ബൈബിളിൽ ഒരു വർഷം


മെയ് ൨൬


൨ ശമുവേൽ ൨൩:൧-൩൮
൧. ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതുയിശ്ശായിപ്പുത്രന്‍ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍ ചൊല്ലുന്നു; യാക്കോബിന്‍ ദൈവത്താല്‍ അഭിഷിക്തന്‍ , യിസ്രായേലിന്‍ മധുരഗായകന്‍ തന്നേ.
൨. യഹോവയുടെ ആത്മാവു എന്നില്‍ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേല്‍ ഇരിക്കുന്നു.
൩. യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിന്‍ പാറ എന്നോടു അരുളിച്ചെയ്തുമനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍ ,
൪. ദൈവഭയത്തോടെ വാഴുന്നവന്‍ , മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യന്‍ ; മഴെക്കു പിമ്പു സൂര്യകാന്തിയാല്‍ ഭൂമിയില്‍ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യന്‍ .
൫. ദൈവസന്നിധിയില്‍ എന്റെ ഗൃഹം അതു പോലെയല്ലയോ? അവന്‍ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോഅതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന്‍ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
൬. എന്നാല്‍ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
൭. അവയെ തൊടുവാന്‍ തുനിയുന്നവന്‍ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
൮. ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതുതഹ്കെമോന്യന്‍ യോശേബ്-ബശ്ശേബെത്ത്; അവന്‍ നായകന്മാരില്‍ തലവന്‍ ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യന്‍ അദീനോ ഇവന്‍ തന്നേ.
൯. അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകന്‍ എലെയാസാര്‍; അവന്‍ ഫെലിസ്ത്യര്‍ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യര്‍ പൊയ്ക്കളഞ്ഞപ്പോള്‍ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരില്‍ ഒരുത്തന്‍ ആയിരുന്നു.
൧൦. അവന്‍ എഴുന്നേറ്റു കൈതളര്‍ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാന്‍ മാത്രമേ പടജ്ജനം അവന്റെ അടുക്കല്‍ മടങ്ങിവന്നുള്ളു.
൧൧. അവന്റ ശേഷം ഹാരാര്‍യ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കല്‍; ചെറുപയര്‍ ഉള്ളോരു വയലില്‍ കവര്‍ച്ചെക്കു ഫെലിസ്ത്യര്‍ കൂടിവന്നപ്പോള്‍ ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടിപ്പോയി.
൧൨. അവനോ വയലിന്റെ നടുവില്‍നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
൧൩. മുപ്പതു നായകന്മാരില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയില്‍ പാളയമിറങ്ങിയിരുന്നു.
൧൪. അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ ആയിരുന്നു; ഫെലിസ്ത്യര്‍ക്കും ബേത്ത്ളേഹെമില്‍ അക്കാലത്തു ഒരു കാവല്‍പട്ടാളം ഉണ്ടായിരുന്നു.
൧൫. ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.
൧൬. അപ്പോള്‍ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവനോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു
൧൭. യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? ഇതു ചെയ്‍വാന്‍ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തതു.
൧൮. യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരില്‍ തലവന്‍ ആയിരുന്നു. അവന്‍ തന്റെ കുന്തത്തെ മന്നൂറുപേരുടെ നേരെ ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ മൂവരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.
൧൯. അവന്‍ മൂവരിലും മാനം ഏറിയവന്‍ ആയിരുന്നു; അവര്‍ക്കും തലവനായ്തീര്‍ന്നു. എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.
൨൦. കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
൨൧. അവന്‍ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
൨൨. ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍ കീര്‍ത്തി പ്രാപിച്ചു.
൨൩. അവന്‍ മുപ്പതുപേരില്‍ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
൨൪. യോവാബിയന്റെ സഹോദരനായ അസാഹേല്‍ മുപ്പതുപേരില്‍ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാല്‍ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ , ഹരോദ്യന്‍ ശമ്മാ, ഹരോദ്യന്‍ എലീക്കാ,
൨൫. പല്‍ത്യന്‍ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ,
൨൬. അനഥോത്യന്‍ അബീയേസെര്‍, ഹൂശാത്യന്‍ മെബുന്നായി, അഹോഹ്യന്‍ സല്‍മോന്‍ ,
൨൭. നെത്തോഫാത്യന്‍ മഹരായി,
൨൮. നെത്തോഫാത്യനായ ബാനയുടെ മകന്‍ ഹേലെബ്,
൨൯. ബെന്യാമീന്യരുടെ ഗിബെയയില്‍നിന്നുള്ള രീബായിയുടെ മകന്‍ ഇത്ഥായി,
൩൦. പിരാതോന്യന്‍ ബെനായ്യാവു,
൩൧. നഹലേഗാശുകാരന്‍ ഹിദ്ദായി, അര്‍ബാത്യന്‍ അബീ-അല്ബോന്‍ , ബര്‍ഹൂമ്യന്‍ അസ്മാവെത്ത്,
൩൨. ശാല്‍ബോന്യന്‍ എല്യഹ്ബാ, യാശേന്റെ പുത്രന്മാര്‍
൩൩. യോനാഥാന്‍ , ഹരാര്‍യ്യന്‍ ശമ്മ, അരാര്‍യ്യനായ ശാരാരിന്റെ മകന്‍ അഹീരാം,
൩൪. മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകന്‍ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകന്‍ എലീയാം,
൩൫. കര്‍മ്മേല്യന്‍ ഹെസ്രോ, അര്‍ബ്യന്‍ പാറായി,
൩൬. സോബക്കാരനായ നാഥാന്റെ മകന്‍ യിഗാല്‍,
൩൭. ഗാദ്യന്‍ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യന്‍ സേലെക്ക്, ബെരോത്യന്‍ നഹരായി.
൩൮. യിത്രിയന്‍ ഈരാ, യിത്രിയന്‍ ഗാരേബ്,

൨ ശമുവേൽ ൨൪:൧-൨൫
൧. യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചുനീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു.
൨. അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടുദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേല്‍ഗോത്രങ്ങളില്‍ ഒക്കെയും നിങ്ങള്‍ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍ എന്നു കല്പിച്ചു.
൩. അതിന്നു യോവാബ് രാജാവിനോടുയജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോള്‍ ഉള്ളതില്‍ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
൪. എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേല്‍ജനത്തെ എണ്ണുവാന്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.
൫. അവര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
൬. പിന്നെ അവര്‍ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവര്‍ ദാന്‍ -യാനിലും ചുറ്റി സീദോനിലും ചെന്നു;
൭. പിന്നെ അവര്‍ സോര്‍കോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേര്‍-ശേബയിലേക്കു പുറപ്പെട്ടു.
൮. ഇങ്ങനെ അവര്‍ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമില്‍ എത്തി.
൯. യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടുലക്ഷവും യെഹൂദ്യര്‍ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
൧൦. എന്നാല്‍ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തില്‍ കുത്തുകൊണ്ടിട്ടു യഹോവയോടുഞാന്‍ ഈ ചെയ്തതു മഹാപാപം; എന്നാല്‍ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാന്‍ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
൧൧. ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ ദാവീദിന്റെ ദര്‍ശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാല്‍
൧൨. നീ ചെന്നു ദാവീദിനോടുഞാന്‍ മൂന്നു കാര്യം നിന്റെ മുമ്പില്‍ വെക്കുന്നു; അതില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
൧൩. ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടു അറിയിച്ചുനിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കില്‍ മൂന്നു മാസം നിന്റെ ശത്രുക്കള്‍ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പില്‍നിന്നു ഔടിപ്പോകയും ചെയ്കയോ? അല്ലെങ്കില്‍ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാന്‍ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
൧൪. ദാവീദ്,ഗാദിനോടുഞാന്‍ വലിയ വിഷമത്തില്‍ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യില്‍ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.
൧൫. അങ്ങനെ യഹോവ യിസ്രായേലില്‍ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാന്‍ മുതല്‍ ബേര്‍-ശേബവരെ ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചുപോയി.
൧൬. എന്നാല്‍ ദൈവദൂതന്‍ യെരൂശലേമിനെ ബാധിപ്പാന്‍ അതിന്മേല്‍ കൈനീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന്‍ , യെബൂസ്യന്‍ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
൧൭. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടുഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകള്‍ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.
൧൮. അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കല്‍ വന്നു അവനോടുനീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തില്‍ യഹോവേക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
൧൯. യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.
൨൦. അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കല്‍ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
൨൧. യജമാനനായ രാജാവു അടിയന്റെ അടുക്കല്‍ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാന്‍ തന്നേ എന്നു പറഞ്ഞു.
൨൨. അരവ്നാ ദാവീദിനോടുയജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
൨൩. രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നില്‍ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
൨൪. രാജാവു അരവ്നയോടുഅങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവേക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കല്‍ വെള്ളിക്കു വാങ്ങി.
൨൫. ദാവീദ് യഹോവേക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോള്‍ യഹോവ ദേശത്തിന്റെ പ്രാര്‍ത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.

സങ്കീർത്തനങ്ങൾ ൬൮:൭-൧൦
൭. ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയില്‍കൂടി നടകൊണ്ടപ്പോള്‍ - സേലാ -
൮. ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.
൯. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
൧൦. നിന്റെ കൂട്ടം അതില്‍ പാര്‍ത്തു; ദൈവമേ, നിന്റെ ദയയാല്‍ നീ അതു എളിയവര്‍ക്കുംവേണ്ടി ഒരുക്കിവെച്ചു.

സുഭാഷിതങ്ങൾ ൧൭:൫-൬
൫. ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
൬. മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര്‍ തന്നേ.

ജോൺ ൯:൧-൨൩
൧. അവന്‍ കടന്നുപോകുമ്പോള്‍ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.
൨. അവന്റെ ശിഷ്യന്മാര്‍ അവനോടുറബ്ബീ, ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആര്‍ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.
൩. അതിന്നു യേശുഅവന്‍ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കല്‍ വെളിവാകേണ്ടതിന്നത്രേ.
൪. എന്നെ അയച്ചവന്റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു;
൫. ഞാന്‍ ലോകത്തില്‍ ഇരിക്കുമ്പോള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
൬. ഇങ്ങനെ പറഞ്ഞിട്ടു അവന്‍ നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേല്‍ പൂശി
൭. നീ ചെന്നു ശിലോഹാംകുളത്തില്‍ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. അവന്‍ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
൮. അയല്‍ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരുംഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവന്‍ എന്നു പറഞ്ഞു.
൯. അവന്‍ തന്നേഎന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവന്‍ എന്നു മറ്റുചിലരും പറഞ്ഞു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു.
൧൦. അവര്‍ അവനോടുനിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവന്‍
൧൧. യേശു എന്നു പേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്റെ കണ്ണിന്മേല്‍ പൂശിശിലോഹാംകുളത്തില്‍ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാന്‍ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
൧൨. അവന്‍ എവിടെ എന്നു അവര്‍ അവനോടു ചോദിച്ചതിന്നുഞാന്‍ അറിയുന്നില്ല എന്നു അവന്‍ പറഞ്ഞു.
൧൩. കുരുടനായിരുന്നവനെ അവര്‍ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി.
൧൪. യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളില്‍ ആയിരുന്നു.
൧൫. അവന്‍ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവന്‍ അവരോടുഅവന്‍ എന്റെ കണ്ണിന്മേല്‍ ചേറു തേച്ചു ഞാന്‍ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
൧൬. പരീശന്മാരില്‍ ചിലര്‍ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി.
൧൭. അവര്‍ പിന്നെയും കുരുടനോടുനിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നുഅവന്‍ ഒരു പ്രവാചകന്‍ എന്നു അവന്‍ പറഞ്ഞു.
൧൮. കാഴ്ചപ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവന്‍ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാര്‍ വിശ്വസിച്ചില്ല.
൧൯. കുരുടനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന്നു ഇപ്പോള്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അവര്‍ അവരോടു ചോദിച്ചു.
൨൦. അവന്റെ അമ്മയപ്പന്മാര്‍ഇവന്‍ ഞങ്ങളുടെ മകന്‍ എന്നും കുരുടനായി ജനിച്ചവന്‍ എന്നും ഞങ്ങള്‍ അറിയുന്നു.
൨൧. എന്നാല്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആര്‍ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിന്‍ ; അവന്നു പ്രായം ഉണ്ടല്ലോ അവന്‍ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
൨൨. യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു
൨൩. അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിന്‍ എന്നു പറഞ്ഞതു.