A A A A A

നല്ല പ്രതീകം: [സ്വീകാര്യത]


൧ കൊരിന്ത്യർ 5:11-13
[11] എന്നാൽ സഹോദരൻ എന്നു പേരുള്ള ഒരാൾ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, അസഭ്യം പറയുന്നവനോ, മദ്യപനോ, വഞ്ചകനോ ആകുന്നു എങ്കിൽ അവനോട് സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കുകപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്.[12] എന്തുകൊണ്ടെന്നാൽ, പുറത്തുള്ളവരെ വിധിക്കുവാൻ എനിക്ക് എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; എന്നാൽപുറത്തുള്ളവരെ ദൈവം വിധിക്കുന്നു.[13] ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവിൻ.

൧ യോഹ 1:9
എന്നാൽ നമ്മുടെ പാപങ്ങളെ നമ്മൾ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

൧ പത്രോസ് ൩:൮-൯
[൮] ഒടുവിൽ എല്ലാവരോടും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയവുമുള്ളവരായിരിപ്പിൻ.[൯] ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ.

ജോൺ 3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

സുഭാഷിതങ്ങൾ 13:20
ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.

റോമർ 2:11
ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.

റോമർ 5:8
ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള അവന്റെ സ്നേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നു.

റോമർ 8:31
ഇതു സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?

റോമർ 14:1-2
[1] വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ; എങ്കിലും ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങളെ വിധിക്കരുത്.[2] ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു.

ഹെബ്രായർ 10:24-25
[24] സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക.[25] ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.

ജോൺ 6:35-37
[35] യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.[36] എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.[37] പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.

കൊളോസിയക്കാർ 3:12-14
[12] അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട്[13] അന്യോന്യം സഹിക്കുകയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.[14] എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.

മത്തായി 5:38-42
[38] കണ്ണിന് പകരം കണ്ണും പല്ലിന് പകരം പല്ലും എന്നു അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.[39] ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ കരണത്ത് അടിക്കുന്നവന് മറ്റേ കരണവും തിരിച്ചുകാണിക്ക.[40] നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവന് നിന്റെ മേൽ കുപ്പായവും വിട്ടുകൊടുക്കുക.[41] ഒരുവൻ നിന്നെ ഒരു മൈൽ ദൂരം പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.[42] നിന്നോട് യാചിക്കുന്നവനു കൊടുക്ക; വായ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്.

മത്തായി 25:34-40
[34] രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.[35] എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷണം തന്നു; എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കുവാൻ തന്നു; ഞാൻ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;[36] ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സംരക്ഷിച്ചു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.[37] അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷണം തരികയോ ദാഹിച്ചു കണ്ടിട്ട് കുടിക്കുവാൻ തരികയോ ചെയ്തു?[38] ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ട് ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു?[39] നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.[40] രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

റോമർ 15:1-7
[1] എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.[2] നമ്മിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കണം.[3] “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.[4] എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നേ എഴുതിയിരിക്കുന്നു.[5] എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്[6] സഹനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ദൈവം തന്നെ നിങ്ങൾക്ക് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഒരേ മനസ്സോടിരിക്കുവാൻ കൃപ നല്കുമാറാകട്ടെ.[7] അതുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.

റോമർ 14:10-19
[10] എന്നാൽ നീ നിന്റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും.[11] “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.[12] ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും.[13] അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ.[14] യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവനുമാത്രം അത് മലിനം ആകുന്നു.[15] ഭക്ഷണംനിമിത്തം നിന്റെ സഹോദരനെ വ്യസനിപ്പിച്ചാൽ, നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.[16] നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്.[17] ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ.[18] അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന് സ്വീകാര്യനും മനുഷ്യരാൽ അംഗീകരിക്കപ്പെട്ടവനും ആകുന്നു.[19] ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർദ്ധനയ്ക്കും ഉള്ളതിന് ശ്രമിച്ചുകൊൾക.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.