A A A A A

ദൈവം: [ഞാന് നിന്നെ ഒരിക്കലും പിരിയുകയില്ല]


൧ ദിനവൃത്താന്തം ൨൮:൨൦
പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോട് പറഞ്ഞത്: “ബലപ്പെട്ട് ധൈര്യത്തോടെ പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ പൂർത്തിയാക്കുന്നതുവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

൧ കൊരിന്ത്യർ ൧൦:൧൩
മനുഷ്യർക്ക് സാധാരണമല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ ആകുന്നു; നിങ്ങളുടെ കഴിവിന് മീതെ പരീക്ഷിക്കപ്പെടുവാൻ അവൻ അനുവദിക്കുകയില്ല. നിങ്ങൾക്ക് സഹിക്കുവാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ രക്ഷയ്ക്കുള്ള മാർഗവും അവൻ നൽകും.

൧ രാജാക്കൻ‌മാർ ൮:൫൭
നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ! അവിടുന്ന് നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യാതിരിക്കട്ടെ!

൧ പത്രോസ് ൫:൭
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.

൨ തിമൊഥെയൊസ് ൧:൭
എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.

ആവർത്തനപുസ്തകം ൪:൩൧
നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലയോ; അവൻ നിന്നെ ഉപേക്ഷിക്കുകയില്ല, നശിപ്പിക്കുകയില്ല, നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം മറക്കുകയും ഇല്ല.

ആവർത്തനപുസ്തകം ൩൧:൬-൮
[൬] ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവ തന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.”[൭] പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലായിസ്രായേലും കാൺകെ അവനോട് പറഞ്ഞത്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; യഹോവ ഈ ജനത്തിന് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്ക് നീ അവരോടുകൂടി ചെല്ലും; അതിനെ അവർക്ക് വിഭാഗിച്ചുകൊടുക്കും.[൮] യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടി ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുത്”.

ഉൽപത്തി ൨൮:൧൫
ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ ദേശത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നോട് അരുളിച്ചെയ്തത് നിവർത്തിക്കുന്നതുവരെ ഞാൻ നിന്നെ കൈവിടുകയില്ല.”

ഹെബ്രായർ ൪:൧൬
അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.

ഹെബ്രായർ ൧൩:൪-൬
[൪] വിവാഹം എല്ലാവരാലും ബഹുമാനിയ്ക്കപ്പെടട്ടെ, വിവാഹിതരുടെ കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.[൫] നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.[൬] ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.

യോശുവ ൧:൫-൯
[൫] നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.[൬] ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.[൭] നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.[൮] ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും.[൯] നിന്റെ ദൈവമായ യഹോവ നീ പോകുന്ന ഇടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്. ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ.

മിക്കാ ൭:൮
എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു.

മത്തായി ൨൮:൨൦
ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു.

സങ്കീർത്തനങ്ങൾ ൫൫:൨൨
നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല.

സങ്കീർത്തനങ്ങൾ ൯൪:൧൪
യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.

വെളിപ്പെടുന്ന ൩:൧൦
ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും.

റോമർ ൮:൨൮
എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

ഫിലിപ്പിയർ ൪:൬-൭
[൬] ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ.[൭] എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

സങ്കീർത്തനങ്ങൾ ൭൩:൨൩-൨൬
[൨൩] എങ്കിലും ഞാൻ ഇപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു.[൨൪] നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.[൨൫] സ്വർഗ്ഗത്തിൽ നീ ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.[൨൬] എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.

ഇസയ ൪൧:൧൦-൧൩
[൧൦] ഞാൻ നിന്നോടുകൂടി ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും.[൧൧] നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.[൧൨] നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.[൧൩] നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.”

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.