A A A A A

ക്രിസ്ത്യൻ പള്ളി: [പെന്തെക്കൊസ്ത്]


പുറപ്പാട് ൩൪:൨൨-൪൩
[൨൨] ഗോതമ്പുകൊയ്ത്തിലെ ആദ്യഫലം കൊണ്ട് വാരോത്സവവും ആണ്ടവസാനം കായ്കനിപ്പെരുനാളും നീ ആചരിക്കണം.[൨൩] വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാരെല്ലാവരും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരണം.[൨൪] ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ് നിന്റെ അതിർത്തികൾ വിശാലമാക്കും; നീ വർഷത്തിൽ മൂന്ന് പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് കയറിപ്പോകുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹികക്കുകയില്ല.[൨൫] എനിക്കുള്ള യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.[൨൬] നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.[൨൭] യഹോവ പിന്നെയും മോശെയോട്: “ഈ വചനങ്ങൾ എഴുതിക്കൊള്ളുക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.[൨൮] അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പത് പകലും നാല്പത് രാവും യഹോവയോടുകൂടി ആയിരുന്നു; അവൻ പത്ത് കല്പനയായ നിയമത്തിന്റെ വചനങ്ങൾ പലകയിൽ എഴുതിക്കൊടുത്തു.[൨൯] യഹോവ തന്നോട് സംസാരിച്ചതിനാൽ തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്ന് മോശെ സാക്ഷ്യത്തിന്റെ പലകകൾ രണ്ടും കയ്യിൽ പടിച്ചുകൊണ്ട് സീനായിപർവ്വതത്തിൽനിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല.[൩൦] അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നത് കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.[൩൧] മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ എല്ലാവരും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോട് സംസാരിച്ചു.[൩൨] അതിന്റെ ശേഷം യിസ്രായേൽമക്കൾ എല്ലാവരും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്ത സകലവും അവൻ അവരോട് ആജ്ഞാപിച്ചു.[൩൩] മോശെ അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.[൩൪] മോശെ യഹോവയോട് സംസാരിക്കേണ്ടതിന് അവന്റെ സന്നിധാനത്തിൽ പ്രവേശിക്കുമ്പോൾ പുറത്ത് വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോട് കല്പിച്ചത് അവൻ പുറത്തുവന്ന് യിസ്രായേൽമക്കളോട് പറയും.[൩൫] യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ട് മോശെ അവനോട് സംസാരിക്കേണ്ടതിന് അകത്ത് പ്രവേശിക്കുന്നതുവരെ മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.[൩൬] അതിനുശേഷം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്:[൩൭] ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം; അന്ന് വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കണം.[൩൮] ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”[൩൯] മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു:[൪൦] നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരണം.[൪൧] പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,[൪൨] ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,[൪൩] വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,

ആവർത്തനപുസ്തകം 16:9-25
[9] പിന്നെ, ഏഴ് ആഴ്ചകൾ എണ്ണുക; വയലിലെ വിളയിൽ അരിവാൾ വയ്ക്കുവാൻ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചകൾ എണ്ണണം.[10] അതിനുശേഷം നിന്റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ച്, യഹോവ നിന്നെ അനുഗ്രഹിച്ചതിന് തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന് അർപ്പിക്കണം.[11] നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കണം.[12] നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്ന് ഓർത്ത് ഈ ചട്ടങ്ങൾ പ്രമാണിച്ച് നടക്കണം.[13] കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴ് ദിവസം കൂടാരപ്പെരുനാൾ ആചരിക്കണം.[14] ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കണം.[15] യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴുദിവസം പെരുനാൾ ആചരിക്കണം; നിന്റെ എല്ലാ വിളവുകളിലും, നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വളരെ സന്തോഷിക്കണം.[16] നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ പുരുഷന്മാരൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും, വാരോത്സവത്തിലും, കൂടാരപ്പെരുനാളിലും, ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറും കയ്യോടെ വരരുത്.[17] നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിട്ടുള്ള അനുഗ്രഹത്തിന് തക്കവണ്ണം ഓരോരുത്തൻ അവനവന്റെ പ്രാപ്തിപോലെ കൊണ്ടുവരണം.[18] നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യണം.[19] ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു.[20] നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശം കൈവശമാക്കുന്നതിന് നീതിയെ തന്നേ പിന്തുടരണം.[21] നിന്റെ ദൈവമായ യഹോവയ്ക്ക് നീ പണിയുന്ന യാഗപീഠത്തിനരികിൽ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുത്.[22] നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുത്.[23] ഏതെങ്കിലും ന്യൂനതയോ വൈരൂപ്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കരുത്; അത് നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.[24] നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ഏതൊരു പട്ടണത്തിലും ദൈവത്തിന് അനിഷ്ടമായത് ചെയ്ത് അവന്റെ നിയമം ലംഘിക്കുകയും[25] ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യ ദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ,ശേഷമുള്ള ആകാശത്തിലെ സൈന്യത്തെയോ സേവിച്ച് നമസ്കരിക്കുകയും ചെയ്ത പുരുഷനോ സ്ത്രീയോ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന്

പ്രവൃത്തികൾ 2:1-13
[1] പെന്തെക്കൊസ്ത് ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു.[2] പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.[3] അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും[4] പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.[5] അന്ന് ആകാശത്തിൻ കീഴിലുള്ള സകല രാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.[6] ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.[7] എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?[8] പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?[9] പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും[10] പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം[11] ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്ന് പറഞ്ഞു.[12] എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും” എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.[13] “ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.