സംഖ്യാപുസ്തകം ൩:൧-൫൧ |
൧. യഹോവ സീനായിപർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യം ഇപ്രകാരമാണ്: |
൨. അഹരോന്റെ പുത്രന്മാർ ഇവരാണ്: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. |
൩. പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിക്കപ്പെട്ട്, അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നെ. |
൪. എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽ വച്ച് മരിച്ചുപോയി; അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു. |
൫. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: |
൬. “നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന് ശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ മുമ്പാകെ നിർത്തുക. |
൭. അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യണം. |
൮. അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളും എല്ലാ യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ച വേല ചെയ്യണം. |
൯. നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവന് സാക്ഷാൽ ദാനമായുള്ളവർ ആകുന്നു. |
൧൦. അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിക്കണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കണം”. |
൧൧. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: |
൧൨. “യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം. |
൧൩. കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്ത് അവരുടെ എല്ലാം കടിഞ്ഞൂലിനെ കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ട് ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കണം; ഞാൻ യഹോവ ആകുന്നു”. |
൧൪. യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്: |
൧൫. “ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണിനെയും നീ എണ്ണണം”. |
൧൬. തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി. |
൧൭. ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി. |
൧൮. കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ: |
൧൯. ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. |
൨൦. കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ. |
൨൧. ഗേർശോനിൽനിന്ന് ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ. |
൨൨. അവരിൽ ഒരു മാസം മുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആകെ ഏഴായിരത്തഞ്ഞൂറ്. |
൨൩. ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറു ഭാഗത്ത് പാളയമിറങ്ങണം. |
൨൪. ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം. |
൨൫. സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടത് തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീലയും |
൨൬. തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു. |
൨൭. കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു. |
൨൮. ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തി അറുനൂറ് പേർ. |
൨൯. കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കു ഭാഗത്ത് പാളയമിറങ്ങണം. |
൩൦. കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കണം. |
൩൧. അവർ നോക്കേണ്ടത് പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേല ഒക്കെയും ആകുന്നു. |
൩൨. പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്ക് പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കണം. |
൩൩. മെരാരിയിൽനിന്ന് മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ. |
൩൪. അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറ് പേർ. |
൩൫. മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കണം; ഇവർ തിരുനിവാസത്തിന്റെ വടക്കു ഭാഗത്ത് പാളയമിറങ്ങണം. |
൩൬. മെരാര്യർക്ക് നിയമിച്ചിട്ടുള്ള ഉത്തരവാദിത്വം തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങൾ എന്നിവയും, അത് സംബന്ധിച്ചുള്ള എല്ലാവേലയും, |
൩൭. പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവയും ആകുന്നു. |
൩൮. എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്ത് കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്ത് തന്നെ, സൂര്യോദയത്തിന് അഭിമുഖമായി മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കൾക്കു വേണ്ടി വിശുദ്ധമന്ദിരത്തിന്റെ ചുമതല ഏറ്റെടുത്ത് ആവശ്യങ്ങൾ നിർവ്വഹിക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം. |
൩൯. മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തിരണ്ട് ആയിരം പേർ. |
൪൦. യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളുടെ പേരുവിവരപ്രകാരം എണ്ണി അവരുടെ സംഖ്യ എടുക്കുക. |
൪൧. യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി എടുക്കണം; ഞാൻ യഹോവ ആകുന്നു”. |
൪൨. യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി. |
൪൩. ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുവിവരപ്രകാരം എണ്ണിയ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്റി എഴുപത്തിമൂന്ന് ആയിരുന്നു. |
൪൪. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: |
൪൫. “യിസ്രായേൽമക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്ക് പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്കുക; ലേവ്യർ എനിക്കുള്ളവരായിരിക്കണം; ഞാൻ യഹോവ ആകുന്നു. |
൪൬. യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇരുനൂറ്റി എഴുപത്തിമൂന്ന് പേരുടെ വീണ്ടെടുപ്പിനായി തലയ്ക്ക് അഞ്ച് ശേക്കെൽ വീതം വാങ്ങണം; |
൪൭. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപത് ഗേരാവച്ച് വാങ്ങണം. |
൪൮. അവരുടെ എണ്ണത്തിൽ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോനും അവന്റെ മക്കൾക്കും കൊടുക്കണം. |
൪൯. ലേവ്യരെക്കൊണ്ട് വീണ്ടെടുത്തവരുടെ എണ്ണത്തിൽ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി. |
൫൦. യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോട് അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരത്തി മൂന്നൂറ്ററുപത്തഞ്ച് ശേക്കെൽ പണം വാങ്ങി. |
൫൧. യഹോവ മോശെയോട് കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോനും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു. |
സംഖ്യാപുസ്തകം ൪:൧-൪൯ |
൧. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: |
൨. “ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള,സമാഗമനകൂടാരത്തിൽ |
൩. വേല ചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ. |
൪. സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്: |
൫. പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം. |
൬. തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. |
൭. കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം. |
൮. അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. |
൯. ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം. |
൧൦. അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം. |
൧൧. സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. |
൧൨. വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് തഹശൂതോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം. |
൧൩. അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം. |
൧൪. അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. |
൧൫. പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ. |
൧൬. പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ. |
൧൭. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: |
൧൮. “നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്. |
൧൯. അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം. |
൨൦. എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”. |
൨൧. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: |
൨൨. “ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക. |
൨൩. മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം. |
൨൪. ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്: |
൨൫. തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല, |
൨൬. പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം. |
൨൭. ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിയ്ക്കണം. |
൨൮. സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശപ്രകാരം ആയിരിക്കണം. |
൨൯. മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം. |
൩൦. മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം. |
൩൧. സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്, |
൩൨. ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം. |
൩൩. പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകല ശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതു തന്നെ. |
൩൪. മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ |
൩൫. സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി. |
൩൬. അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ. |
൩൭. മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ. |
൩൮. ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ |
൩൯. മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി |
൪൦. കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ. |
൪൧. യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ. |
൪൨. മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ |
൪൩. മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി |
൪൪. അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ. |
൪൫. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ. |
൪൬. മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ |
൪൭. സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ |
൪൮. എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു. |
൪൯. യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി. |
സങ്കീർത്തനങ്ങൾ ൩൦:൧-൭ |
൧. ആലയപ്രതിഷ്ടാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല. |
൨. എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. |
൩. യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. |
൪. യഹോവയുടെ വിശുദ്ധന്മാരേ, അവന് സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്വിൻ. |
൫. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. |
൬. “ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. |
൭. യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി. |
സുഭാഷിതങ്ങൾ ൧൦:൩൦-൩൨ |
൩൦. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. |
൩൧. നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും. |
൩൨. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു. |
അടയാളപ്പെടുത്തുക ൮:൧-൨൧ |
൧. ആ ദിവസങ്ങളിൽ വീണ്ടും വലിയ പുരുഷാരം കൂടിവന്നു, അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോട്: |
൨. “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അവരോട് അലിവ് തോന്നുന്നു; |
൩. ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽ വെച്ച് തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ” എന്നു പറഞ്ഞു. |
൪. അതിന് അവന്റെ ശിഷ്യന്മാർ: “ഇവർക്ക് തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ മരുഭൂമിയിൽ എവിടെനിന്ന് നമുക്കു ലഭിക്കും?” എന്നു ഉത്തരം പറഞ്ഞു. |
൫. അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. ഏഴ് എന്നു അവർ പറഞ്ഞു. |
൬. അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു; പിന്നെ ആ ഏഴ് അപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന് വിളമ്പി. |
൭. ചെറിയ മീനും കുറച്ച് ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. |
൮. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴ് വട്ടി നിറച്ചെടുത്തു. |
൯. അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു. |
൧൦. അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോട് കൂടെ പടക് കയറി ദല്മനൂഥ ദേശങ്ങളിൽ എത്തി. |
൧൧. അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി. |
൧൨. അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു, |
൧൩. പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്ക് കടന്നു. |
൧൪. ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. |
൧൫. അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി. |
൧൬. നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു. |
൧൭. അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? |
൧൮. കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ? |
൧൯. അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു. |
൨൦. നാലായിരം പേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു. |
൨൧. പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു. |