A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

൧ പത്രോസ് ൧



യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്‍ക്കുംന്ന പരദേശികളും
പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താല്‍ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവര്‍ക്കും എഴുതുന്നതുനിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല്‍ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
അന്ത്യകാലത്തില്‍ വെളിപ്പെടുവാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താല്‍ ദൈവശക്തിയില്‍ കാക്കപ്പെടുന്ന നിങ്ങള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതും
ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
അതില്‍ നിങ്ങള്‍ ഇപ്പോള്‍ അല്പനേരത്തേക്കു നാനാപരീക്ഷകളാല്‍ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാന്‍ അങ്ങനെ ഇടവരും.
അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു
നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.
൧൦
നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.
൧൧
അവരിലുള്ള ക്രിസ്തുവിന്‍ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിന്‍ വരുന്ന മഹിമയെയും മുമ്പില്‍കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാര്‍ ആരാഞ്ഞുനോക്കി,
൧൨
തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്‍ക്കും വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന്‍ ആഗ്രഹിക്കുന്നു.
൧൩
ആകയാല്‍ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിര്‍മ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കല്‍ നിങ്ങള്‍ക്കു വരുവാനുള്ള കൃപയില്‍ പൂര്‍ണ്ണ പ്രത്യാശ വെച്ചുകൊള്‍വിന്‍ .
൧൪
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ
൧൫
മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന്‍ .
൧൬
“ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
൧൭
മുഖപക്ഷം കൂടാതെ ഔരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങള്‍ പിതാവു എന്നു വിളിക്കുന്നു എങ്കില്‍ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിന്‍ .
൧൮
വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
൧൯
ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
൨൦
അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവന്‍ മുഖാന്തരം ദൈവത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.
൨൧
നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
൨൨
എന്നാല്‍ സത്യം അനുസരിക്കയാല്‍ നിങ്ങളുടെ ആത്മാക്കളെ നിര്‍വ്യാജമായ സഹോദരപ്രീതിക്കായി നിര്‍മ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂര്‍വ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിന്‍ .
൨൩
കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍, ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല്‍ തന്നേ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
൨൪
“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിര്‍ന്നുപോയി;
൨൫
കര്‍ത്താവിന്റെ വചനമോ എന്നേക്കും നിലനിലക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.