൧ |
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. |
൨ |
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. |
൩ |
എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു. |
൪ |
നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ. |
൫ |
ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു. |
൬ |
അന്തര്ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില്‍ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. |
൭ |
ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. |
൮ |
സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ. |
൯ |
എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ. |
൧൦ |
ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ. |
൧൧ |
നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ. |
൧൨ |
നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ. |
൧൩ |
അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനംതിരിയും. |
൧൪ |
എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും. |
൧൫ |
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും. |
൧൬ |
ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല. |
൧൭ |
ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല. |
൧൮ |
നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; |
൧൯ |
അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൌലിനോടുദാവീദ് അഹീമേലെക്കിന്റെ വീട്ടില്‍ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമെച്ചതു.)
|
Malayalam Bible 1992 |
Bible Society of India bible |