ബൈബിൾ തിരഞ്ഞെടുക്കൽ
പഴയനിയമം
പുതിയ നിയമം
മലയാളം ബൈബിൾ 1992

൨ ദിനവൃത്താന്തം ൨൭

യോഥാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.

അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതില്‍ പണിതു; ഔഫേലിന്റെ മതിലും അവന്‍ വളരെ പണിതു ഉറപ്പിച്ചു.

അവന്‍ യെഹൂദാമലനാട്ടില്‍ പട്ടണങ്ങളും വനങ്ങളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.

അവന്‍ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യര്‍ അവന്നു ആ ആണ്ടില്‍ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോര്‍ കോതമ്പും പതിനായിരം കോര്‍ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യര്‍ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.

ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവന്‍ ബലവാനായിത്തീര്‍ന്നു.

യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലയുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു.

യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

Malayalam Bible 1992
Bible Society of India bible