പുതിയ നിയമം
മലയാളം ബൈബിൾ 1992

ജോൺ ൧൭

ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രന്‍ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.

നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികരാം നല്‍ക്കിയിരിക്കുന്നുവല്ലോ.

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു.

ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.

ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.

നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കല്‍ നിന്നു ആകുന്നു എന്നു അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു.

നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കും കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.

ഞാന്‍ അവര്‍ക്കും വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ടു അവര്‍ക്കും വേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നതു.

൧൦

എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു.

൧൧

ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ.

൧൨

അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.

൧൩

ഇപ്പോഴോ ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു; എന്റെ സന്തോഷം അവര്‍ക്കും ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു.

൧൪

ഞാന്‍ അവര്‍ക്കും നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.

൧൫

അവരെ ലോകത്തില്‍ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നതു.

൧൬

ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.

൧൭

സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.

൧൮

നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.

൧൯

അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.

൨൦

ഇവര്‍ക്കും വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കും വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.

൨൧

നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ.

൨൨

നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു;

൨൩

നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.

൨൪

പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.

൨൫

നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.

൨൬

നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

Malayalam Bible 1992
Bible Society of India bible