പുതിയ നിയമം
മലയാളം ബൈബിൾ 1992

പ്രവൃത്തികൾ ൧൦

കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന്‍ ഉണ്ടായിരുന്നു.

അവന്‍ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചും പോന്നു.

അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.

അവന്‍ അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോടുനിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു.

ഇപ്പോള്‍ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.

അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്നൊരുവനോടു കൂടെ പാര്‍ക്കുംന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.

അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്റെ വേലക്കാരില്‍ രണ്ടുപേരെയും തന്റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും

വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു

പിറ്റെന്നാള്‍ അവര്‍ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള്‍ പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി.

൧൦

അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

൧൧

ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു.

൧൨

അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.

൧൩

പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

൧൪

അതിന്നു പത്രൊസ്ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ.

൧൫

ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടുദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.

൧൬

ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

൧൭

ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു

൧൮

പത്രൊസ് എന്നു മറു പേരുള്ള ശിമോന്‍ ഇവിടെ പാര്‍ക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.

൧൯

പത്രൊസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവു അവനോടുമൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു;

൨൦

നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.

൨൧

പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല്‍ ഇറങ്ങിച്ചെന്നുനിങ്ങള്‍ അന്വേഷിക്കുന്നവന്‍ ഞാന്‍ തന്നെ; നിങ്ങള്‍ വന്ന സംഗതി എന്തു എന്നു ചോദിച്ചു.

൨൨

അതിന്നു അവര്‍നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില്‍ വരുത്തി നിന്റെ പ്രസംഗം കേള്‍ക്കേണം എന്നു ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.

൨൩

അവന്‍ അവരെ അകത്തു വിളിച്ചു പാര്‍പ്പിച്ചു; പിറ്റെന്നാള്‍ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാര്‍ ചിലരും അവനോടുകൂടെ പോയി.

൨൪

പിറ്റെന്നാള്‍ കൈസര്യയില്‍ എത്തി; അവിടെ കൊര്‍ന്നേല്യൊസ് ചാര്‍ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്‍ക്കായി കാത്തിരുന്നു.

൨൫

പത്രൊസ് അകത്തു കയറിയപ്പോള്‍ കൊര്‍ന്നേല്യൊസ് എതിരേറ്റു അവന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.

൨൬

പത്രൊസോഎഴുന്നേല്‍ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.

൨൭

അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകര്‍ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു

൨൮

അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമയീ പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.

൨൯

അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍ പറയാതെ വന്നതു; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു.

൩൦

അതിന്നു കൊര്‍ന്നോല്യൊസ്നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണിനേരത്തെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന്‍ എന്റെ മുമ്പില്‍ നിന്നു

൩൧

കൊര്‍ന്നോല്യസേ, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ ധര്‍മ്മം ഔര്‍ത്തിരിക്കുന്നു.

൩൨

യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന്‍ കടല്പുറത്തു തോല്‍ക്കൊല്ലനായ ശീമോന്റെ വീട്ടില്‍ പാര്‍ക്കുംന്നു എന്നു പറഞ്ഞു.

൩൩

ക്ഷണത്തില്‍ ഞാന്‍ നിന്റെ അടുക്കല്‍ ആളയച്ചു; നീ വന്നതു ഉപകാരം. കര്‍ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്‍പ്പാന്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

൩൪

അപ്പോള്‍ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതുദൈവത്തിന്നു മുഖപക്ഷമില്ല എന്നും

൩൫

ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥമായി ഗ്രഹിക്കുന്നു.

൩൬

അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍ മക്കള്‍ക്കു അയച്ച വചനം,

൩൭

യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ ഒക്കെയും ഉണ്ടായ വര്‍ത്തമാനം,

൩൮

നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ.

൩൯

യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന്‍ ചെയ്ത സകലത്തിനും ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. അവനെ അവര്‍ മരത്തിന്മേല്‍ തൂക്കിക്കൊന്നു;

൪൦

ദൈവം അവനെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്പിച്ചു,

൪൧

സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവന്‍ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങള്‍ക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.

൪൨

ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതിയായി ദൈവത്താല്‍ നിയമിക്കപ്പെട്ടവന്‍ അവന്‍ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന്‍ അവന്‍ ഞങ്ങളോടു കല്പിച്ചു.

൪൩

അവനില്‍ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

൪൪

ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോള്‍ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.

൪൫

അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേള്‍ക്കയാല്‍

൪൬

പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്‍ന്നതു കണ്ടു വിസ്മയിച്ചു.

൪൭

നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു.

൪൮

പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ കല്പിച്ചു. അവന്‍ ചില ദിവസം അവിടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചു.

Malayalam Bible 1992
Bible Society of India bible