A A A A A

മോശം പ്രതീകം: [മായ]


സഭാപ്രസംഗകൻ 2:1-21
[1] ഞാൻ എന്നോടു തന്നെ പറഞ്ഞു: “വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്ളുക.”[2] എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു.[3] മനുഷ്യർക്ക് ആകാശത്തിൻ കീഴിൽ ജീവപര്യന്തം ചെയ്യുവാൻ നല്ലത് ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയത്തെ ജ്ഞാനത്തിൽ സൂക്ഷിച്ചുകൊണ്ട്, എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിക്കുവാനും ഭോഷത്തം പിടിച്ചു കൊള്ളുവാനും എന്റെ മനസ്സിൽ നിരൂപിച്ചു.[4] ഞാൻ എന്റെ പ്രവർത്തികളെ മഹത്തരമാക്കി; എനിക്കുവേണ്ടി അരമനകൾ പണിതു; മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി.[5] ഞാൻ തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളും നട്ടു.[6] തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്ന വൃക്ഷങ്ങൾ നനയ്ക്കുവാൻ കുളങ്ങളും കുഴിപ്പിച്ചു.[7] ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എന്റെ മുൻ ഗാമികളെക്കാൾ അധികം ആടുമാടുകളുടെ സമ്പത്ത് എനിക്കുണ്ടായിരുന്നു.[8] ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള നിക്ഷേപങ്ങളും സ്വരൂപിച്ചു; മനുഷ്യരുടെ പ്രമോദമായ സംഗീതക്കാരെയും സംഗീതക്കാരത്തികളെയും അനവധി സംഗീതോപകരണങ്ങളും സമ്പാദിച്ചു.[9] ഇങ്ങനെ ഞാൻ, എനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു; എനിയ്ക്ക് ജ്ഞാനവും ഒട്ടും കുറവില്ലായിരുന്നു.[10] എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവുംനിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നെ.[11] ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും എന്റെ സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.[12] ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്തവും നോക്കുവാൻ തിരിഞ്ഞു; ഒരു രാജാവിന്റെ പിൻഗാമിയായി വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നെ.[13] വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്തത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.[14] ജ്ഞാനിയുടെ കണ്ണ് തലയുടെ ഉള്ളിലാണ്; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർ ഇരുവർക്കും ഗതി ഒന്നു തന്നെ എന്നു ഞാൻ ഗ്രഹിച്ചു.[15] ആകയാൽ ഞാൻ എന്നോട്: “ഭോഷനും എനിക്കും ഗതി ഒന്നു തന്നെ; പിന്നെ ഞാൻ എന്തിന് അധികം ജ്ഞാനം സമ്പാദിക്കുന്നു?” എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.[16] ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്ത് അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;[17] അങ്ങനെ സൂര്യന് കീഴിൽ നടക്കുന്ന കാര്യം എനിക്ക് അനിഷ്ടമായതുകൊണ്ട് ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.[18] സൂര്യന് കീഴിലുള്ള എന്റെ പ്രയത്നത്തെ എല്ലാം ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യനുവേണ്ടി ഞാൻ അത് വിട്ടേച്ചു പോകേണ്ടിവരുമല്ലോ.[19] അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽ പ്രയത്നിച്ചതും ജ്ഞാനം വെളിപ്പെടുത്തിയതുമായ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.[20] ആകയാൽ സൂര്യന് കീഴിൽ ഞാൻ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും എന്റെ ഹൃദയത്തിൽ മടുപ്പുണ്ടാകുവാൻ തുടങ്ങി.[21] ഒരുവൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടി പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുവന് അവൻ അത് അവകാശമായി വിട്ടുകൊടുക്കേണ്ടി വരും; അതും മായയും വലിയ തിന്മയും അത്രേ.

സഭാപ്രസംഗകൻ ४:४
സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്ന് ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗകൻ 5:10
ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല.സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ.

സഭാപ്രസംഗകൻ 6:2
ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്ന ഒന്നിനും അവന് കുറവില്ല; എങ്കിലും അത് അനുഭവിക്കുവാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അത് മായയും വല്ലാത്ത ദോഷവും തന്നെ.

ജെറേമിയ 2:5
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്ന് മിഥ്യാമൂർത്തികളോടു ചേർന്ന് വ്യർത്ഥർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്ത് അന്യായമാണ് എന്നിൽ കണ്ടത്?

ജെറേമിയ 4:30
“ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ച് നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.

സുഭാഷിതങ്ങൾ ൩൧:൩൦
ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

സങ്കീർത്തനങ്ങൾ 39:5-6
[5] ഇതാ, നീ എന്റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ല; ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ.[6] നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽ പോലെ നടക്കുന്നു; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; അവർ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല.

സങ്കീർത്തനങ്ങൾ 119:37
വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.

റോമർ 12:2
ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ.

൧ ശമുവേൽ ൧൬:൭
യഹോവ ശമൂവേലിനോട്: “അവന്റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് അരുളിച്ചെയ്തു.

൧ തിമൊഥെയൊസ് 4:8
ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു.

സഭാപ്രസംഗകൻ 1:1-2
[1] യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.[2] ഹാ മായ, മായ എന്ന് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

ഗലാത്തിയർ 5:16-26
[16] ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിയ്ക്കയില്ല എന്നു ഞാൻ പറയുന്നു.[17] ജഡമോഹങ്ങൾ ആത്മാവിനും ആത്മാവിന്റെ പ്രവർത്തികൾ ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.[18] എന്നാൽ ആത്മാവ് നിങ്ങളെ നയിക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.[19] ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന,[20] ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ,[21] അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.[22] എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത,[23] ഇന്ദ്രിയജയം; ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല.[24] ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ ആസക്തികളോടും ദുർമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.[25] ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുക.[26] നാം പരസ്പരം പ്രകോപിപ്പിച്ചും പരസ്പരം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.