
ഞാൻ സകലജനതകളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകൾ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകുകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവർ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.

ജെയിംസ് ൪:൧-൨
[൧] നിങ്ങളുടെ ഇടയിൽ കലഹവും തർക്കവും എവിടെ നിന്ന് വന്നു? അത് നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗതാല്പര്യങ്ങളിൽ നിന്നല്ലയോ?[൨] നിങ്ങൾ ആഗ്രഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല; നിങ്ങൾ കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കാത്തതുകൊണ്ട് പ്രാപിക്കുന്നില്ല.

ആവർത്തനപുസ്തകം ൨൦:൧-൪
[൧] നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടി ഉണ്ട്.[൨] നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കണം:[൩] “യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്ന് ശത്രുക്കളോട് യുദ്ധത്തിനായി ഒരുങ്ങുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ട് ഭ്രമിക്കയുമരുത്.[൪] നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടി പോരുന്നു.”

റോമർ ൧൩:൧-൫
[൧] ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.[൨] ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും.[൩] ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും.[൪] നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.[൫] അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

സങ്കീർത്തനങ്ങൾ ൧൪൪:൧-൧൫
[൧] ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.[൨] എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു വിധേയപ്പെടുത്തിത്തരുന്നവനും അവൻ തന്നെ.[൩] യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? മർത്യപുത്രനെ നീ വിചാരിക്കുവാൻ അവൻ എന്തുമാത്രം?[൪] മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.[൫] യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടണമേ.[൬] മിന്നൽ അയച്ച് അവരെ ചിതറിക്കണമേ; നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കണമേ.[൭] ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കണമേ; പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ![൮] അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.[൯] ദൈവമേ, ഞാൻ നിനക്ക് പുതിയ ഒരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ നിനക്ക് കീർത്തനം ചെയ്യും.[൧൦] നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നുവല്ലോ.[൧൧] അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.[൧൨] ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ.[൧൩] ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.[൧൪] ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ.[൧൫] ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.