A A A A A

ജീവിതം: [മൃഗങ്ങൾ]


ഉൽപത്തി ൧:൨൧
ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; അതു നല്ലത് എന്നു ദൈവം കണ്ടു.

ഉൽപത്തി ൧:൩൦
ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ഇഴയുന്ന സകല ജന്തുക്കൾക്കും ജീവനുള്ള സകലത്തിനും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ജെയിംസ് ൩:൭
എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു.

ജെറേമിയ ൮:൭
ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല”.

ഇയ്യോബ് ൩൫:൧൧
ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുവനും ചോദിക്കുന്നില്ല.

ലൂക്കോ ൩:൬
സകല മനുഷ്യരും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു.

ലൂക്കോ ൧൨:൨൪
കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!

മത്തായി ൬:൨൬
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?

സുഭാഷിതങ്ങൾ ൧൨:൧൦
നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.

സങ്കീർത്തനങ്ങൾ ൧൦൪:൨൧
ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.

ഉൽപത്തി ൨:൧൯-൨൦
[൧൯] യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ട് മനുഷ്യൻ അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി.[൨൦] ആദാം എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.

ഉൽപത്തി ൯:൨-൩
[൨] ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും ഭൂമിയിൽ സഞ്ചരിക്കുന്ന സകലത്തിനും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെപറ്റിയുള്ള പേടിയും നടുക്കവും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.[൩] സഞ്ചരിക്കുന്ന ജീവികളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.

ഉൽപത്തി ൧:൨൪-൨൮
[൨൪] “അതതു തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.[൨൫] ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.[൨൬] അനന്തരം ദൈവം: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും കന്നുകാലികളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും മനുഷ്യർക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ” എന്നു കല്പിച്ചു.[൨൭] ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.[൨൮] ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.

സുഭാഷിതങ്ങൾ ൬:൬-൮
[൬] മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക.[൭] അതിന് നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും[൮] വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു.

സങ്കീർത്തനങ്ങൾ ൮:൬-൯
[൬] നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു;[൭] ആടുകളെയും കാളകളെയും കാട്ടിലെ മൃഗങ്ങളെയും[൮] ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.[൯] ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

ഇയ്യോബ് ൧൨:൭-൧൦
[൭] മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും;[൮] അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും.[൯] യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്?[൧൦] സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു.

ഇസയ ൧൧:൬-൯
[൬] ചെന്നായ് കുഞ്ഞാടിനോടുകൂടി പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടി കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.[൭] പശു കരടിയോടുകൂടി മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.[൮] മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിനു മുകളിൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.[൯] സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.

സഭാപ്രസംഗകൻ ൩:൧൮-൨൧
[൧൮] പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: “ഇത് മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധനകഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്ന് അവർ കാണേണ്ടതിനും തന്നെ.”[൧൯] മനുഷ്യർക്കു ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യന് മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.[൨൦] എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്ത്തീരുന്നു.[൨൧] മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?

സങ്കീർത്തനങ്ങൾ ൧൪൮:൭-൧൨
[൭] തിമിംഗലങ്ങളും എല്ലാ ആഴികളുമേ, ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.[൮] തീയും കല്മഴയും ഹിമവും, കാർമേഘവും അവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,[൯] പർവ്വതങ്ങളും എല്ലാ കുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,[൧൦] മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,[൧൧] ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,[൧൨] യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.