A A A A A

ജീവിതം: [നീതിശാസ്ത്രം]


പ്രവൃത്തികൾ 2:38
പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും.

കൊളോസിയക്കാർ ൩:൧൭-൨൩
[൧൭] വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.[൧൮] ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കർത്താവിന് ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.[൧൯] ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോട് കയ്പായിരിക്കയുമരുത്.[൨൦] മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇത് കർത്താവിന് പൂർണ്ണമായും പ്രസാദകരമല്ലോ.[൨൧] പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.[൨൨] ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിക്കുവിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ഹൃദയത്തിന്റെ ആത്മാർത്ഥതയോടെ അത്രേ അനുസരിക്കേണ്ടത്.[൨൩] നിങ്ങൾ ചെയ്യുന്നത് ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‌വിൻ.

ആവർത്തനപുസ്തകം ൨൩:൧൭
യിസ്രായേൽപുത്രിമാരുടെ ഇടയിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരുടെ ഇടയിൽ ഒരു പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.

സഭാപ്രസംഗകൻ ൯:൧൦
നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

ജോൺ ൧൬:൧൩
സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളതു നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും.

ലേവ്യർ ൧൯:൨
“നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവീൻ.

ലേവ്യർ ൧൯:൧൩-൧൮
[൧൩] കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്.[൧൪] ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ തടസ്സം വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.[൧൫] ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കണം.[൧൬] നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്റെ കൂട്ടുകാരന്റെ ജീവനെതിരായി നീ നിലപാടെടുക്കുകരുത്; ഞാൻ യഹോവ ആകുന്നു.[൧൭] സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.[൧൮] നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.

ലൂക്കോ ൬:൩൧
മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.

ലൂക്കോ ൧൬:൧൦
ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ വലിയ കാര്യങ്ങളിലും വിശ്വസ്തൻ ആയിരിക്കും; ചെറിയ കാര്യങ്ങളിൽ നീതി കാണിക്കാത്തവർ വലിയ കാര്യങ്ങളിലും നീതി കാണിക്കാത്തവർ ആയിരിക്കും.

സുഭാഷിതങ്ങൾ ൧൧:൧-൩
[൧] കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.[൨] അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.[൩] നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.

സുഭാഷിതങ്ങൾ ൧൯:൧
വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

സുഭാഷിതങ്ങൾ ൨൨:൬
ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.

സുഭാഷിതങ്ങൾ ൨൫:൨൧
ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക; ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക.

റോമർ ൧:൨൬
അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.

റോമർ ൨:൧
അതുകൊണ്ട് വിധിക്കുന്ന ഏത് മനുഷ്യനുമായുള്ളോവേ, നിനക്ക് ഒഴിവുകഴിവില്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; കാരണം വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നു.

മത്തായി 7:12-21
[12] മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.[13] ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.[14] ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.[15] കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.[16] അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ?[17] അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു.[18] നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.[19] നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.[20] ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.[21] എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, പ്രത്യുത സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.

ജോൺ 13:34-35
[34] നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.[35] നിങ്ങൾക്ക് തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

൨ തിമൊഥെയൊസ് ൩:൧൬-൧൭
[൧൬] എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന്[൧൭] ഉപദേശത്തിനും ശാസനത്തിനും തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും പ്രയോജനമുള്ളതും ആകുന്നു.

എസേക്കിയൽ ൧൬:൪൯-൫൦
[൪൯] “നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും അമിതഭക്ഷണവും അലസജീവിതവും തന്നെ. അത് അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.[൫൦] അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ട് എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.

ഗലാത്തിയർ 5:19-21
[19] ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന,[20] ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ,[21] അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

൧ കൊരിന്ത്യർ ൬:൯-൧൧
[൯] അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ,[൧൦] കള്ളന്മാരോ, അത്യാഗ്രഹികളോ, മദ്യപന്മാരോ, അസഭ്യം പറയുന്നവരോ, വഞ്ചകന്മാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.[൧൧] നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കഴുകപ്പെട്ടിരിക്കുന്നു, നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ നീതീകരണവും പ്രാപിച്ചിരിക്കുന്നു.

റോമർ ൧൩:൮-൧൦
[൮] അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അയൽക്കാരനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.[൯] വ്യഭിചാരം ചെയ്യരുത്, കുല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്, എന്നുള്ളതും മറ്റു ഏത് കല്പനയും “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്ക” എന്ന വാക്യത്തിൽ സംക്ഷേപിച്ചിരിക്കുന്നു.[൧൦] സ്നേഹം അയൽക്കാരന് ദോഷം പ്രവർത്തിക്കുന്നില്ല; അതുകൊണ്ട് സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.

ജെയിംസ് ൧:൧൨-൧൫
[൧൨] പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.[൧൩] പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല.[൧൪] എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു.[൧൫] അങ്ങനെ മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു.

അടയാളപ്പെടുത്തുക ൧൨:൨൮-൩൧
[൨൮] ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ട്: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ട് ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോട് ചോദിച്ചു. അതിന് യേശു:[൨൯] “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്.[൩൦] നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.[൩൧] രണ്ടാമത്തേതോ: “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല” എന്നു ഉത്തരം പറഞ്ഞു.

ലൂക്കോ 10:10-28
[10] ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ പോയി:[11] നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക.[12] ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.[13] കോരസീനേ, നിനക്ക് അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.[14] എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും.[15] നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.[16] യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.[17] ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;[18] അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീഴുന്നത് ഞാൻ കണ്ട്.[19] പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.[20] എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.[21] ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.[22] എന്റെ പിതാവ് സകലവും എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ആഗ്രഹിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.[23] പിന്നെ യേശു ശിഷ്യന്മാരോട്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളതു.[24] നിങ്ങൾ കാണുന്നതിനെ കാണ്മാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.[25] അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു.[26] അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്[27] അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.[28] അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.

എഫെസ്യർ 6:5-9
[5] ദാസന്മാരേ, നിങ്ങളുടെ ലോകപ്രകാരമുള്ള യജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ആദരവോടും വിറയലോടും ഹൃദയപരമാർത്ഥതയോടും കൂടെ അനുസരിക്കുവിൻ.[6] മനുഷ്യർ ശ്രദ്ധിക്കുമ്പോൾ മാത്രം അവരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും,[7] മനുഷ്യരെയല്ല, കർത്താവിനെ തന്നെ സന്തോഷത്തോടെ സേവിച്ചുംകൊണ്ട് അനുസരിക്കുവിൻ.[8] ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്ക് കർത്താവിൽനിന്ന് പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.[9] അങ്ങനെതന്നെ യജമാനന്മാരേ, നിങ്ങളും ഇതേ രീതിയിൽ തന്നെ ദാസന്മാരോട് പെരുമാറുവിൻ. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും ദൈവത്തിന് മുഖപക്ഷം ഇല്ലെന്നും അറിയുവിൻ.

൧ കൊരിന്ത്യർ 13:1-13
[1] ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിക്കുന്നു എങ്കിലും എനിക്ക് സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്കിലയോ ചിലമ്പുന്ന കൈത്താളമോ അത്രേ.[2] എനിക്ക് പ്രവചനവരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.[3] എനിക്കുള്ളതെല്ലാം ദരിദ്രരെ പോറ്റുവാൻ ദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.[4] സ്നേഹം ദീർഘമായി ക്ഷമിക്കുന്നു; ദയ കാണിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല,[5] ആത്മപ്രശംസ നടത്തുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;[6] അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;[7] എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിയ്ക്കുന്നു, എല്ലാം സഹിക്കുന്നു.[8] സ്നേഹം ഒരുനാളും അവസാനിക്കുന്നില്ല. പ്രവചനവരമോ, അത് നീങ്ങിപ്പോകും; ഭാഷാവരമോ, അത് നിന്നുപോകും; ജ്ഞാനമോ, അത് നീങ്ങിപ്പോകും.[9] എന്തെന്നാൽ, ഭാഗികമായി മാത്രം നാം അറിയുന്നു; ഭാഗികമായി മാത്രം പ്രവചിക്കുന്നു;[10] പൂർണ്ണമായത് വരുമ്പോഴോ ഭാഗികമായത് നീങ്ങിപ്പോകും.[11] ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളത് ത്യജിച്ചുകളഞ്ഞു.[12] എന്തെന്നാൽ ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ ഞാൻ പൂർണ്ണമായി തന്നെ അറിയും.[13] ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.

റോമർ 6:1-23
[1] ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്.[2] പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?[3] അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?[4] അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നേ.[5] അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും.[6] നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.[7] അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു.[8] നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.[9] ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.[10] അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു.[11] അതുപോലെതന്നെ നിങ്ങളും; ഒരുവശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.[12] ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്,[13] നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ.[14] നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.[15] എന്നാൽ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.[16] നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.[17] എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്,[18] പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.[19] നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ[20] നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ.[21] നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അനന്തരഫലം മരണമാകുന്നു.[22] എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു.[23] പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ.

മത്തായി 19:1-30
[1] ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ട് യേശു ഗലീല വിട്ടു,[2] യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവച്ച് അവരെ സൌഖ്യമാക്കി.[3] പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏത് കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നു അവനെ പരീക്ഷിപ്പാനായി ചോദിച്ചു.[4] അതിന് യേശു മറുപടിപറഞ്ഞത്: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും[5] അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?[6] അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു.[7] അവർ അവനോട്: എന്നാൽ വിവാഹമോചന സാക്ഷ്യപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു.[8] അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്; ആദി മുതൽ അങ്ങനെയല്ലായിരുന്നു.[9] ഞാനോ നിങ്ങളോടു പറയുന്നത്: ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.[10] ശിഷ്യന്മാർ അവനോട്: സ്ത്രീയെ സംബന്ധിച്ച് പുരുഷന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നത് നന്നല്ല എന്നു പറഞ്ഞു.[11] അവൻ അവരോട്: അനുവാദം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.[12] അമ്മയുടെ ഗർഭത്തിൽനിന്ന് തന്നെ ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ പ്രാപ്തരായവർ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.[13] പിന്നീട് അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു.[14] യേശു പറഞ്ഞു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.[15] അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു; പിന്നെ അവിടെ നിന്നു യാത്രയായി.[16] അനന്തരം ഒരുവൻ വന്നു അവനോട്: ഗുരോ, നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്യേണം എന്നു ചോദിച്ചതിന്[17] അവൻ: എന്നോട് നല്ല കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേ ഉള്ളൂ. ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു.[18] ഏത് കല്പന എന്നു അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ള സാക്ഷ്യം പറയരുത്;[19] അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.[20] യൗവനക്കാരൻ അവനോട്: ഈ കൽപ്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു ചോദിച്ചു.[21] യേശു അവനോട്: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്ന് നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.[22] യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ട് ദുഃഖിച്ചു പൊയ്ക്കളഞ്ഞു.[23] യേശു തന്റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.[24] ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.[25] അത് കേട്ട് ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിയ്ക്കപ്പെടുവാൻ ആർക്ക് കഴിയും എന്നു പറഞ്ഞു.[26] യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു.[27] പത്രൊസ് അവനോട്: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്ത് ഉണ്ടായിരിക്കും എന്നു ചോദിച്ചു.[28] യേശു അവരോട് പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ട് സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.[29] എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.[30] എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

ഉൽപത്തി ൧൯:൧-൩൮
[൧] ആ രണ്ടു ദൂതന്മാർ വൈകുന്നേരത്ത് സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കുകയായിരുന്നു; ലോത്ത് അവരെ കണ്ടപ്പോൾ എഴുന്നേറ്റ് എതിരേറ്റുചെന്ന് നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു:[൨] “യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാത്രി വിശ്രമിക്കുവിൻ; രാവിലെ എഴുന്നേറ്റ് നിങ്ങളുടെ വഴിക്ക് പോകയുമാകാം” എന്ന് പറഞ്ഞതിന്: “അല്ല, ഞങ്ങൾ തെരുവിൽ തന്നെ രാപാർക്കും” എന്ന് അവർ പറഞ്ഞു.[൩] അവൻ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്ക് വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു.[൪] അവർ ഉറങ്ങുവാൻ പോകുന്നതിനുമുമ്പേ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും വൃദ്ധന്മാരും യൗവനക്കാരും എല്ലാവരും വന്നു വീടു വളഞ്ഞു.[൫] അവർ ലോത്തിനെ വിളിച്ചു: “ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരുമായി സുഖഭോഗത്തിലേർപ്പെടേണ്ടതിന് അവരെ ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരൂ” എന്ന് അവനോട് പറഞ്ഞു.[൬] ലോത്ത് വാതിലിലൂടെ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടച്ച്:[൭] “സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.[൮] നോക്കൂ, പുരുഷസംസർഗം ഉണ്ടായിട്ടില്ലാത്ത കന്യകമാരായ രണ്ട് പുത്രിമാർ എനിക്കുണ്ട്; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങളുടെ ഇഷ്ടംപോലെ അവരോട് ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവർ എന്റെ വീടിന്റെ നിഴലിൽ കീഴിൽ വന്നത് എന്നു പറഞ്ഞു.[൯] “മാറിനിൽക്ക” എന്ന് അവർ പറഞ്ഞു. “ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിക്കുവാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോട് ഭാവിച്ചതിലധികം നിന്നോട് ദോഷം ചെയ്യും” എന്നും അവർ പറഞ്ഞ് ലോത്തിനെ ശക്തിയായി തള്ളി വാതിൽ പൊളിക്കുവാൻ അടുത്തു.[൧൦] അപ്പോൾ ആ ദൈവപുരുഷന്മാർ കൈ പുറത്തേയ്ക്ക് നീട്ടി ലോത്തിനെ അവരുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടച്ചു,[൧൧] വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു.[൧൨] ആ ദൈവ പുരുഷന്മാർ ലോത്തിനോട്: “ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്ന് കൊണ്ടുപൊയ്ക്കൊള്ളുക;[൧൩] ഇവർക്കെതിരെയുള്ള ഭയാനകമായ കുറ്റം യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ട് ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിക്കുവാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.[൧൪] അങ്ങനെ ലോത്ത് ചെന്ന് തന്റെ പുത്രിമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു സംസാരിച്ചു: “നിങ്ങൾ എഴുന്നേറ്റ് ഈ സ്ഥലം വിട്ട് പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും” എന്നു പറഞ്ഞു. എന്നാൽ അവൻ തമാശ പറയുന്നു എന്ന് അവന്റെ മരുമക്കൾക്കു തോന്നി.[൧൫] ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ തിടുക്കപ്പെടുത്തി: “ഈ പട്ടണത്തിന്റെ ശിക്ഷയിൽ ദഹിക്കാതിരിക്കുവാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെയുള്ള നിന്റെ രണ്ട് പുത്രിമാരെയും കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞു.[൧൬] അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്യുകയാൽ, ആ ദൈവപുരുഷന്മാർ അവനെയും ഭാര്യയെയും രണ്ട് പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.[൧൭] അവരെ പുറത്തുകൊണ്ടുവന്ന ശേഷം അവൻ: “ജീവരക്ഷയ്ക്കായി ഓടിപ്പോവുക; പുറകോട്ട് നോക്കരുത്; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുത്; നിനക്ക് നാശം ഭവിക്കാതിരിക്കുവാൻ പർവ്വതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു.[൧൮] ലോത്ത് അവരോട് പറഞ്ഞത്: “അങ്ങനെയല്ല കർത്താവേ;[൧൯] അങ്ങയ്ക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിക്കുവാൻ എനിക്കു വലിയ കൃപ അങ്ങ് കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴിയുകയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം സംഭവിക്കും.[൨൦] ഇതാ, ഈ പട്ടണം ഓടിരക്ഷപ്പെടുവാൻ കഴിയുന്നത്ര സമീപമാകുന്നു; അത് ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പോകട്ടെ. അത് ചെറിയതല്ലോ; എന്നാൽ എനിക്ക് ജീവരക്ഷ ഉണ്ടാകും.”[൨൧] ആ ദൈവപുരുഷൻ അവനോട്: “ഇതാ, ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ ഈ പട്ടണം ഞാൻ നശിപ്പിച്ചുകളയുകയില്ല.[൨൨] വേഗമാകട്ടെ! അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുന്നതുവരെയും എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിന് സോവർ എന്നു പേരായി.[൨൩] ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.[൨൪] യഹോവ സൊദോമിന്റെയും ഗൊമോറായുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.[൨൫] ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.[൨൬] ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു.[൨൭] അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തുചെന്നു,[൨൮] സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകലദിക്കിനും നേരെ നോക്കി, അതാ, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നത് കണ്ടു.[൨൯] എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തിയപ്പോൾ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.[൩൦] അനന്തരം ലോത്ത് സോവർ വിട്ടുപോയി പർവ്വതത്തിൽ ചെന്നു പാർത്തു; അവന്റെ രണ്ട് പുത്രിമാരും അവനോടുകൂടെ ഉണ്ടായിരുന്നു; സോവരിൽ വസിക്കുവാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ട് പുത്രിമാരും ഒരു ഗുഹയിൽ താമസിച്ചു.[൩൧] അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്: “നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലായിടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.[൩൨] വരിക; നമ്മുടെ അപ്പന്റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് അവനെ വീഞ്ഞുകുടിപ്പിച്ച് അവനോടുകൂടെ നമുക്ക് ശയിക്കാം” എന്നു പറഞ്ഞു.[൩൩] അങ്ങനെ അന്ന് രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.[൩൪] പിറ്റെന്നാൾ മൂത്തവൾ ഇളയവളോട്: “ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്കുക; നമ്മുടെ അപ്പന്റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് നീയും അകത്തുചെന്ന് അവനോടുകൂടെ ശയിക്കുക” എന്നു പറഞ്ഞു.[൩൫] അങ്ങനെ അന്ന് രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്ന് അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.[൩൬] ഇങ്ങനെ ലോത്തിന്റെ രണ്ട് പുത്രിമാരും സ്വന്തം പിതാവിൽ നിന്നും ഗർഭം ധരിച്ചു.[൩൭] മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന് മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്ക് പിതാവ്.[൩൮] ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്ക് പിതാവ്.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.