A A A A A

ക്രിസ്ത്യൻ പള്ളി: [യേശുവിന്റെ ജനനം]


മത്തായി ౧:౧౮-౨౩
[౧౮] എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്നു മനസ്സിലാക്കി.[౧౯] അവളുടെ ഭർത്താവായ യോസഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവന് മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.[౨౦] ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന് സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.[౨౧] അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്റെ പേര് യേശു എന്നു വിളിക്കണം എന്നു പറഞ്ഞു.”[౨౨] “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”[౨౩] കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.

ലൂക്കോ ౨:౭-౨౧
[౭] അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ട് നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി.[౮] അന്ന്, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു.[౯] പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു.[౧౦] ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.[౧౧] കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു.[౧౨] നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.[౧౩] പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.[౧౪] “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു.[౧౫] ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്ലേഹെമിൽ ചെന്ന് കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു.[౧౬] അവർ വേഗത്തിൽ ചെന്ന്, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ട്.[౧౭] ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞ വാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു.[౧౮] ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ല്ലാം ആശ്ചര്യപ്പെട്ടു.[౧౯] മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.[౨౦] തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ട്. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.[౨౧] ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവന് യേശു എന്നു പേർ വിളിച്ചു.

മത്തായി ౨:౧-౧౨
[౧] ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി:[౨] യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.[౩] ഹെരോദാരാജാവ് അത് കേട്ടിട്ട് അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി,[౪] ഹെരോദാരാജാവ് ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന് അവരോട് ചോദിച്ചു.[౫] അവർ അവനോട്: പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ തന്നേ.[౬] “യെഹൂദ്യയിലെ ബേത്ത്ലേഹെമേ, യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നു പറഞ്ഞു.[౭] ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു.[౮] അവരെ ബേത്ളഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്ന് ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ,[౯] രാജാവ് പറഞ്ഞത് കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്ക് കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്നുനില്ക്കുന്നതുവരെ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.[౧౦] നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു;[౧౧] ആ വീട്ടിൽ ചെന്ന്, ശിശുവിനെ അമ്മയായ മറിയയോടു കൂടെ കണ്ട്, കുമ്പിട്ട് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന് പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു.[౧౨] ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.

ഗലാത്തിയർ ౪:౪
എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അയച്ചത്

ലൂക്കോ ౨:౧-౪
[౧] ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കണം എന്ന് ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു.[౨] കുറേന്യാസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്.[౩] അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി.[౪] അങ്ങനെ യോസഫും ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,

വെളിപ്പെടുന്ന ౧౨:౧-౫
[౧] സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണ്മാനായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ളൊരു കിരീടവും ഉണ്ടായിരുന്നു.[౨] അവൾ ഗർഭിണിയായി പ്രസവവേദനയാൽ നോവുകിട്ടി നിലവിളിച്ചു.[౩] സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കൂടി കാണപ്പെട്ടു: ഏഴ് തലയും പത്തു കൊമ്പും തലയിൽ ഏഴ് കിരീടവും ഉള്ളതായി വലിയ ഒരു ചുവന്ന മഹാസർപ്പം.[౪] അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിക്കുമ്പോൾ അവളുടെ ശിശുവിനെ വിഴുങ്ങിക്കളവാൻ സർപ്പം അവളുടെ മുമ്പിൽ നിന്നു.[౫] അവൾ സകലജാതികളെയും ഇരുമ്പുകോൽകൊണ്ട് ഭരിക്കുവാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; അവളുടെ ശിശു ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.