A A A A A
ബൈബിളിൽ ഒരു വർഷം
ഏപ്രിൽ ൧൯

ന്യായാധിപൻ‌മാർ ൩:൧-൩൧
൧. കനാനിലെ യുദ്ധങ്ങളിലൊന്നും പങ്കെടുത്ത് യുദ്ധ പരിചയം ഇല്ലാതിരുന്ന യിസ്രായേലിന്റെ തലമുറകളെ പരീക്ഷിക്കേണ്ടതിനും
൨. അവരെ യുദ്ധ മുറകൾ അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ ശേഷിപ്പിച്ചിരുന്ന ജാതികൾ,
൩. ഫെലിസ്ത്യരുടെ അഞ്ച് പ്രഭുക്കന്മാരും എല്ലാ കനാന്യരും, സീദോന്യരും ബാൽ ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും ആയിരുന്നു.
൪. മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത കല്പനകൾ അനുസരിക്കുമോ എന്ന് ഈ ജാതികളാൽ യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ ശേഷിപ്പിച്ചിരുന്നത്.
൫. അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാർത്തു.
൬. അവരുടെ പുത്രിമാരെ യിസ്രയേൽമക്കൾ ഭാര്യമാരായി സ്വീകരിക്കയും, സ്വന്തം പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കയും, ആ ജാതികളുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
൭. ഇങ്ങനെ യിസ്രായേൽമക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു, തങ്ങളുടെ ദൈവമായ യഹോവയെ മറന്നു; ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
൮. അതുകൊണ്ട് യഹോവ യിസ്രായേലിന്റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ടു വർഷം സേവിച്ചു.
൯. യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
൧൦. അവന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിന് ന്യായപാലനം ചെയ്തു.അവൻ യുദ്ധത്തിന് പോയപ്പോൾ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്റെമേൽ ആധിപത്യം പ്രാപിച്ചു.
൧൧. അങ്ങനെ ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
൧൨. കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു; അവർ അങ്ങനെ ചെയ്കകൊണ്ട് യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന് വിരോധമായി ബലപ്പെടുത്തി.
൧൩. അവൻ അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി യിസ്രായേലിനെ പരാജയപ്പെടുത്തി അവർ ഈന്തപ്പനകളുടെ നഗരം കൈവശമാക്കി
൧൪. അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ട് സംവത്സരം സേവിച്ചു.
൧൫. യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.
൧൬. അനന്തരം ഏഹൂദ്,ഒരു മുഴം നീളവും ഇരുപുറവും മൂർച്ചയുമുള്ള ഒരു കഠാര ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.
൧൭. അങ്ങനെ അവൻ മോവാബ്‌രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പം കൊണ്ടു ചെന്നു; എഗ്ലോൻ വളരെ തടിച്ച ശരീരമുള്ളവൻ ആയിരുന്നു.
൧൮. കപ്പം കൊണ്ടുവന്നശേഷം അതു ചുമന്നുകൊണ്ടു വന്നവരെ അവൻ പറഞ്ഞയച്ചു
൧൯. എന്നാൽ അവൻ ഗില്ഗാലിലുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്ന്: രാജാവേ, എനിക്ക് അങ്ങയോട് ഒരു രഹസ്യസന്ദേശം അറിയിപ്പാനുണ്ട് എന്ന് പറഞ്ഞു. നിശബ്ദമായിരിപ്പാൻ രാജാവ് ആവശ്യപ്പെട്ട ഉടനെ കൂടെ നിന്നിരുന്ന പരിചാരകരെല്ലാവരും അവനെ വിട്ടു പുറത്തുപോയി.
൨൦. ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്ക് ദൈവത്തിന്റെ അരുളപ്പാട് അറിയിപ്പാൻ ഉണ്ട് എന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.
൨൧. അപ്പോൾ ഏഹൂദ് ഇടത്തു കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി.
൨൨. കഠാരയോടുകൂടെ പിടിയും അകത്ത് ചെന്നു; അവന്റെ വയറ്റിൽനിന്നു കഠാര അവൻ വലിച്ചെടുക്കാതിരുന്നതിനാൽ കൊഴുപ്പ് കഠാരമേൽ പൊതിഞ്ഞു; അവന്റെ കുടൽമാല പുറത്തുവന്നു.
൨൩. പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി.
൨൪. അവൻ പുറത്തു പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു, അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടു; അവൻ തന്റെ സ്വകാര്യമുറിയിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു.
൨൫. അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു;
൨൬. അപ്പോൾ അവരുടെ യജമാനൻ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടി രക്ഷപ്പെട്ടു, ശിലാവിഗ്രഹങ്ങളെ കടന്ന് സെയീരയിൽ എത്തിച്ചേർന്നു.
൨൭. അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി.
൨൮. അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.
൨൯. അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ കൊന്നുകളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
൩൦. ഒരുത്തനും രക്ഷപെട്ടില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്ത് എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.
൩൧. അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ ഒരു കൂർത്ത ചാട്ടകൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും അങ്ങനെ യിസ്രായേലിന്റെ രക്ഷകനായി.

ന്യായാധിപൻ‌മാർ ൪:൧-൨൪
൧. ഏഹൂദിന്റെ മരണശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു.
൨. അപ്പോൾ ഹാസോർ ഭരിച്ചിരുന്ന കനാന്യരാജാവായ യാബീന് യഹോവ അവരെ വിറ്റുകളഞ്ഞു; അവന്റെ സൈന്യാധിപനായ സീസെരാ മറ്റ് ജനതകൾ പാർത്തിരുന്ന ഹരോശെത്ത് ഹഗോമയിൽ നിന്നുള്ളവൻ ആയിരുന്നു.
൩. യാബീന് തൊള്ളായിരം ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപത് വർഷം അതികഠിനമായി കഷ്ടപ്പെടുത്തിയതിനാൽ അവർ യഹോവയോട് നിലവിളിച്ചു.
൪. ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യ പ്രവാചകിയായ ദെബോരാ ആയിരുന്നു യിസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്
൫. അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും ഇടയിലുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ ഇരിക്കുന്നതും യിസ്രായേൽമക്കൾ ന്യായവിസ്താരത്തിനായി അവളുടെ അടുക്കൽ ചെല്ലുന്നതും പതിവായിരുന്നു.
൬. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിയിലെ കേദെശിൽ നിന്ന് വിളിപ്പിച്ച് അവനോട്: “താബോർപർവ്വതത്തിൽ സൈന്യങ്ങളെ അണിനിരത്തുക; ആകയാൽ നീ പുറപ്പെട്ട് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ ചേർത്തുകൊള്ളുക;
൭. ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിനക്കെതിരെ അണിനിരത്തും; അവനെ നിന്റെ കയ്യിൽ ഏല്പിക്കുമെന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
൮. ബാരാക്ക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്ന് പറഞ്ഞു.
൯. അതിന് അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നിരുന്നാലും നിന്റെ ഈ യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് ലഭിക്കയില്ല; എന്തുകൊണ്ടെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്ന് പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റ് ബാരാക്കിനോടുകൂടെ കേദേശിലേക്ക് പോയി.
൧൦. ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവന്റെ ആജ്ഞപ്രകാരം പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെച്ചെന്നു.
൧൧. എന്നാൽ കേന്യനായ ഹേബെർ, മോശെയുടെ അളിയൻ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞ്, കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
൧൨. അബീനോവാബിന്റെ മകനായ ബാരാക്ക് താബോർപർവ്വതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരെക്ക് അറിവ് കൊടുത്തു.
൧൩. സീസെരാ തനിക്കുള്ള തൊള്ളായിരം ഇരിമ്പുരഥങ്ങളുമായി, പടജ്ജനത്തെ എല്ലാം ജാതികൾ പാർത്തിരുന്ന ഹരോശെത്തിൽനിന്നു കീശോൻ തോട്ടിന്നരികെ കൂട്ടിവരുത്തി.
൧൪. അപ്പോൾ ദെബോരാ ബാരാക്കിനോട്: “പുറപ്പെട്ടുചെല്ലുക; സീസെരയെ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന ദിവസം ഇന്നാകുന്നു; യഹോവ നിനക്ക് മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോർപർവ്വതത്തിൽ നിന്ന് ഇറങ്ങിച്ചെന്നു,
൧൫. യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളാൽ തോല്പിച്ചു; സീസെരാ രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.
൧൬. ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ജാതികൾ പാർത്തിരുന്ന ഹരോശെത്ത്‌വരെ ഓടിച്ചു; സീസെരയുടെ സൈന്യമൊക്കെയും വാളാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.
൧൭. എന്നാൽ കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നതിനാൽ സീസെരാ കാൽനടയായി ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിച്ചെന്നു
൧൮. യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട് “ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഭയപ്പെടാതെ ഇങ്ങോട്ടു കയറിക്കൊൾക” എന്ന് പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പുതപ്പുകൊണ്ട് മൂടി.
൧൯. അവൻ അവളോട്: എനിക്ക് ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്ന് പറഞ്ഞു; അവൾ പാൽ പാത്രം തുറന്ന് അവന് കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.
൨൦. അവൻ അവളോട്: “നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവരും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണം എന്ന് പറഞ്ഞു.
൨൧. എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ, കൂടാരത്തിന്റെ ഒരു കുറ്റി എടുത്ത് കയ്യിൽ ചുറ്റികയും പിടിച്ച് പതുക്കെ അവന്റെ അടുക്കൽ ചെന്ന്, കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അത് നിലത്തുചെന്ന് ഉറെച്ചു; അവൻ ക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു; അങ്ങനെ അവൻ മരിച്ചുപോയി.
൨൨. ബാരാക്ക് സീസെരയെ അന്വേഷിച്ച് ചെന്നപ്പോൾ യായേൽ അവനെ എതിരേറ്റ് അവനോട്: “വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം” എന്ന് പറഞ്ഞു. അവൻ അവളുടെ കൂടാരത്തിലെത്തിയപ്പോൾ സീസെരാ ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നത് കണ്ടു.
൨൩. ഇങ്ങനെ ദൈവം അന്ന് കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കളുടെ മുമ്പിൽ കീഴടങ്ങുമാറാക്കി
൨൪. യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീൻ നിശേഷം നശിക്കുന്നതുവരെ വരെ അവനെ പീഡിപ്പിച്ചു കൊണ്ടിരുന്നു.

സങ്കീർത്തനങ്ങൾ ൪൮:൯-൧൪
൯. ദൈവമേ, നിന്റെ മന്ദിരത്തിൽ വച്ച് ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.
൧൦. ദൈവമേ, നിന്റെ നാമംപോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
൧൧. നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു.
൧൨. സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ.
൧൩. വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.
൧൪. ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.

സുഭാഷിതങ്ങൾ ൧൪:൧൮-൧൯
൧൮. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
൧൯. ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.

ലൂക്കോ ൧൪:൨൫-൩൫
൨൫. ഒരു വലിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോട് പറഞ്ഞത്:
൨൬. എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ സ്നേഹിക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനാകുവാൻ സാധിക്കും
൨൭. തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരുന്നവൻ എന്റെ ശിഷ്യനാകും.
൨൮. നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആ‍വശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും.
൨൯. അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർക്കുവാൻ പണം ഇല്ല എന്നു വന്നേക്കാം;
൩൦. കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, പക്ഷേ തീർക്കുവാൻ സാധിക്കുന്നില്ല എന്നു പരിഹസിക്കുമല്ലോ.
൩൧. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും.
൩൨. അത് സാധ്യമല്ലെങ്കിൽ അവൻ ദൂരത്തിരിക്കുമ്പോൾ തന്നേ ദൂതന്മാരെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.
൩൩. അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നു എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയും.
൩൪. ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും?
൩൫. പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.