A A A A A

ക്രിസ്ത്യൻ പള്ളി: [യേശുവിൽ നിന്നുള്ള ഉപമകൾ]


മത്തായി ൫:൧൪-൧൬
[൧൪] നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ സ്ഥാപിച്ചിരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.[൧൫] വിളക്കു കത്തിച്ച് കൂടയ്ക്ക് കീഴിലല്ല, പ്രത്യുത തണ്ടിന്മേലത്രേ വെയ്ക്കുന്നത്; അപ്പോൾ വിളക്ക് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം കൊടുക്കുന്നു.[൧൬] അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

മത്തായി ൭:൧-൫
[൧] നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്.[൨] നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.[൩] എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്?[൪] അല്ല, സ്വന്ത കണ്ണിൽ തടിക്കഷണം ഇരിക്കെ നീ സഹോദരനോട്: നിന്റെ കണ്ണിൽ നിന്നു വൈക്കോൽ കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ?[൫] കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽനിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്റെ കണ്ണിൽനിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും.

മത്തായി ൯:൧൬-൧൭
[൧൬] പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും.[൧൭] പുതു വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമോ, ഒരിക്കലുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ; അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും.

മത്തായി ൧൨:൨൪-൩൦
[൨൪] അത് കേട്ടിട്ട് പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.[൨൫] യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും;[൨൬] ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?[൨൭] ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ട് പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപന്മാർ ആകും.[൨൮] ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.[൨൯] ബലവാന്റെ വീട്ടിൽ കടന്നു അവന്റെ വസ്തുവകകൾ കവർന്നെടുക്കുവാൻ, ആദ്യം ബലവാനെ പിടിച്ച് കെട്ടീട്ടല്ലാതെ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.[൩൦] എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു.

മത്തായി ൧൩:൧-൨൩
[൧] ആ ദിവസം യേശു വീട്ടിൽനിന്ന് പുറപ്പെട്ടു കടലരികെ ഇരുന്നു.[൨] വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടിയതുകൊണ്ട് അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ നിന്നു.[൩] അവൻ അവരോട് പലതും ഉപമകളിലൂടെ പ്രസ്താവിച്ചതെന്തെന്നാൽ: ഇതാ വിതയ്ക്കുന്ന ഒരുവൻ വിതയ്ക്കുവാൻ പുറപ്പെട്ടു.[൪] വിതയ്ക്കുമ്പോൾ ചിലത് വഴിയരികെ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു.[൫] ചിലത് പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിന് താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു.[൬] എന്നാൽ സൂര്യൻ ഉദിച്ചപ്പോൾ ചൂടുതട്ടി, വേര് ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി.[൭] മറ്റു ചിലത് മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.[൮] മറ്റു ചിലത് നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളവ് നൽകി.[൯] കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.[൧൦] പിന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്ന്: പുരുഷാരത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചു.[൧൧] അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു; ഇവർക്കോ ലഭിച്ചിട്ടില്ല.[൧൨] ആകയാൽ ഉള്ളവന് അധികം കൊടുക്കും; അവന് സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതും കൂടെ എടുത്തുകളയും.[൧൩] അതുകൊണ്ട് അവർ കാണുന്നു എങ്കിലും ഉള്ളതുപോലെ കാണാതെയും കേൾക്കുന്നു എങ്കിലും ഉള്ളതുപോലെ കേൾക്കാതെയും ഉള്ളതുപോലെ ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോട് സംസാരിക്കുന്നു.[൧൪] “നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരു വിധത്തിലും ഗ്രഹിക്കയില്ലതാനും; കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരു വിധത്തിലും മനസ്സിലാക്കുകയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു; അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു; അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ”[൧൫] എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന് അവരിൽ നിവൃത്തിവരുന്നു.[൧൬] എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.[൧൭] ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നത് കാണ്മാൻ ആഗ്രഹിച്ചിട്ട് കണ്ടില്ല; നിങ്ങൾ കേൾക്കുന്നത് കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.[൧൮] എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.[൧൯] ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടിട്ട് മനസ്സിലാക്കാതെ ഇരുന്നാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് റാഞ്ചിക്കൊണ്ടുപോകുന്നു; ഇതത്രെ വഴിയരികെ വിതയ്ക്കപ്പെട്ടത്.[൨൦] പാറസ്ഥലത്ത് വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നു എങ്കിലും തന്നിൽ തന്നെ വേരില്ലാതിരിക്കയാൽ അവന്റെ നിലനില്പ് ക്ഷണികമത്രേ.[൨൧] വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.[൨൨] മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ട് ഫലമില്ലാത്തവനായി തീരുന്നതാകുന്നു.[൨൩] നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുവൻ വചനം കേട്ട് മനസ്സിലാക്കുന്നത് ആകുന്നു; അവൻ വാസ്തവമായി ഫലം നൽകുന്നവനും വർദ്ധിപ്പിക്കുന്നവനും ആകുന്നു; ചിലർ നൂറുമേനിയും അതിലധികവും, മറ്റുചിലർ അറുപതും മുപ്പതും മേനിയും വിളയിപ്പിക്കുന്നു.

മത്തായി ൧൩:൨൪-൩൦
[൨൪] അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ കൃഷിസ്ഥലത്ത് നല്ല വിത്ത് വിതച്ചതിനോട് സദൃശമാകുന്നു.[൨൫] മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, ഗോതമ്പിന്റെ ഇടയിൽ കള വിതച്ച് പൊയ്ക്കളഞ്ഞു.[൨൬] ഞാറ് വളർന്ന് കതിരായപ്പോൾ കളയും ദൃശ്യമായ് വന്നു.[൨൭] അപ്പോൾ ഭൂവുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്ന് വന്നു എന്നു ചോദിച്ചു.[൨൮] ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോട് പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോട് ചോദിച്ചു.[൨൯] അതിന് ഭൂവുടമ അരുത്, ഒരു പക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.[൩൦] രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു.

മത്തായി ൧൩:൩൧-൩൨
[൩൧] മറ്റൊരു ഉപമ അവൻ അവർക്ക് പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോട് സദൃശം;[൩൨] ഈ വിത്ത് അത് എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നപ്പോൾ സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ കൂട് കൂട്ടുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.

മത്തായി ൧൩:൩൩-൩൪
[൩൩] അവൻ മറ്റൊരു ഉപമ അവരോട് പറഞ്ഞത്; “സ്വർഗ്ഗരാജ്യം ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത് എല്ലാം പുളിച്ചുവരുവോളം ചേർത്തുവയ്ക്കുന്ന അല്പം പുളിച്ച മാവിനോടു സദൃശം”[൩൪] ഇതു ഒക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല

മത്തായി ൧൩:൪൪
സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോട് സദൃശം. അത് ഒരു മനുഷ്യൻ കണ്ട് മറച്ചിട്ട്, തന്റെ സന്തോഷത്താൽ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി.

മത്തായി 13:45-46
[45] പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശം.[46] അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് അത് വാങ്ങി.

മത്തായി 13:47-50
[47] പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായൊരു വലയോടു സദൃശം.[48] അത് നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അത് വലിച്ചു കരയ്ക്ക് കയറ്റി, ഇരുന്നുകൊണ്ട് നല്ലത് പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്തയായവ എറിഞ്ഞുകളഞ്ഞു.[49] ഇങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും.[50] അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

മത്തായി 15:10-20
[10] പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട് പറഞ്ഞത്: കേട്ട് ഗ്രഹിച്ചു കൊൾവിൻ.[11] വായ്ക്കകത്തു പ്രവേശിക്കുന്നത് മനുഷ്യനെ അശുദ്ധനാക്കുന്നില്ല, മറിച്ച് വായിൽ നിന്നു പുറപ്പെടുന്നതത്രേ; മനുഷ്യനെ അശുദ്ധനാക്കുന്നത്.[12] അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ പ്രസ്താവന കേട്ട് ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.[13] അതിന് അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.[14] അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.[15] പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ച് തരണം എന്നു പറഞ്ഞു.[16] അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?[17] വായ്ക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ട് മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?[18] വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്ന് വരുന്നു; അത് മനുഷ്യനെ അശുദ്ധമാക്കുന്നു.[19] എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ള സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.[20] മനുഷ്യനെ അശുദ്ധമാക്കുന്നത് ഈ കാര്യങ്ങളത്രേ; കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.

മത്തായി 18:10-14
[10] ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.[11] സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.[12] നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് വഴിതെറ്റി അലഞ്ഞു പോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് തെററിപ്പോയതിനെ മലകളിൽ ചെന്ന് തിരയുകയില്ലയോ?[13] അതിനെ കണ്ടുകിട്ടിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ച് സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.[14] അങ്ങനെതന്നെ ഈ ചെറിയവരിൽ ഒരുവൻ നശിച്ചുപോകുന്നത് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.

മത്തായി 18:23-35
[23] സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.[24] അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് കടമ്പെട്ട ഒരുവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.[25] അവന് വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു.[26] അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോട് ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.[27] അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.[28] ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശ് കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ട് തൊണ്ടയ്ക്ക് പിടിച്ച് ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.[29] അവന്റെ കൂട്ടുദാസൻ: നിലത്തു വീണു എന്നോട് ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോട് അപേക്ഷിച്ചു.[30] എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്ന് കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.[31] ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ട് വളരെ ദുഃഖിച്ചു, ചെന്ന് സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു.[32] യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കുകയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ.[33] എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു[34] അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു[35] നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും.

മത്തായി 20:1-16
[1] സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം.[2] വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശ് പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.[3] അവൻ മൂന്നാം മണി നേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ട്:[4] നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായത് തരാം എന്നു അവരോട് പറഞ്ഞു; അങ്ങനെ അവർ ജോലിയ്ക്കുപോയി.[5] അവൻ ആറാം മണി നേരത്തും ഒമ്പതാം മണി നേരത്തും ചെന്ന് അങ്ങനെതന്നെ ചെയ്തു.[6] പതിനൊന്നാം മണി നേരത്തും ചെന്ന്, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ട്; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്ത് എന്നു ചോദിച്ചു.[7] ഞങ്ങളെ ആരും കൂലിക്ക് വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോട് പറഞ്ഞു.[8] സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ കാര്യസ്ഥനോട്: വേലക്കാരെ വിളിച്ച്, പിമ്പന്മാർ തുടങ്ങി മുമ്പന്മാർ വരെ അവർക്ക് കൂലി കൊടുക്ക എന്നു പറഞ്ഞു.[9] അങ്ങനെ പതിനൊന്നാം മണി നേരത്ത് വന്നവർ ചെന്ന് ഓരോ വെള്ളിക്കാശ് വാങ്ങി.[10] മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശ് കിട്ടി.[11] അത് വാങ്ങിയിട്ട് അവർ ഭൂവുടമയുടെ നേരെ പരാതിപ്പെട്ടു.[12] ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.[13] എന്നാൽ ഭൂവുടമ അവരിൽ ഒരുവനോട് ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോട് അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു വെള്ളിക്കാശ് പറഞ്ഞു സമ്മതിച്ചില്ലയോ?[14] നിന്റേത് വാങ്ങി പൊയ്ക്കൊൾക; നിനക്ക് തന്നതുപോലെ ഈ ഒടുവിൽ വന്നവനും കൊടുക്കുക എന്നത് എന്റെ ഇഷ്ടമാണ്.[15] എനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെ ചെയ്‌വാൻ എനിക്ക് ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ട് നിന്റെ കണ്ണ് കടിക്കുന്നുവോ?[16] ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.

മത്തായി 21:28-32
[28] എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്ന്: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.[29] എനിക്ക് മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി.[30] രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു; എന്നാൽ പോയില്ലതാനും.[31] ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു.[32] യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അത് കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.

മത്തായി 21:33-45
[33] മറ്റൊരു ഉപമ കേൾക്കുവിൻ ധാരാളം ഭൂപ്രദേശമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്ക് കുഴിച്ചിട്ട്, ഗോപുരവും പണിതു; പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പിച്ചിട്ട് മറ്റൊരു ദേശത്തുപോയി.[34] മുന്തിരിവിളവ് എടുക്കുന്ന കാലം സമീപിച്ചപ്പോൾ തനിക്കുള്ള വിളവ് വാങ്ങുവാനായി അവൻ ദാസന്മാരെ മുന്തിരി കൃഷിക്കാരുടെ അടുക്കൽ അയച്ചു.[35] മുന്തിരി കൃഷിക്കാർ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.[36] അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെതന്നെ ചെയ്തു.[37] ഒടുവിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമ: എന്റെ മകനെ അവർ ബഹുമാനിക്കും എന്നു പറഞ്ഞു, സ്വന്തമകനെ അവരുടെ അടുക്കൽ അയച്ചു.[38] മകനെ കണ്ടിട്ട് മുന്തിരി കൃഷിക്കാർ: ഇവനാണ് അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,[39] അവനെ പിടിച്ച് തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നു കളഞ്ഞു.[40] ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്ത് ചെയ്യും?[41] മുന്തിരിത്തോട്ടത്തിന്റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും എന്നു അവർ അവനോട് പറഞ്ഞു.[42] യേശു അവരോട്: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?[43] അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ദേശത്തിന് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.[44] ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.[45] അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ട്, തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ്,

മത്തായി 22:1-14
[1] യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ:[2] സ്വർഗ്ഗരാജ്യം തന്റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.[3] അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.[4] പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു.[5] എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു.[6] ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.[7] രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.[8] പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.[9] ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്ന് കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു.[10] ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.[11] വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ട്:[12] സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന് ഉത്തരം മുട്ടിപ്പോയി.[13] രാജാവ് തന്റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.[14] വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

മത്തായി 24:32-35
[32] അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.[33] അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ പ്രവേശന കവാടത്തിൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.[34] ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.[35] ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല.

മത്തായി ൨൪:൪൫-൫൧
[൪൫] എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്ക് തത്സമയത്ത് ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?[൪൬] യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.[൪൭] അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.[൪൮] എന്നാൽ അവൻ ഒരു ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ട് പറഞ്ഞു,[൪൯] കൂട്ട് ദാസന്മാരെ അടിക്കുവാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ[൫൦] ആ ദാസൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു[൫൧] അവനെ ദണ്ഡിപ്പിച്ച് അവന്റെ അവസാനം കപടഭക്തിക്കാരുടേതുപോലെ ആക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

മത്തായി ൨൫:൧-൧൩
[൧] സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുവാൻ പുറപ്പെട്ട പത്തു കന്യകമാരോട് തുല്യം ആയിരിക്കും.[൨] അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.[൩] ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല.[൪] ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു.[൫] അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.[൬] അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേൽക്കുവാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.[൭] അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കു തെളിയിച്ചു.[൮] എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ട് നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു.[൯] ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.[൧൦] ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്ന്; വാതിൽ അടയ്ക്കുകയും ചെയ്തു.[൧൧] അതിന്റെ ശേഷം ബുദ്ധിയില്ലാത്ത കന്യകമാരും വന്നു: യജമാനനെ, യജമാനനെ ഞങ്ങൾക്കു വേണ്ടി വാതിൽ തുറക്കേണമേ എന്നു പറഞ്ഞു.[൧൨] അതിന് അവൻ മറുപടിയായി: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.[൧൩] ആകയാൽ നാളും സമയവും നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രത ഉള്ളവരായിരിക്കുവിൻ.

മത്തായി ๒๕:๑๔-๓๐
[๑๔] ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്റെ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചു.[๑๕] അവരിൽ ഒരുവന് അഞ്ച് താലന്ത്, ഒരുവന് രണ്ടു, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്രപുറപ്പെട്ടു.[๑๖] അഞ്ച് താലന്ത് ലഭിച്ചവൻ ഉടനെ ചെന്ന് വ്യാപാരം ചെയ്തു വേറെ അഞ്ച് താലന്ത് കൂടെ സമ്പാദിച്ചു.[๑๗] അങ്ങനെതന്നെ രണ്ടു താലന്ത് ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി.[๑๘] ഒന്ന് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു.[๑๙] വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു.[๒๐] അഞ്ച് താലന്ത് ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ച് താലന്ത് കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ച് താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ച് താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.[๒๑] അവന്റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.[๒๒] രണ്ടു താലന്ത് ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.[๒๓] അതിന് യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.[๒๔] പിന്നീട് ഒരു താലന്ത് ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കർശനക്കാരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞ്[๒๕] ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്ത് നിലത്തു മറച്ചുവച്ചു; ഇതാ, നിനക്ക് അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു.[๒๖] അതിന് യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.[๒๗] നീ എന്റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.[๒๘] ആകയാൽ ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തു പത്തു താലന്ത് ഉള്ളവന് കൊടുക്കുവിൻ.[๒๙] അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവന് സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും.[๓๐] എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് എറിഞ്ഞുകളയുവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.