圣经一年
八月 ൨൧


എസ്തേർ ൩:൧-൧൫
൧. അനന്തരം അഹശ്വേരോശ്രാജാവു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്നു കയറ്റവും ഉന്നതപദവിയും കൊടുത്തു അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങള്‍ക്കു മേലായി വെച്ചു.
൨. രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊര്‍ദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്ക്കുരിച്ചതുമില്ല.
൩. അപ്പോള്‍ രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ മൊര്‍ദ്ദെഖായിയോടുനീ രാജകല്പന ലംഘിക്കുന്നതു എന്തു എന്നു ചോദിച്ചു.
൪. അവര്‍ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവന്‍ അവരുടെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍ മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം നിലനിലക്കുമോ എന്നു കാണേണ്ടതിന്നു അവര്‍ അതു ഹാമാനോടു അറിയിച്ചു; താന്‍ യെഹൂദന്‍ എന്നു അവന്‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
൫. മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാന്‍ കോപംകൊണ്ടു നിറഞ്ഞു.
൬. എന്നാല്‍ മൊര്‍ദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി; മൊര്‍ദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ടു അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊര്‍ദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാന്‍ തരം അന്വേഷിച്ചു.
൭. അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടില്‍ നീസാന്‍ മാസമായ ഒന്നാം മാസത്തില്‍ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഔരോ ദിവസത്തെയും ഔരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പില്‍വെച്ചു പൂര് എന്ന ചീട്ടിട്ടു നോക്കി.
൮. പിന്നെ ഹാമാന്‍ അഹശ്വേരോശ്രാജാവിനോടുനിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയില്‍ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങള്‍ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവര്‍ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല.
൯. രാജാവിന്നു സമ്മതമുണ്ടെങ്കില്‍ അവരെ നശിപ്പിക്കേണ്ടതിന്നു സന്ദേശം എഴുതി അയക്കേണം; എന്നാല്‍ ഞാന്‍ കാര്യവിചാരകന്മാരുടെ കയ്യില്‍ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയക്കാം എന്നു പറഞ്ഞു.
൧൦. അപ്പോള്‍ രാജാവു തന്റെ മോതിരം കയ്യില്‍നിന്നു ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്നു കൊടുത്തു.
൧൧. രാജാവു ഹാമാനോടുഞാന്‍ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറഞ്ഞു.
൧൨. അങ്ങനെ ഒന്നാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാന്‍ കല്പിച്ചതുപോലെ ഒക്കെയും അവര്‍ രാജപ്രതിനിധികള്‍ക്കും ഔരോ സംസ്ഥാനത്തിലെ ദേശാധിപധികള്‍ക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന്നും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു.
൧൩. ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും അഞ്ചല്‍ക്കാര്‍വശം എഴുത്തു അയച്ചു.
൧൪. അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്റെ പകര്‍പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
൧൫. അഞ്ചല്‍ക്കാര്‍ രാജ കല്പന പ്രമാണിച്ചു ക്ഷണത്തില്‍ പുറപ്പെട്ടു പോയി; ശൂശന്‍ രാജധാനിയിലും ആ തീര്‍പ്പു പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാന്‍ ഇരുന്നു; ശൂശമ്പട്ടണമോ കലങ്ങിപ്പോയി.

എസ്തേർ ൪:൧-൧൭
൧. സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില്‍ ചെന്നു കൈപ്പോടെ അത്യുച്ചത്തില്‍ നിലവിളിച്ചു.
൨. അവന്‍ രാജാവിന്റെ പടിവാതിലോളവും വന്നുഎന്നാല്‍ രട്ടുടുത്തുംകൊണ്ടു ആര്‍ക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
൩. രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്ന ഔരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയില്‍ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റില്‍ കിടന്നു.
൪. എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോള്‍ അവള്‍ അത്യന്തം വ്യസനിച്ചു മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാല്‍ അവന്‍ വാങ്ങിയില്ല.
൫. അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില്‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ പോയിവരുവാന്‍ അവന്നു കല്പന കൊടുത്തു.
൬. അങ്ങനെ ഹഥാക്ക്‍ രാജാവിന്റെ പടിവാതിലിന്നു മുമ്പില്‍ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ ചെന്നു.
൭. മൊര്‍ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.
൮. അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനില്‍ പരസ്യമാക്കിയിരുന്ന തീര്‍പ്പിന്റെ പകര്‍പ്പ് അവന്‍ അവന്റെ കയ്യില്‍ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവള്‍ രാജസന്നിധിയില്‍ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
൯. അങ്ങനെ ഹഥാക്ക്‍ ചെന്നു മൊര്‍ദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.
൧൦. എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു ചെന്നു പറവാന്‍ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാല്‍
൧൧. യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കല്‍ അകത്തെ പ്രാകാരത്തില്‍ ചെന്നുവെങ്കില്‍ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊന്‍ ചെങ്കോല്‍ ആയാളുടെ നേരെ നീട്ടാഞ്ഞാല്‍ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാല്‍ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വിളിച്ചിട്ടില്ല.
൧൨. അവര്‍ എസ്ഥേരിന്റെ വാക്കു മൊര്‍ദ്ദെഖായിയോടു അറിയിച്ചു.
൧൩. മൊര്‍ദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാന്‍ കല്പിച്ചതുനീ രാജധാനിയില്‍ ഇരിക്കയാല്‍ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
൧൪. നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യെഹൂദന്മാര്‍ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കും അറിയാം?
൧൫. അതിന്നു എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു മറുപടി പറവാന്‍ കല്പിച്ചതു.
൧൬. നീ ചെന്നു ശൂശനില്‍ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടിനിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിന്‍ ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ.
൧൭. അങ്ങനെ മൊര്‍ദ്ദെഖായി ചെന്നു എസ്ഥേര്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

സങ്കീർത്തനങ്ങൾ ൮൯:൪൬-൫൨
൪൬. യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
൪൭. എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
൪൮. ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
൪൯. കര്‍ത്താവേ, നിന്റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള്‍ എവിടെ?
൫൦. കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഔര്‍ക്കേണമേ; എന്റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
൫൧. യഹോവേ, നിന്റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
൫൨. യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .

സുഭാഷിതങ്ങൾ ൨൨:൭-൮
൭. ധനവാന്‍ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍ കടം കൊടുക്കുന്നവന്നു ദാസന്‍ .
൮. നീതികേടു വിതെക്കുന്നവന്‍ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

റോമർ ൩:൧-൩൧
൧. എന്നാല്‍ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം?
൨. സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ.
൩. ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.
൪. “നിന്റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍ , സകല മനുഷ്യരും ഭോഷകു പറയുന്നവര്‍ എന്നേ വരൂ.
൫. എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മാനുഷരീതിയില്‍ പറയുന്നു — ഒരുനാളുമല്ല;
൬. അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
൭. ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാല്‍ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
൮. നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
൯. ആകയാല്‍ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;
൧൦. “നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല.
൧൧. ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
൧൨. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല.
൧൩. അവരുടെ തൊണ്ട തുറന്ന ശവകൂഴിനാവുകൊണ്ടു അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ടു.
൧൪. അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
൧൫. അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു.
൧൬. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ടു.
൧൭. സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല.
൧൮. അവരുടെ ദൃഷ്ടയില്‍ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
൧൯. ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
൨൦. അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
൨൧. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
൨൨. അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
൨൩. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു,
൨൪. അവന്റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
൨൫. വിശ്വസിക്കുന്നവര്‍ക്കും അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില്‍ മുന്‍ കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ ,
൨൬. താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ തന്നേ അങ്ങനെ ചെയ്തതു.
൨൭. ആകയാല്‍ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ.
൨൮. അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിക്കുടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
൨൯. അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
൩൦. ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു.
൩൧. ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.