A A A A A

ജീവിതം: [വേദന]


ജെറേമിയ 29:11
നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം എനിക്ക് നിങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്തെല്ലാമെന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കുള്ളവയത്രേ എന്ന് യഹോവയുടെ അരുളപ്പാട്.

സങ്കീർത്തനങ്ങൾ 34:18
ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 147:3
മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

വെളിപ്പെടുന്ന 21:4
അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനിമേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.

മത്തായി 4:23-25
[23] പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.[24] അവനെ പറ്റിയുള്ള ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, അപസ്മാരരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.[25] അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാനക്കരെ എന്നീ സ്ഥലങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.

സങ്കീർത്തനങ്ങൾ 23:1-6
[1] ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.[2] പച്ചയായ മേച്ചിൽപുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വഛമായ ജലാശയത്തിനരികിലേക്ക് എന്നെ നടത്തുന്നു.[3] എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.[4] മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടി ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.[5] എന്റെ ശത്രുക്കളുടെ കൺ മുമ്പിൽ നീ എനിക്ക് വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.[6] നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

൨ കൊരിന്ത്യർ 1:3-8
[3] കരുണ നിറഞ്ഞ പിതാവും സർവ്വ ആശ്വാസത്തിന്റെ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.[4] ദൈവം നമ്മെ ആശ്വസിപ്പിച്ചിരിക്കുന്ന ആശ്വാസത്താൽ ഏതെങ്കിലും കഷ്ടങ്ങളിലായിരിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ കഴിവുള്ളവരായിത്തീരത്തക്കവണ്ണം നമ്മുടെ കഷ്ടങ്ങളിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിച്ചിരിക്കുന്നു.[5] എന്തെന്നാൽ ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.[6] ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു.[7] നിങ്ങൾ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറിയുകയാൽ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രത്യാശ നിശ്ചയമുള്ളത് തന്നെ.[8] സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുമാറ്, ഞങ്ങളുടെ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു.

൧ പത്രോസ് 4:12-19
[12] പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം സംഭവിച്ചു എന്നതിനാൽ അതിശയിച്ചുപോകരുത്.[13] ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ എത്രത്തോളം പങ്കുള്ളവരാകുമോ അത്രത്തോളം സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിക്കുവാൻ ഇടവരും.[14] ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.[15] നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല;[16] ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്.[17] ന്യായവിധി ആദ്യമായി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അത് നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?[18] നീതിമാൻ പ്രയാസത്തോടെ രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്തായിത്തീരും?[19] അതുകൊണ്ട് ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിൽ ഭരമേല്പിക്കട്ടെ.

ജോൺ ൧൬:൧൬-൨൪
[൧൬] കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണും.[൧൭] അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നത് എന്ത് എന്നു തമ്മിൽ ചോദിച്ചു.[൧൮] ‘കുറച്ചുസമയം കഴിഞ്ഞിട്ട്’ എന്നു ഈ പറയുന്നത് എന്താകുന്നു? അവൻ എന്ത് സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.[൧൯] അവർ തന്നോട് ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞ് യേശു അവരോട് പറഞ്ഞത്: കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?[൨൦] ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; എന്നാൽ ലോകം സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.[൨൧] ഒരു സ്ത്രീക്ക് പ്രസവവേദന വരുമ്പോൾ തന്റെ പ്രസവസമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ട്; എന്നാൽ കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു കുഞ്ഞ് ലോകത്തിലേക്കു പിറന്നതിന്റെ സന്തോഷംനിമിത്തം അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.[൨൨] അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ട് എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളയുകയുമില്ല.[൨൩] അന്ന് നിങ്ങൾ എന്നോട് ഒരു ചോദ്യവും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്ക് തരും.[൨൪] ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിക്കുവിൻ; എന്നാൽ നിങ്ങൾക്ക് ലഭിക്കും അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകും.

ഹെബ്രായർ 12:1-11
[1] ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.[2] വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുക; ക്രിസ്തു, തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് ക്രൂശിനെ സഹിക്കുകയും അതിന്റെ അപമാനം അവഗണിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു.[3] നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.[4] പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ.[5] മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്റെ മകനേ, കർത്താവിന്റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്.[6] കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ,[7] ശിക്ഷണത്തിന്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?[8] എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ.[9] നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?[10] നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു.[11] ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.

റോമർ 8:18-28
[18] നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സിനോട്; ഈ കാലത്തിലെ കഷ്ടങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ല എന്നു ഞാൻ കരുതുന്നു.[19] സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.[20] സൃഷ്ടി ദ്രവത്വത്തിലേക്കുള്ള ദാസ്യത്തിൽനിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ വ്യർത്ഥതയ്ക്കു് കീഴ്പെട്ടിരിക്കുന്നു;[21] മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ.[22] സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.[23] അതുമാത്രമല്ല, ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.[24] പ്രത്യാശയാലല്ലോ നാം രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുവൻ ഇപ്പോൾ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്?[25] നാം കാണാത്തതിനായി പ്രത്യാശിയ്ക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.[26] അതുപോലെതന്നെ ആത്മാവ് നമ്മുടെ ബലഹീനതയിൽ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.[27] എന്നാൽ ആത്മാവ് വിശുദ്ധർക്ക് വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.[28] എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

സങ്കീർത്തനങ്ങൾ 91:1-16
[1] അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ[2] യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു.[3] അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.[4] തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു.[5] രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും[6] ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.[7] നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.[8] നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.[9] എന്റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,[10] ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല.[11] നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും;[12] നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.[13] സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.[14] “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.[15] അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.[16] ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.