A A A A A

അധിക: [പുനരുജ്ജീവിപ്പിക്കുക]


ദാനിയേൽ ൯:൩-൧൦
[൩] അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുകൊണ്ടും പ്രാർത്ഥനയോടും യാചനകളോടും കൂടി അപേക്ഷിക്കേണ്ടതിന് ദൈവമായ കർത്താവിങ്കലേക്ക് മുഖം തിരിച്ചു.[൪] എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ച് ഏറ്റുപറഞ്ഞത്: “തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകൾ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ,[൫] ഞങ്ങൾ പാപം ചെയ്തു, തിന്മയിൽ നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ച് നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.[൬] ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തിൽ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്ക് ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.[൭] കർത്താവേ, നിന്റെ പക്കൽ നീതിയുണ്ട്; ഇന്ന് ഞങ്ങൾക്കുള്ളത് ലജ്ജയത്രെ; നിന്നോട് ചെയ്തിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ ഓടിച്ചുകളഞ്ഞിരിക്കുന്ന സകലദേശങ്ങളിലുമുള്ള സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേം നിവാസികൾക്കും എല്ലായിസ്രായേലിനും തന്നെ.[൮] കർത്താവേ, ഞങ്ങൾ നിന്നോട് പാപം ചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നെ.[൯] ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും പാപമോചനവും ഉണ്ട്; ഞങ്ങളോ അവനോട് മത്സരിച്ചു.[൧൦] അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.

എസ്രാ ൯:൫-൭
[൫] സന്ധ്യായാഗ സമയത്ത് ഞാൻ എന്റെ ഉപവാസം വെടിഞ്ഞ്, എഴുന്നേറ്റ് കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ മുമ്പാകെ കൈ മലർത്തി പറഞ്ഞതെന്തെന്നാൽ:[൬] “എന്റെ ദൈവമേ, തിരുമുഖത്തേക്ക് നോക്കുവാൻ ലജ്ജിക്കത്തക്കവണ്ണം ഞങ്ങൾ അപമാനിതരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ വർദ്ധിച്ച്, ഞങ്ങളുടെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.[൭] ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇപ്പോഴുള്ളതുപോലെ അന്യരാജാക്കന്മാരുടെ കയ്യിൽ വാളിനും പ്രവാസത്തിനും കവർച്ചെക്കും അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു.

എസേക്കിയൽ ൨൨:൨൮-൩൧
[൨൮] അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞുംകൊണ്ട് അവർക്കുവേണ്ടി വെള്ള പൂശുന്നു.[൨൯] ദേശത്തിലെ ജനം പീഡനം ചെയ്യുകയും പിടിച്ചുപറിക്കുകയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കുകയും പരദേശിയെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു.[൩൦] ഞാൻ ദേശത്തെ നശിപ്പിക്കാത്തവിധം അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.[൩൧] ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപാഗ്നികൊണ്ട് അവരെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവിധം ഞാൻ അവർക്ക് പകരം കൊടുത്തിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

ആവർത്തനപുസ്തകം ൯:൧൮-൨൯
[൧൮] പിന്നെ യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.[൧൯] നിങ്ങളെ നശിപ്പിക്കുമാറ് നിങ്ങളുടെ നേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ട് ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.[൨൦] അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനുവേണ്ടിയും അപേക്ഷിച്ചു.[൨൧] നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.[൨൨] തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.[൨൩] ‘നിങ്ങൾ ചെന്ന് ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ’ എന്ന് കല്പിച്ച് യഹോവ നിങ്ങളെ കാദേശ്—ബർന്നേയയിൽ നിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോട് മറുത്തുനിന്നു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല.[൨൪] ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോട് മത്സരിച്ചിരിക്കുന്നു.[൨൫] യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ട് ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പത് രാവും നാല്പത് പകലും വീണു കിടന്നു;[൨൬] ഞാൻ യഹോവയോട് അപേക്ഷിച്ചുപറഞ്ഞത്: ‘കർത്താവായ യഹോവേ, നിന്റെ മഹത്വം കൊണ്ട് നീ വീണ്ടെടുത്ത് ബലമുള്ള കയ്യാൽ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.[൨൭] അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ നിന്റെ ദാസന്മാരെ ഓർക്കണമേ; താൻ അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിക്കുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ടും അവൻ അവരെ പകച്ചതു കൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവെച്ച് കൊന്നുകളഞ്ഞു എന്ന് നീ ഞങ്ങളെ വിടുവിച്ച് കൊണ്ടുപോന്ന ദേശക്കാർ പറയാതിരിക്കുവാൻ[൨൮] ഈ ജനത്തിന്റെ ശാഠ്യവും അകൃത്യവും പാപവും നോക്കരുതേ.[൨൯] അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലയോ?”

പുറപ്പാട് ൩൨:൧൧-൧൩
[൧൧] എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അങ്ങ് മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനത്തിന് വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്?[൧൨] മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്ന് ഈജിപ്റ്റികാരെക്കൊണ്ട് പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്റെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കണമേ.[൧൩] നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്ത നാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.”

പുറപ്പാട് ൩൨:൩൧-൩൨
[൩൧] അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് പറഞ്ഞത് എന്തെന്നാൽ: “അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ട് തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.[൩൨] എങ്കിലും നീ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായിച്ചുകളയണമേ.

നെഹമിയ ൧:൧-൧൧
[൧] ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വാക്കുകൾ. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ[൨] എന്റെ സഹോദരന്മാരിൽ ഒരുത്തനായ ഹനാനിയും യെഹൂദയിൽനിന്ന് ചില പുരുഷന്മാരും വന്നു; ഞാൻ അവരോട് പ്രവാസത്തിൽനിന്ന് രക്ഷപെട്ട യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.[൩] അതിന് അവർ എന്നോട്: “പ്രവാസത്തിൽനിന്ന് രക്ഷപെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ച് ചുട്ടും കിടക്കുന്നുഎന്ന് പറഞ്ഞു.[൪] ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഇരുന്ന് കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ട് സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ:[൫] “സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,[൬] അങ്ങയുടെ ദാസന്മാരായ യിസ്രായേൽമക്കൾക്ക് വേണ്ടി രാപ്പകൽ അങ്ങയുടെ മുമ്പാകെ പ്രാർത്ഥിക്കയും ഞങ്ങൾ അങ്ങയോട് ചെയ്തിരിക്കുന്ന പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന് അവിടുത്തെ ചെവി ശ്രദ്ധിച്ചും തൃക്കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.[൭] ഞങ്ങൾ അങ്ങയോട് കഠിനദോഷം പ്രവർത്തിച്ചിരിക്കുന്നു; അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.[൮] ‘നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഇടയിൽ ചിതറിച്ചുകളയും;[൯] എന്നാൽ നിങ്ങൾ എങ്കലേയ്ക്ക് തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളിൽ നിന്ന് ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും’എന്ന് അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് അരുളിച്ചെയ്ത വചനം ഓർക്കേണമേ.[൧൦] അവർ അങ്ങയുടെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും അങ്ങ് വീണ്ടെടുത്ത അങ്ങയുടെ ദാസന്മാരും ജനവുമല്ലോ.[൧൧] കർത്താവേ, അങ്ങ് അടിയന്റെയും അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന അങ്ങയുടെ ദാസന്മാരുടെയും പ്രാർത്ഥന ശ്രദ്ധിക്കേണമേ. ഇന്ന് അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ”. ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.

സങ്കീർത്തനങ്ങൾ ൮൫:൬
നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?

സങ്കീർത്തനങ്ങൾ ൨൨:൨൭
ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.

സങ്കീർത്തനങ്ങൾ ൫൧:൧൦
ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.

സങ്കീർത്തനങ്ങൾ ൮൦:൧൮
എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.

ഹബക്കുക്ക് ൩:൨
യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങയുടെ പ്രവൃത്തിയെ ജീവിപ്പിക്കണമേ; ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; ക്രോധത്തിൽ കരുണ ഓർക്കണമേ.

ഇസയ ൫൭:൧൫
ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടിയും വസിക്കുന്നു.

൨ ദിനവൃത്താന്തം ൭:൧൪
എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി, പ്രാർത്ഥനയിലൂടെ എന്റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൗഖ്യം കൊടുക്കും.

ജെയിംസ് ൪:൮
ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ;

എസേക്കിയൽ ൩൭:൧൧-൧൫
[൧൧] പിന്നെ അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹം മുഴുവനും ആകുന്നു; ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്ന്, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു’ എന്ന് അവർ പറയുന്നു.[൧൨] അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.[൧൩] അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.[൧൪] നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും’ എന്ന് യഹോവയുടെ അരുളപ്പാട്”.[൧൫] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

പ്രവൃത്തികൾ ൨:൧൭-൧൮
[൧൭] ‘അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.[൧൮] എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

൨ തിമൊഥെയൊസ് ൪:൩-൪
[൩] എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും[൪] സത്യത്തിന് ചെവികൊടുക്കാതെ, കെട്ടുകഥ കേൾക്കുവാൻ തിരിയുകയും ചെയ്യുന്ന കാലം വരും.

എഫെസ്യർ ൫:൧൪
അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്കുക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.

മത്തായി ൬:൩൩
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും.

പ്രവൃത്തികൾ ൨:൩൮
പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും.

പ്രവൃത്തികൾ ൩:൧൯-൨൧
[൧൯] ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സന്നിധിയിൽ നിന്നും[൨൦] ഉന്മേഷകാലങ്ങൾ വരികയും നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ ദൈവം അയക്കുകയും ചെയ്യും.[൨൧] ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.

എസേക്കിയൽ ൧൮:൨൧-൩൩
[൨൧] എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകലപാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.[൨൨] അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നും അവന് കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.[൨൩] ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താത്പര്യം ഉണ്ടോ? അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണം എന്നല്ലയോ എന്റെ താത്പര്യം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.[൨൪] എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേടു പ്രവർത്തിച്ച്, ദുഷ്ടൻ ചെയ്യുന്ന സകല മ്ലേച്ഛതകളും ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും”.[൨൫] “എന്നാൽ നിങ്ങൾ: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല’ എന്ന് പറയുന്നു; യിസ്രായേൽഗൃഹമേ, കേൾക്കുവിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?[൨൬] നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നെ അവൻ മരിക്കും.[൨൭] ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നത്താൻ ജീവനോടെ രക്ഷിക്കും.[൨൮] അവൻ ഓർത്ത്, താൻ ചെയ്ത അതിക്രമങ്ങളൊക്കെയും വിട്ടുതിരിയുകകൊണ്ട്, അവൻ മരിക്കാതെ ജീവിച്ചിരിക്കും[൨൯] എന്നാൽ യിസ്രായേൽഗൃഹം: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല’ എന്ന് പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?[൩൦] അതുകൊണ്ട് യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്: “അകൃത്യം നിങ്ങൾക്ക് നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനം തിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളെല്ലാം വിട്ടുതിരിയുവിൻ.[൩൧] നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങൾ സകലവും നിങ്ങളിൽനിന്ന് എറിഞ്ഞുകളയുവിൻ; നിങ്ങൾക്ക് ഒരു പുതിയ ഹൃദയത്തെയും പുതിയ ആത്മാവിനെയും സമ്പാദിച്ചുകൊള്ളുവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിന് മരിക്കുന്നു?[൩൨] മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനം തിരിഞ്ഞ് ജീവിച്ചുകൊള്ളുവിൻ.[൩൩] നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:

ജെറേമിയ ൩൧:൧൭-൨൦
[൧൭] “നിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ട്; നിന്റെ മക്കൾ അവരുടെ ദേശത്തേക്ക് മടങ്ങിവരും” എന്ന് യഹോവയുടെ അരുളപ്പാട്.[൧൮] “അവിടുന്ന് എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു; ഞാൻ മടങ്ങി വരേണ്ടതിന് എന്നെ മടക്കിവരുത്തണമേ; അവിടുന്ന് എന്റെ ദൈവമായ യഹോവയല്ലയോ.[൧൯] ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ച് നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൗവനത്തിലെ നിന്ദയല്ലയോ ഞാൻ വഹിക്കുന്നത്” എന്ന് എഫ്രയീം വിലപിക്കുന്നത് ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.[൨൦] “എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം അവനെക്കുറിച്ച് എന്റെ മനസ്സിൽ ഓർക്കുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

ന്യായാധിപൻ‌മാർ ൧൦:൧-൧൮
[൧] അബീമേലെക്കിന്റെ ശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.[൨] അവൻ യിസ്രായേലിന് ഇരുപത്തുമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു,ശാമീരിൽ അവനെ അടക്കംചെയ്തു.[൩] അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തുരണ്ട് വർഷം ന്യായപാലനം ചെയ്തു.[൪] അവന്, കഴുതപ്പുറത്ത് കയറി ഓടിക്കുന്ന മുപ്പത് പുത്രന്മാരും, അവർക്ക് മുപ്പത് പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ് ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു.[൫] യായീർ മരിച്ചു, കാമോനിൽ അവനെ അടക്കംചെയ്തു.[൬] യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു.[൭] അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.[൮] അവർ ആ വർഷം മുതൽ പതിനെട്ട് വർഷം യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി.[൯] കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‌വാൻ യോർദ്ദാൻ കടന്നു.[൧൦] യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങയോട് പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.[൧൧] യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽ നിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?[൧൨] കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.[൧൩] എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.[൧൪] നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.[൧൫] യിസ്രായേൽമക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്ന് പറഞ്ഞു.[൧൬] അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.[൧൭] അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി.[൧൮] ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ്നിവാസികൾക്ക് തലവനാകും എന്ന് പറഞ്ഞു.

ഇയ്യോബ് ൪൨:൬
ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.”

ജോയേൽ ൧:൧൦-൨൦
[൧൦] വയൽ ശൂന്യമായി തീർന്നിരിക്കുന്നു. ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ ദേശം ദുഃഖിക്കുന്നു.[൧൧] കർഷകരേ, ലജ്ജിക്കുവിൻ; മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവ് നശിച്ചുപോയല്ലോ.[൧൨] മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി; മാതളം, ഈന്തപ്പന, നാരകം മുതലായ തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ.[൧൩] പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കുകകൊണ്ട് നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ.[൧൪] ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. സഭായോഗം വിളിക്കുവിൻ; മൂപ്പന്മാരെയും സകല ദേശനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോട് നിലവിളിക്കുവിൻ;[൧൫] ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അത് സർവ്വശക്തന്റെ പക്കൽനിന്ന് സംഹാരത്തിനായി വരുന്നു.[൧൬] നമ്മുടെ കണ്ണിനു മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ.[൧൭] വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ പാണ്ടികശാലകൾ ശൂന്യമായും കളപ്പുരകൾ ഇടിഞ്ഞും പോകുന്നു.[൧൮] മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ട് ബുദ്ധിമുട്ടുന്നു; ആടുകൾ വേദന അനുഭവിക്കുന്നു.[൧൯] യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും ഇരയായിത്തീർന്നുവല്ലോ.[൨൦] നീർത്തോടുകൾ വറ്റിപ്പോകുകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്ക് ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും നിന്നെ നോക്കി കരയുന്നു.

യോനാ ൩:൯-൧൦
[൯] ഒരുപക്ഷേ ദൈവം മനസ്സലിഞ്ഞ് നാം നശിച്ചുപോകാതെ അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം?”[൧൦] അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റി. അങ്ങനെ സംഭവിച്ചതുമില്ല.

ലൂക്കോ ൧൫:൭
അങ്ങനെതന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

അടയാളപ്പെടുത്തുക ൧:൧൫
“കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.

മത്തായി ൩:൬
തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.

മത്തായി ൧൧:൨൦-൨൪
[൨൦] പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി:[൨൧] കോരസീനേ, നിനക്ക് ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്ക് ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു.[൨൨] എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.[൨൩] നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു.[൨൪] എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

൧ പത്രോസ് ൪:൧൭
ന്യായവിധി ആദ്യമായി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അത് നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?

൧ പത്രോസ് ൫:൧൦
എന്നാൽ അല്പകാലത്തേക്ക് കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നെ പരിപൂർണ്ണരാക്കി, യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ച്, ശക്തീകരിക്കും.

എഫെസ്യർ ൧:൧൮
നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം എന്തെന്നും,

ഹോസിയ ൬:൨
രണ്ടു ദിവസം കഴിഞ്ഞ് അവിടുന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവിടുന്ന് നമ്മെ എഴുന്നേല്പിക്കും; നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും.

ഇസയ ൪൯:൮
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങിപെയ്ക്കൊള്ളുവിൻ’ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും ഞാൻ നിന്നെ കാത്തു,

ജെറേമിയ ൩൩:൧൧
ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: ‘സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുവിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്’ എന്ന് പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

സങ്കീർത്തനങ്ങൾ ൫൧:൧൨
നിന്റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.

സങ്കീർത്തനങ്ങൾ ൭൧:൨൦
അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.

റോമർ ൬:൪
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നേ.

വിലാപങ്ങൾ ൫:൨൦-൨൧
[൨൦] അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?[൨൧] യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന് ഞങ്ങളെ അങ്ങയിലേയ്ക്ക് മടക്കിവരുത്തേണമേ; ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;

മലാക്കി ൪:൫-൬
[൫] യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പേ ഞാൻ നിങ്ങൾക്ക് ഏലീയാപ്രവാചകനെ അയക്കും.[൬] ഞാൻ വന്നു ഭൂമിയെ ശാപംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.

സങ്കീർത്തനങ്ങൾ ൮൦:൧൭-൧൯
[൧൭] നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.[൧൮] എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.[൧൯] സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.

Malayalam Bible BCS 2017
© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.