ബൈബിളിൽ ഒരു വർഷം
മെയ് ൨൨


൧ ശമുവേൽ ൪:൧-൨൧
൧. ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടുയിസ്രായേല്‍ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെന്‍ -ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമിറങ്ങി.
൨. ഫെലിസ്ത്യര്‍ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോള്‍ യിസ്രായേല്‍ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തില്‍ ഏകദേശം നാലായിരംപേരെ അവര്‍ പോര്‍ക്കളത്തില്‍ വെച്ചു സംഹരിച്ചു.
൩. പടജ്ജനം പാളയത്തില്‍ വന്നാറെ യിസ്രായേല്‍മൂപ്പന്മാര്‍ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോലക്കുമാറാക്കിയതു എന്തു? നാം ശീലോവില്‍നിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കല്‍ വരുത്തുക; അതു നമ്മുടെ ഇടയില്‍ വന്നാല്‍ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.
൪. അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു. അവര്‍ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
൫. യഹോവയുടെ നിമയപെട്ടകം പാളയത്തില്‍ എത്തിയപ്പോള്‍ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തില്‍ ആര്‍പ്പിട്ടു.
൬. ഫെലിസ്ത്യര്‍ ആര്‍പ്പിന്റെ ഒച്ച കേട്ടിട്ടുഎബ്രായരുടെ പാളയത്തില്‍ ഈ വലിയ ആര്‍പ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
൭. ദൈവം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു ഭയപ്പെട്ടുനമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
൮. നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യില്‍നിന്നു നമ്മെ ആര്‍ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയില്‍ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
൯. ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന്‍ ; എബ്രായര്‍ നിങ്ങള്‍ക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള്‍ അവര്‍ക്കും ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിന്‍ എന്നു പറഞ്ഞു.
൧൦. അങ്ങനെ ഫെലിസ്ത്യര്‍ പട തുടങ്ങിയപ്പോള്‍ യിസ്രായേല്‍ തോറ്റു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു ഔടി; യിസ്രായേലില്‍ മുപ്പതിനായിരം കാലാള്‍ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
൧൧. ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.
൧൨. പോര്‍ക്കളത്തില്‍നിന്നു ഒരു ബെന്യാമീന്യന്‍ വസ്ത്രം കീറിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു ഔടി അന്നു തന്നെ ശീലോവില്‍ വന്നു.
൧൩. അവന്‍ വരുമ്പോള്‍ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തില്‍ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യന്‍ പട്ടണത്തില്‍ എത്തി വസ്തുത പറഞ്ഞപ്പോള്‍ പട്ടണത്തിലെല്ലാം നിലവിളിയായി.
൧൪. ഏലി നിലവിളികേട്ടപ്പോള്‍ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യന്‍ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
൧൫. ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാന്‍ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
൧൬. ആ മനുഷ്യന്‍ ഏലിയോടുഞാന്‍ പോര്‍ക്കളത്തില്‍നിന്നു വന്നവന്‍ ആകുന്നു; ഇന്നു തന്നേ ഞാന്‍ പോര്‍ക്കളത്തില്‍നിന്നു ഔടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനം എന്താകുന്നു, മകനേ, എന്നു അവന്‍ ചോദിച്ചു.
൧൭. അതിന്നു ആ ദൂതന്‍ യിസ്രായേല്‍ ഫെലിസ്ത്യരുടെ മുമ്പില്‍ തോറ്റോടി; ജനത്തില്‍ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
൧൮. അവന്‍ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതില്‍ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവന്‍ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവന്‍ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
൧൯. എന്നാല്‍ അവന്റെ മരുമകള്‍ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗര്‍ഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭര്‍ത്താവും മരിച്ചതും കേട്ടപ്പോള്‍ അവള്‍ക്കു പ്രസവവേദന തുടങ്ങി; അവള്‍ നിലത്തു വീണു പ്രസവിച്ചു.
൨൦. അവള്‍ മരിപ്പാറായപ്പോള്‍ അരികെ നിന്ന സ്ത്രീകള്‍ അവളോടുഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാല്‍ അവള്‍ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
൨൧. ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയും ഔര്‍ത്തിട്ടുംമഹത്വം യിസ്രായേലില്‍നിന്നു പൊയ്പോയി എന്നു പറഞ്ഞു അവള്‍ കുഞ്ഞിന്നു ഈഖാബോദ് എന്നു പേര്‍ ഇട്ടു.

൧ ശമുവേൽ ൫:൧-൧൨
൧. ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെന്‍ -ഏസെരില്‍നിന്നു അസ്തോദിലേക്കു കൊണ്ടുപോയി.
൨. ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തില്‍ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു.
൩. പിറ്റെന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിര്‍ത്തി.
൪. പിറ്റെന്നാള്‍ രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേല്‍ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടല്‍മാത്രം ശേഷിച്ചിരുന്നു.
൫. അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തില്‍ കടക്കുന്നവരും അസ്തോദില്‍ ദാഗോന്റെ ഉമ്മരപ്പടിമേല്‍ ഇന്നും ചവിട്ടുമാറില്ല.
൬. എന്നാല്‍ യഹോവയുടെ കൈ അസ്തോദ്യരുടെമേല്‍ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താല്‍ ബാധിച്ചു.
൭. അങ്ങനെ ഭവിച്ചതു അസ്തോദ്യര്‍ കണ്ടിട്ടുയിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കല്‍ ഇരിക്കരുതു; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
൮. അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടിയിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപേകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.
൯. അവര്‍ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.
൧൦. അതുകൊണ്ടു അവര്‍ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനില്‍ എത്തിയപ്പോള്‍ എക്രോന്യര്‍നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.
൧൧. അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തിയിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.
൧൨. മരിക്കാതിരുന്നവര്‍ മൂലരോഗത്താല്‍ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തില്‍ കയറി.

സങ്കീർത്തനങ്ങൾ ൫൪:൧-൭
൧. ദൈവമേ, നിന്റെ നാമത്താല്‍ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാല്‍ എനിക്കു ന്യായം പാലിച്ചുതരേണമേ.
൨. ദൈവമേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
൩. അന്യജാതിക്കാര്‍ എന്നോടു എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
൪. ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കര്‍ത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
൫. അവന്‍ എന്റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയേണമേ.
൬. സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാന്‍ അതിന്നു സ്തോത്രം ചെയ്യും.
൭. അവന്‍ എന്നെ സകലകഷ്ടത്തില്‍നിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും. സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.

സുഭാഷിതങ്ങൾ ൧൫:൧൨-൧൩
൧൨. പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
൧൩. സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

ലൂക്കോ ൨൧:൧-൧൯
൧. അവന്‍ തലപൊക്കി ധനവാന്മാര്‍ ഭണ്ഡാരത്തില്‍ വഴിപാടു ഇടുന്നതു കണ്ടു.
൨. ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവന്‍
൩. ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു.
൪. എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
൫. ചിലര്‍ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍
൬. ഈ കാണുന്നതില്‍ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേല്‍ ശേഷിക്കാത്ത കാലം വരും എന്നു അവന്‍ പറഞ്ഞു.
൭. ഗുരോ, അതു എപ്പോള്‍ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവര്‍ അവനോടു ചോദിച്ചു.
൮. അതിന്നു അവന്‍ ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . ഞാന്‍ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകര്‍ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
൯. നിങ്ങള്‍ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
൧൦. പിന്നെ അവന്‍ അവരോടു പറഞ്ഞതുജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും.
൧൧. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തില്‍ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.
൧൨. ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവര്‍ നിങ്ങളുടെമേല്‍ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില്‍ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
൧൩. അതു നിങ്ങള്‍ക്കു സാക്ഷ്യം പറവാന്‍ തരം ആകും.
൧൪. ആകയാല്‍ പ്രതിവാദിപ്പാന്‍ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സില്‍ ഉറെച്ചുകൊള്‍വിന്‍ .
൧൫. നിങ്ങളുടെ എതിരികള്‍ക്കു ആര്‍ക്കും ചെറുപ്പാനോ എതിര്‍പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും.
൧൬. എന്നാല്‍ അമ്മയപ്പന്മാരും സഹോദരന്മാരും ചാര്‍ച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളില്‍ ചിലരെ കൊല്ലിക്കയും ചെയ്യും.
൧൭. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.
൧൮. നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
൧൯. നിങ്ങള്‍ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.