A A A A A
ബൈബിളിൽ ഒരു വർഷം
ഏപ്രിൽ ൧൩

യോശുവ ൧൫:൧-൬൩
൧. യെഹൂദാമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ ദേശത്തിന്‍റെ തെക്കേ അറ്റത്ത് എദോമിന്‍റെ അതിരായ സീന്‍മരുഭൂമിവരെ തന്നെ.
൨. അവരുടെ തെക്കേ അതിര്‍ ഉപ്പുകടലിന്‍റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽ തന്നെ ആയിരുന്നു.
൩. അത് അക്രബ്ബീം കയറ്റത്തിന് തെക്കോട്ടു ചെന്ന് സീനിലേക്കു കടന്ന് കാദേശ്-ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്ന് ആദാരിലേക്കു കയറി
൪. കാര്‍ക്കയിലേക്കു തിരിഞ്ഞ് അസ്മോനിലേക്കു കടന്ന് മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര്‍ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിര്‍ ആയിരിക്കേണം.
൫. കിഴക്കേ അതിര്‍ യോര്‍ദ്ദാന്‍റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ;
൬. വടക്കേ അതിര്‍ യോര്‍ദ്ദാന്‍റെ അഴിമുഖമായ ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബായുടെ വടക്കുകൂടി കടന്ന്, രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലു വരെ കയറിച്ചെല്ലുന്നു.
൭. പിന്നെ ആ അതിര്‍ ആഖോര്‍ താഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ട് തോട്ടിന്‍റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗില്ഗാലിനു ചെന്ന് ഏന്‍-ശേമെശ് വെള്ളത്തിങ്കലേക്കു കടന്ന് ഏന്‍-രോഗേലിങ്കൽ അവസാനിക്കുന്നു.
൮. പിന്നെ ആ അതിര്‍ ബെന്‍-ഹിന്നോംതാഴ്വരയിൽക്കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
൯. പിന്നെ ആ അതിര്‍ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞ് എഫ്രോന്‍മലയിലെ പട്ടണങ്ങള്‍വരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്കു തിരിയുന്നു.
൧൦. പിന്നെ ആ അതിര്‍ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞ് കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നായിലേക്കു ചെല്ലുന്നു.
൧൧. പിന്നെ ആ അതിര്‍ വടക്കോട്ട് എക്രോന്‍റെ പാര്‍ശ്വംവരെ ചെന്ന് ശിക്രോനിലേക്കു തിരിഞ്ഞ് ബാലാമലയിലേക്കു കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
൧൨. പടിഞ്ഞാറേ അതിര്‍ നെടുകെ മഹാസമുദ്രം തന്നെ; ഇത് യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ ചുറ്റുമുള്ള അതിര്‍.
൧൩. യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന്‍ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്‍റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.
൧൪. അവിടെനിന്ന് കാലേബ് അനാക്കിന്‍റെ പുത്രന്മാരായ ശേശായി, അഹീമാന്‍, തൽമായി എന്നീ മൂന്ന് അനാക്യരെ നീക്കിക്കളഞ്ഞു.
൧൫. അവിടെനിന്ന് അവന്‍ ദെബീര്‍നിവാസികളുടെ നേരേ ചെന്നു; ദെബീരിന്‍റെ പേര്‍ മുമ്പേ കിര്യത്ത്-സേഫെര്‍ എന്നായിരുന്നു.
൧൬. കിര്യത്ത്-സേഫെര്‍ ജയിക്കുന്നവന് ഞാന്‍ എന്‍റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.
൧൭. കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ മകന്‍ ഒത്നീയേൽ അതിനെ പിടിച്ചു; അവന്‍ തന്‍റെ മകള്‍ അക്സയെ അവനു ഭാര്യയായി കൊടുത്തു.
൧൮. അവള്‍ വന്നാറെ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തു വേണം എന്നു ചോദിച്ചു.
൧൯. എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്ന് അവള്‍ ഉത്തരം പറഞ്ഞു. അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
൨൦. യെഹൂദാഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
൨൧. എദോമിന്‍റെ അതിര്‍ക്കരികെ തെക്കേ അറ്റത്തു യെഹൂദാഗോത്രത്തിനുള്ള പട്ടണങ്ങള്‍: കെബ്സെയേൽ, ഏദെര്‍, യാഗൂര്‍,
൨൨. കീന, ദിമോനാ, അദാദ,
൨൩. കേദെശ്, ഹാസോര്‍, യിത്നാന്‍,
൨൪. സീഫ്, തേലെം, ബയാലോത്ത്,
൨൫. ഹാസോര്‍-ഹദത്ഥ, കെരീയോത്ത്-ഹാസോര്‍ എന്ന കെരീയോത്ത്-ഹെസ്രോന്‍,
൨൬. അമാം, ശെമ, മോലാദാ,
൨൭. ഹസര്‍-ഗദ്ദ, ഹെശ്മോന്‍, ബേത്ത്-പേലെത്,
൨൮. ഹസര്‍-ശൂവാൽ, ബേര്‍-ശേബ, ബിസോത്യാ,
൨൯. ബാല, ഇയ്യീം, ഏസെം,
൩൦. എൽതോലദ്, കെസീൽ, ഹോര്‍മ്മ,
൩൧. സിക്ലാഗ്, മദ്മന്ന, സന്‍സന്ന,
൩൨. ലെബായോത്ത് ശിൽഹീം, ആയിന്‍, രിമ്മോന്‍; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
൩൩. താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്നാ,
൩൪. സനോഹാ, ഏന്‍-ഗന്നീം, തപ്പൂഹാ, ഏനാം,
൩൫. യര്‍മ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
൩൬. ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
൩൭. സെനാന്‍, ഹദാശ, മിഗ്ദൽ-ഗാദ്,
൩൮. ദിലാന്‍, മിസ്പെ, യൊക്തെയേൽ,
൩൯. ലാഖീശ്, ബൊസ്കത്ത്, എഗ്ലോന്‍
൪൦. കബ്ബോന്‍, ലഹ്‍മാസ്, കിത്ത്ളീശ്,
൪൧. ഗെദേരോത്ത്, ബേത്ത്-ദാഗോന്‍, നാമാ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
൪൨. ലിബ്നാ, ഏഥെര്‍, ആശാന്‍,
൪൩. യിപ്താഹ്, അശ്നാ, നെസീബ്,
൪൪. കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
൪൫. എക്രോനും അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
൪൬. എക്രോന്‍മുതൽ സമുദ്രംവരെ അസ്തോദിനു സമീപത്തുള്ളവയൊക്കെയും അവയുടെ ഗ്രാമങ്ങളും;
൪൭. അസ്തോദും അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിനു നെടുകെ അതിരായിരുന്നു.
൪൮. മലനാട്ടിൽ ശാമീര്‍, യത്ഥീര്‍, സോഖോ,
൪൯. ദന്ന, ദെബീര്‍ എന്ന കിര്യത്ത്-സന്ന,
൫൦. അനാബ്, എസ്തെമോ, ആനീം,
൫൧. ഗോശെന്‍, ഹോലോന്‍, ഗീലോ; ഇങ്ങനെ പതിനൊന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
൫൨. അരാബ്, ദൂമാ, എശാന്‍,
൫൩. യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ,
൫൪. ഹുമ്ത, ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബാ, സീയോര്‍ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
൫൫. മാവോന്‍, കര്‍മ്മേൽ, സീഫ്, യൂതാ,
൫൬. യിസ്രെയേൽ, യോക്ക്ദെയാം, സാനോഹാ,
൫൭. കയീന്‍, ഗിബെയാ, തിമ്നാ; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
൫൮. ഹൽഹൂൽ, ബേത്ത്-സൂര്‍, ഗെദോര്‍,
൫൯. മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോന്‍; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
൬൦. കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബാ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
൬൧. മരുഭൂമിയിൽ ബേത്ത്-അരാബാ, മിദ്ദീന്‍, സെഖാഖ,
൬൨. നിബ്ശാന്‍, ഈര്‍-ഹമേലഹ്, ഏന്‍-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
൬൩. യെരൂശലേമിൽ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാര്‍ത്തുവരുന്നു.

യോശുവ ൧൬:൧-൧൦
൧. യോസേഫിന്‍റെ മക്കള്‍ക്കു കിട്ടിയ അവകാശം: യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്ക് യെരീഹോ വെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നെ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
൨. ബേഥേലിൽനിന്ന് ലൂസിനു ചെന്ന് അര്‍ക്ക്യരുടെ അതിരായ അതാരോത്തിനു കടന്ന് പടിഞ്ഞാറോട്ട്
൩. യഫ്ലേത്യരുടെ അതിരിലേക്ക് താഴത്തെ ബേത്ത്-ഹോരോന്‍റെ അതിര്‍വരെ, ഗേസെര്‍വരെ തന്നെ, ഇറങ്ങിച്ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
൪. അങ്ങനെ യോസേഫിന്‍റെ പുത്രന്മാരായ മനശ്ശെയ്ക്കും എഫ്രയീമിനും അവകാശം ലഭിച്ചു.
൫. എഫ്രയീമിന്‍റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്ക് അവരുടെ അവകാശത്തിന്‍റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍വരെ അതാരോത്ത്-അദ്ദാര്‍ ആയിരുന്നു.
൬. ആ അതിര്‍ മിഖ്മെഥാത്തിന്‍റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞ് അതിനരികത്തുകൂടി യാനോഹയുടെ കിഴക്കു കടന്ന്
൭. യാനോഹയിൽനിന്ന് അതാരോത്തിനും നാരാത്തിനും ഇറങ്ങി യെരീഹോവിൽ എത്തി യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു.
൮. തപ്പൂഹയിൽനിന്ന് ആ അതിര്‍ പടിഞ്ഞാറോട്ട് കാനാ തോടുവരെ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
൯. മനശ്ശെമക്കളുടെ അവകാശത്തിന്‍റെ ഇടയിൽ എഫ്രയീംമക്കള്‍ക്കു വേര്‍തിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
൧൦. എന്നാൽ അവര്‍ ഗെസേരിൽ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാര്‍ത്തുവരുന്നു.

സങ്കീർത്തനങ്ങൾ ൪൫:൧-൫
൧. സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. [൧] എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്‍റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാന്‍ പറയുന്നു. എന്‍റെ നാവ് സമര്‍ഥനായ ലേഖകന്‍റെ എഴുത്തുകോൽ ആകുന്നു.
൨. നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരന്‍; ലാവണ്യം നിന്‍റെ അധരങ്ങളിന്മേൽ പകര്‍ന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
൩. വീരനായുള്ളോവേ, നിന്‍റെ വാള്‍ അരയ്ക്കു കെട്ടുക; നിന്‍റെ തേജസ്സും നിന്‍റെ മഹിമയുംതന്നെ.
൪. സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു നീ മഹിമയോടെ കൃതാര്‍ഥനായി വാഹനമേറി എഴുന്നള്ളുക; നിന്‍റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ.
൫. നിന്‍റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്‍റെ കീഴിൽ വീഴുന്നു; രാജാവിന്‍റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു.

സുഭാഷിതങ്ങൾ ൧൪:൪-൫
൪. കാളകള്‍ ഇല്ലാത്തേടത്തു തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ട്.
൫. വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു.

ലൂക്കോ ൧൧:൨൯-൫൪
൨൯. പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല.
൩൦. യോനാ നീനെവേക്കാര്‍ക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും ആകും.
൩൧. തെക്കേ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍.
൩൨. നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവര്‍ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനായിലും വലിയവന്‍.
൩൩. വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിന്‍കീഴിലോ വയ്ക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേല്‍ അത്രേ വയ്ക്കുന്നത്.
൩൪. ശരീരത്തിന്‍റെ വിളക്ക് കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ.
൩൫. ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക.
൩൬. നിന്‍റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍, വിളക്ക് തിളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
൩൭. അവന്‍ സംസാരിക്കുമ്പോള്‍തന്നെ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്ന് ഭക്ഷണത്തിനിരുന്നു;
൩൮. മുത്താഴത്തിനു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു.
൩൯. കര്‍ത്താവ് അവനോട്: പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
൪൦. മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയത്?
൪൧. അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
൪൨. പരീശന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
൪൩. പരീശന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു.
൪൪. നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ കാണ്‍മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.
൪൫. ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോട്: ഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
൪൬. അതിന് അവന്‍ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
൪൭. നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു.
൪൮. അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു.
൪൯. അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നത്: ഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയയ്ക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
൫൦. ഹാബെലിന്‍റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവില്‍വച്ചു
൫൧. പട്ടുപോയ സെഖര്യാവിന്‍റെ രക്തംവരെ ലോകസ്ഥാപനംമുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിനു തന്നെ. അതേ, ഈ തലമുറയോട് അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
൫൨. ന്യായശാസ്ത്രിമാരായനിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്‍റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു.
൫൩. അവന്‍ അവിടംവിട്ടു പോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും
൫൪. അവന്‍റെ വായില്‍നിന്നു വല്ലതും പിടിക്കാമോ എന്നുവച്ച് അവനായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.